Sat. Oct 12th, 2024

ഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളെയും കമ്പനികളെയും പ്രത്യേകം അടയാളപ്പെടുത്താനായി യുണീക് ഇക്കണോമിക് ഒഫന്‍ഡര്‍ കോഡ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യക്തിയുടെ ആധാറുമായാണ് യുണീക് ഇക്കണോമിക് ഒഫന്‍ഡര്‍ കോഡ് ലിങ്ക് ചെയ്യുക. സ്ഥാപനങ്ങള്‍ക്കുള്ള കോഡ് പാന്‍ നമ്പറുമായും ലിങ്ക് ചെയ്യും. ധനമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയാണ് ഇത്തരത്തില്‍ കോഡുകള്‍ക്ക് ശുപാര്‍ശ ചെയ്തതത്. പാന്‍ അല്ലെങ്കില്‍ ആധാറിനെ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ കോഡിലൂടെ കമ്പനികളുടെയും വ്യക്തികളുടെയും സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും മുഴുവന്‍ വിവരങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. നിലവില്‍ ഗുരുതര സാമ്പത്തിക അഴിമതിക്കേസുകളില്‍ നടപടികള്‍ നേരിടുന്നവര്‍ക്കെല്ലാം കോഡ് നല്‍കും. വിവിധ കേസുകളെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങള്‍ നാഷണല്‍ ഇക്കണോമിക് ഒഫന്‍സ് റെക്കോഡ്സ് ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കും. 40 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സഹായത്തോടെ പദ്ധതി ഏകോപിപ്പിക്കാനും പൂര്‍ത്തിയാക്കാനുമുള്ള ചുമതല സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്കാണ് നല്‍കിയിരിക്കുന്നത്. അഞ്ച് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്ര, സംസ്ഥാന ഏജന്‍സികളില്‍ നിന്നുള്ള എല്ലാ വിവരങ്ങളും ദേശീയശേഖരത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം