Wed. Nov 6th, 2024

എഐ ക്യാമറ, കെ ഫോണ്‍ ഇടപാടുകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. തെളിവുകള്‍ പുറത്തു വന്നിട്ടും മുഖ്യമന്ത്രി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷണമെന്ന കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ഭയം ഉള്ളത് കൊണ്ടാണ്. തെളിവുകളെ ദുരാരോപണങ്ങളായി ചിത്രീകരിച്ച് പുകമറ സൃഷ്ടിക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ല.പെറ്റിയടിച്ച്  ജനത്തെ പിഴിഞ്ഞ് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍  ഇറങ്ങിയവരാണ് പിണറായി വിജയനും കൂട്ടരും. ജനത്തെ വെല്ലുവിളിച്ച് അടിമുടി അഴിമതിയില്‍ മുങ്ങിയ പദ്ധതി അതിവേഗം നടപ്പാക്കരുത്. അതിലെ  സത്യാവസ്ഥ പുറത്തുവരുന്നത് വരെ  പെറ്റി ഈടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിക്കണം. കോണ്‍ഗ്രസ് പുറത്ത് വിട്ടത് വെറും ജലരേഖകളല്ല. കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് ഉപകരാര്‍ ലഭിച്ച ലൈറ്റ് മാസ്റ്റേഴ്‌സ് ലൈറ്റിങ് ,അല്‍ഹിന്ദ് കമ്പനികളുടെ തുറന്നുപറച്ചിലുകള്‍. മഞ്ഞുമലയുടെ അറ്റംമാത്രമാണ് ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍. നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമെ സത്യങ്ങള്‍ പുറത്തുവരികയുള്ളൂവെന്നും കെ സുധാകരന്‍ പറഞ്ഞു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.