Fri. May 17th, 2024

ന്യൂഡല്‍ഹി: ആചാരപരമായ ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങളെ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിവാഹം ഒരു വാണിജ്യപരമായ ഇടപാടല്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കൃത്യമായ ചടങ്ങുകളില്ലാതെ നടക്കുന്ന വിവാഹങ്ങള്‍ ഹിന്ദു മാര്യേജ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

‘വിവാഹങ്ങള്‍ ആടാനും പാടാനും മാത്രമുള്ളതോ സ്ത്രീധനം ആവശ്യപ്പെടാനും കൈമാറാനുമുള്ളതോ പിന്നീട് ക്രമിനല്‍ നടപടികളുടെ ഭാഗമായ സമ്മര്‍ദ്ദങ്ങളിലേക്ക് നയിക്കാനുമുള്ളതോ ആയ ഒന്നല്ല. വിവാഹം വാണിജ്യപരമായ ഒരു ഇടപാടല്ല.’, ബെഞ്ച് നിരീക്ഷിച്ചു.

ഹിന്ദു നിയമപ്രകാരം സെക്ഷന്‍ 7 (1) ഉപവകുപ്പായ 7 (2) എന്നിവയുടെ അടിസ്ഥാനത്തില്‍ ഹിന്ദു വിവാഹം ഒരു ആഘോഷമല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഹിന്ദു വിവാഹം ബാധകമായ ആചാരങ്ങളോ സപ്തപദി പോലുള്ള ചടങ്ങുകളോ അനുസരിച്ചുള്ളതല്ലെങ്കില്‍ ആ വിവാഹം ഹിന്ദു വിവാഹമായി കണക്കാക്കില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

പൈലറ്റുമാരായ ദമ്പതിമാരുടെ വിവാഹമോചന ഹർജി പരിഗണിക്കന്നതിനിടയിലായിരുന്നു കോടതിയുടെ പരാമർശം. ഹൈന്ദവ വിവാഹ ചടങ്ങുകള്‍ നടത്താതെ വിവാഹം കഴിച്ച ഇവർ വിവാഹമോചനത്തിന് ഹർജി നൽകുകയായിരുന്നു.