Mon. Dec 23rd, 2024

സർവീസ് തുടങ്ങി 12 ദിവസം പിന്നിടുമ്പോൾ വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം ഒരുലക്ഷം കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരം 1,06,528 പേർ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. ഹൈക്കോടതി-വൈപ്പിൻ റൂട്ടിലും കാക്കനാട്-വൈറ്റില റൂട്ടിലുമാണ് നിലവിൽ വാട്ടർ മെട്രോ സർവീസ് ഉള്ളത്. ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ എത്തുന്നതിൽ നല്ലൊരുപങ്കും കൊച്ചി മറൈൻഡ്രൈവിൽ എത്തുന്ന വിനോദസഞ്ചാരികളാണെന്ന പ്രത്യേകതയുണ്ട്. രണ്ടു റൂട്ടുകളിലായി 9000 യാത്രികർ ജലമെട്രോയിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ്‌ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന്റെ കണക്ക്‌. നിലവിലെ ശേഷിയിൽ ജലമെട്രോയ്‌ക്ക്‌ കൈകാര്യം ചെയ്യാവുന്നതിന്റെ പരമാവധിയാണിത്‌. രണ്ടുലക്ഷം രൂപയ്‌ക്കുമുകളിലാണ്‌ പ്രതിദിനവരുമാനം. തിരക്ക്‌ അനിയന്ത്രിതമാകുമ്പോൾ നിശ്ചിത ഷെഡ്യൂളിനുപുറമെ പ്രത്യേക സർവീസുകൂടി നടത്തുന്നുണ്ട്‌. ഏപ്രിൽ 25നാണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. ജലമെട്രോയ്‌ക്ക്‌ ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത്‌ കൂടുതൽ ബോട്ടുകളും ടെർമിനലുകളും വൈകാതെ പദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ്‌ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ്‌. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.