Fri. Apr 26th, 2024

എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും പരാതി കൊടുക്കേണ്ടവര്‍ക്ക് പരാതി കൊടുക്കാമെന്നും എകെ ബാലന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് മറുപടി പറയുന്നത്. അപ്പോള്‍ പറയും മുഖ്യമന്ത്രി ഇടപെട്ടുവെന്ന്. മിണ്ടാതിരുന്നാല്‍ പറയും എന്തോ ഒളിച്ചു വയ്ക്കുന്നുവെന്ന്. അന്വേഷണം നടക്കട്ടെ. ഈ അന്വേഷണത്തിനിടയില്‍ എന്താണ് മുഖ്യമന്ത്രി പറയേണ്ടത്? അദ്ദേഹത്തിന്റെ വകുപ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു കാര്യത്തില്‍ അദ്ദേഹമെങ്ങനെ ആണ് അഭിപ്രായം പറയുക. മുഖ്യമന്ത്രി അങ്ങനെ അഭിപ്രായം പറയണമെന്നാണെങ്കില്‍ അതിന് മനസ്സില്ലെന്നാണ് പറയാനുള്ളത്.

അഴിമതി ആരോപണം ഒരു സംവിധാനം വഴിയും തെളിയിക്കാനായിട്ടില്ല. നിയമപരമായി നടക്കേണ്ട കാര്യങ്ങള്‍ അങ്ങനെ നടക്കും. പരാതി കൊടുക്കേണ്ടവര്‍ക്ക് പരാതി കൊടുക്കാംമെന്ന് എ കെ ബാലന്‍ പറഞ്ഞു.

അതേസമയം, വിവാദത്തിനിടെ ഇന്ന് സിപിഎം നേതൃയോഗങ്ങള്‍ക്ക് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും രണ്ടുദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് ബന്ധമുള്ള കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്ന ആരോപണം പ്രതിപക്ഷം ഇതിനോടകം തന്നെ ഉന്നയിച്ചിട്ടുണ്ട്. പൊതു സമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെങ്കിലും ഇന്നാരംഭിക്കുന്ന യോഗത്തില്‍ നേതൃത്വത്തിന് മുന്നില്‍ പിണറായി വിജയന്‍ മറുപടി പറയുമെന്നാണ് വിലയിരുത്തല്‍.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.