ജയ്പൂര്‍: കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന്റെ അഞ്ചുദിവസം നീണ്ട ‘ജന്‍ സംഘര്‍ഷ് യാത്ര’ അവസാനിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അന്ത്യശാസനം നല്‍കി കൊണ്ട് സച്ചിന്‍ പൈലറ്റ് നടത്തിയ യാത്രയാണ് ജന്‍ സംഘര്‍ഷ് യാത്ര. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിലെ അഴിമതിക്കെതിരെ നടപടിയെടുക്കുന്നതില്‍ ഗെലോട്ട് സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍, സംസ്ഥാനത്ത് സ്വന്തം പാര്‍ട്ടി സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നായിരുന്നു ഭീഷണി. കൂടാതെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് 15 ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കണം. പരീക്ഷയെഴുതിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പേപ്പര്‍ ചോര്‍ച്ചയുടെ ഉറവിടം എന്ന് വിശേഷിപ്പിച്ച രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ പിരിച്ചുവിടണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി വിഷയങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ദീര്‍ഘനാളായി മുഖ്യമന്ത്രിക്ക് കത്തുകളെഴുതിയിട്ടും യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് സച്ചിന്റെ ആക്ഷേപം.