ലൈംഗികാതിക്രമണ ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 18ാം ദിവസത്തിലേക്ക് കടന്നു. 17 ദിവസം പിന്നിട്ട രാപകൽ സമരത്തിന് പിന്തുണയുമായി പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളിൽനിന്നും കർഷക മേഖലയിൽ നിന്നുമുള്ളവരാണ് കൂടുതലായി എത്തുന്നത്. സംയുക്ത കിസാൻ മോർച്ചയും വിവിധ ഖാപ് പഞ്ചായത്തുകളും ജന്തർമന്തറിലെത്തി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിജ് ഭൂഷണ് സിങ്ങിനെ മേയ് 21നുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് സംയുക്ത കിസാൻ മോർച്ചയും ഖാപ് പഞ്ചായത്ത് പ്രതിനിധികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ആരോപണവുമായി ബന്ധപ്പെട്ട് ഏപ്രിൽ 28ന് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ഇന്നലെ ഡൽഹി പൊലീസിന് സമൻസ് അയച്ചു.