Tue. Sep 17th, 2024

പനാജി: ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയുടെ തീരദേശത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 90 ശതമാനവും ചെയ്യുന്നത് ബീഹാറില്‍ നിന്നും യുപിയില്‍ നിന്നുള്ളവരാണ് എന്നാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. പനാജിയില്‍ തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലെ പ്രസംഗത്തിലാണ് കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെയുള്ള സാവന്തിന്റെ ആരോപണം. ‘ഗോവയില്‍ കുറ്റകൃത്യം ചെയ്ത ശേഷം, കുടിയേറ്റ തൊഴിലാളികള്‍ പലപ്പോഴും അവരുടെ സംസ്ഥാനത്തേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. പിന്നീട് അവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ തൊഴിലാളികളുടെ വിശദാംശങ്ങള്‍ ട്രാക്കുചെയ്യേണ്ടത് ആവശ്യമാണ്’ -സാവന്ത് പറഞ്ഞു. സംസ്ഥാനത്ത് ജോലി ചെയ്യുന്ന എല്ലാ കുടിയേറ്റ തൊഴിലാളികളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ലേബര്‍ കാര്‍ഡ് എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ, അസംഘടിത, വ്യാവസായിക മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും ക്ഷേമ പദ്ധതികളില്‍ പങ്കാളികളാക്കുന്നതിനുമാണ് സര്‍ക്കാര്‍ ലേബര്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം