Mon. Dec 23rd, 2024

ഇക്കൊല്ലത്തെ ലോക പത്രസ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യ 161-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 180 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞവര്‍ഷം 150-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഫ്രാന്‍സിലെ പാരീസ് ആസ്ഥാനമായുള്ള സ്വതന്ത്ര മാധ്യമനിരീക്ഷണക്കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സാണ് (ആര്‍എസ്എഫ്.) വര്‍ഷാവര്‍ഷം ഈ പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞവര്‍ഷം 157-ാമതായിരുന്ന പാകിസ്താന്‍ നിലമെച്ചപ്പെടുത്തി 150-ാമതെത്തി. അഫ്ഗാനിസ്താനെക്കാള്‍ 11 സ്ഥാനം പിന്നിലാണ് ഇന്ത്യ. ശ്രീലങ്ക 146-ാം സ്ഥാനത്തുനിന്ന് 135-ാമതായി. നോര്‍വേയാണ് പട്ടികയില്‍ ഒന്നാമത്. അയര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നിവയ്ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. വിയറ്റ്നാം (178), ചൈന (179), ഉത്തരകൊറിയ (180) എന്നിവയാണ് അവസാന മൂന്നുസ്ഥാനങ്ങളില്‍.

180 രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും എത്രത്തോളം പത്രസ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്ന് താരതമ്യപ്പെടുത്താനാണ് ആര്‍എസ്എഫ്. ഓരോവര്‍ഷവും സൂചികയിറക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികവും നിയമപരവും സാമൂഹികമായ ഇടപെടലുകളില്ലാതെയും ഭീഷണികള്‍കൂടാതെയും പൊതുജനതാത്പര്യാര്‍ഥം വാര്‍ത്തകള്‍ തിരഞ്ഞെടുക്കാനും പരിപാടികള്‍ നിര്‍മിക്കാനും വിതരണംചെയ്യാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നതിനെയാണ് പത്രസ്വാതന്ത്ര്യമായി ആര്‍എസ്എഫ്. കണക്കാക്കുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.