Wed. Jan 22nd, 2025

കുക്കി സമുദായത്തിന്റെ സംരക്ഷണത്തിനായി മണിപ്പൂര്‍ സംസ്ഥാനം വിഭജിക്കണമെന്ന് സമുദായാംഗങ്ങളായ 10 എംഎല്‍എമാര്‍. സംസ്ഥാനത്ത് 70 പേരുടെ കൊലപാതകത്തില്‍ കലാശിച്ച മെയ്‌തേയ് – കുക്കി കലാപത്തിന് പിന്നാലെയാണ് കുക്കി എം.എല്‍.എമാര്‍ പ്രത്യേക സംസ്ഥാനം എന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. ബിരേന്‍ സിംഗ് സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി എം.എല്‍.എമാരും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ക്രൈസ്തവ ഭൂരിപക്ഷമുള്ള ചിന്‍-കുക്കി-സോമി ഗോത്രവര്‍ഗ്ഗക്കാരെ സംരക്ഷിക്കുന്നതില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് ഇവര്‍ ആരോപിക്കുന്നു. കലാപത്തിന് ശേഷം മെയ്‌തേയികള്‍ക്കിടയില്‍ കുക്കി സമുദായക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും മരണമാണ് ഇതിനേക്കാള്‍ നല്ലതെന്നാണ് ആളുകള്‍ ചിന്തിക്കുന്നതെന്നും എംഎല്‍എമാര്‍ പ്രസ്താവനയില്‍ പറയുന്നു. ബി.ജെ.പി നേതാക്കളായ ലെറ്റ്പാവോ ഹാക്കിപ്, നെംച കിപ്ഗന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ട മന്ത്രിമാര്‍. മേയ് നാലിന് ഇംഫാലില്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജെപി എംഎല്‍എ വുന്‍സഗിന്‍ വാല്‍ട്ടെയും പ്രസ്താവനയില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം