Fri. May 17th, 2024

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ മുസ്ലിംങ്ങളെ വോട്ട് ​ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. മുസ്ലിം വോട്ടർമാരെ ബൂത്തുതല ഓഫീസർമാർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് സ്ക്രോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ ഏപ്രിൽ 26 ന് വോട്ട് ചെയ്യുന്നതിന് പോളിങ് ബൂത്തിലെത്തിയ 74 കാരിയായ ജംറുൽ നിഷയ്ക്കാണ് വോട്ട് ചെയ്യാൻ സാധിക്കാതിരുന്നത്. ജംറുൽ നിഷക്കും കുടുംബാംഗങ്ങൾക്കുമെല്ലാം വോട്ടേഴ്സ് സ്ലിപ്പ് കിട്ടിയിരുന്നു. ഇവരുടെ പേര് വോട്ടർപട്ടികയിലുമുണ്ടായിരുന്നു.

എന്നാൽ, വോട്ടർപട്ടികയിൽ ജംറുൽ എന്ന പേര് മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ഇവർ പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ജംറുൽ നിഷയുടെ പൂർണമായ പേരുണ്ടെന്നാണ് റിപ്പോർട്ട്. ​

അതേസമയം, വോട്ടർ പട്ടികയിൽ പേരില്ലാത്തതുകൊണ്ട് മഥുര മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ് സാബുവിനും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. 30 മിനിറ്റോളം തിരഞ്ഞിട്ടും ലിസ്റ്റിൽ ത​ന്റെ പേര് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മുഹമ്മദ് സാബു വെളിപ്പെടുത്തി.

മണ്ഡലത്തിലെ മറ്റൊരു വോട്ടറായ സാഹിർ അലി ത​ന്റെ കുടുംബത്തിലെ നാല് പേർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് അറിയിച്ചു.വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വോട്ടവകാശം നിഷേധിക്കുകയായിരുന്നുവെന്നാണ് സാഹിർ അലി പറഞ്ഞത്.

മഥുരയിൽ ​നടന്ന തിരഞ്ഞെടുപ്പിൽ 49.9 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിൽ ഇതുവരെ വോട്ടെടുപ്പ് നടന്ന 16 മണ്ഡലങ്ങളിൽ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് മഥുരയിലാണ്.