Sat. Jan 18th, 2025

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. വാനിഗാം പയീന്‍ ക്രീരി മേഖലയില്‍ ആണ് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരില്‍ നിന്ന് എകെ 47 തോക്ക് ഉള്‍പ്പടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തു എന്ന് പൊലീസ് അറിയിച്ചു.

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്ഥാന്‍ സ്വദേശികളെ സൈന്യം വധിച്ചിരുന്നു. രാജസ്ഥാനിലെ ബാര്‍മറിന് അടുത്ത് അതിര്‍ത്തിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. അതിര്‍ത്തി രക്ഷാ സേനയാണ് ഇവരെ വധിച്ചത്. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരുമെന്ന് രാജസ്ഥാന്‍ പൊലീസിലെ ബാര്‍മര്‍ എഎസ്പി സത്യേന്ദ്ര പാല്‍ സിംഗ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് മൂന്ന് കിലോ ഗ്രാമോളം തൂക്കം വരുന്ന മയക്കുമരുന്നും പിടികൂടി.

കൊല്ലപ്പെട്ടവര്‍ മയക്കുമരുന്ന് കടത്തുകാരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ബാര്‍മര്‍ ജില്ലയിലെ ബാര്‍മര്‍ വാലാ സൈനിക പോസ്റ്റിനടുത്ത് വെച്ചാണ് ഇവരെ കണ്ടെത്തിയത്. മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഗദ്ദാര്‍ റോഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇന്ത്യാ – പാക് അതിര്‍ത്തി അനധികൃതമായി മയക്കുമരുന്നുമായി കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.