Wed. Jan 22nd, 2025

പെരിയാര്‍ കടുവ സങ്കേത്തിലേക്ക് മാറ്റിയ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് മൂന്ന് രീതിയിലെന്ന് വനംവകുപ്പ്. റേഡിയോ കോളറിലെ ഉപഗ്രഹ സിഗ്‌നല്‍ പരിശോധിച്ചും, വിഎച്ച്എഫ് ആന്റിന വഴിയും വനപാലകരുടെ സംഘവും ചേര്‍ന്നാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്. ഇത്രയേറെ നിരീക്ഷണം ശക്തമാക്കിയിട്ടും ഇടക്കിടെ അരിക്കൊമ്പന്‍ റേഞ്ചിന് പുറത്താകുന്നത് വനംവകുപ്പിനെ ആശങ്കയിലാഴ്ത്തുകയാണ്. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന സംഘടന വനംവകുപ്പിന് കൈമാറിയ ജിപിഎസ് കോളറാണ് അരിക്കൊമ്പന്റെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഓരോ മണിക്കൂറിലും ആന നില്‍ക്കുന്ന സ്ഥലം സംബന്ധിച്ച സിഗ്‌നല്‍ കോളറില്‍ നിന്നും പുറപ്പെടും. ആഫ്രിക്കന്‍ എലിഫന്റ് ട്രാക്കര്‍ എന്ന വെബ് പോര്‍ട്ടല്‍ വഴിയാണ് വനംവകുപ്പിന് സിഗ്‌നല്‍ സംബന്ധിച്ച വിവരം ലഭിക്കുന്നത്. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇതില്‍ പ്രവേശിച്ച് സിഗ്‌നല്‍ സംബന്ധിച്ച വിവരം ശേഖരിക്കാന്‍ കഴിയുക. ഇന്നലെ തമിഴ്‌നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ച അരിക്കൊമ്പന്‍ തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തിയിരുന്നതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം