പന്ത്രണ്ട് വർഷത്തെ സസ്പെൻഷന് ശേഷം അറബ് ലീഗിലേക്ക് സിറിയയെ തിരിച്ചെടുക്കാൻ ധാരണ. ഉപാധികളോടെയാണ് സിറിയയെ ലീഗിന്റെ ഭാഗമാക്കുക. കെയ്‌റോയിൽ ചേർന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. സിറിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് പിന്നാലെ 2011 ൽ സിറിയയുടെ അംഗത്വം അറബ് ലീഗ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. സൗദി അറേബ്യ, ഈജിപ്ത് ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ സിറിയയുമായി ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. മെയ് 19ന് റിയാദിൽ വെച്ച് നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയിലേക്ക് സിറിയൻ പ്രസിഡൻ ബഷാർ അസാദിനെ ക്ഷണിച്ചേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. തെക്കുപടിഞ്ഞാറൻ ഏഷ്യയിലേയും വടക്കും വടക്കുകിഴക്കൻ ആഫ്രിക്കയിലേയും അറബ് രാജ്യങ്ങളുടെ മേഖലാ കൂട്ടായ്മയാണ് അറബ് ലീഗ്. ഈജിപ്ത്, ഇറാഖ്,ജോർദാൻ,ലെബനാൻ, സൗദി അറേബ്യ ഉൾപ്പെടെ 22 അംഗങ്ങളാണ് അറബ് ലീഗിലുള്ളത്.