ഡല്‍ഹി: 2016 മുതല്‍ അദാനി കമ്പനികള്‍ക്കെതിരെ യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). സുപ്രീം കോടതിയില്‍ നല്‍കിയ മറുപടിയിലാണ് സെബി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയ പരിധി ആറ് മാസം കൂടി നീട്ടി നല്‍കണമെന്ന അപേക്ഷ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉടന്‍ പരിഗണിക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സെബി ആവര്‍ത്തിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബി ആവശ്യപ്പെട്ട പ്രകാരം ആറ് മാസത്തെ സമയം നീട്ടിനല്‍കാന്‍ കഴിയില്ലെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി പറഞ്ഞിരുന്നു. അദാനി ഗ്രൂപ്പിന്റെ വീഴ്ചകളെക്കുറിച്ച് ഏതെങ്കിലും തെറ്റായതോ അനേഷണം പൂര്‍ത്തിയാക്കാതെയോ നല്‍കുന്ന റിപ്പോര്‍ട്ട് നിയമപരമായി അംഗീകരിക്കാന്‍ കഴിയാത്തതും നീതിക്കു നിരക്കാത്തതുമായിരിക്കുമെന്നും സെബി കോടതിയെ അറിയിച്ചു. അദാനി ഗ്രൂപ്പ് ഷെയറുകള്‍ സംബന്ധിച്ച് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വിവരങ്ങള്‍ ലഭിക്കാനായി 11 വിദേശ രാജ്യങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് റെഗുലേറ്റര്‍ പറഞ്ഞു. കൂടുതല്‍ സമയം ലഭിച്ചാലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളുവെന്നും സെബി വ്യക്തമാക്കി.