നിശ്ചിതനിലവാരമില്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്ക് തിയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക്’ നീങ്ങുന്നു. ഇങ്ങനെ അനുമതികിട്ടാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ തിയേറ്ററുകള്‍ക്ക് വാടക നല്‍കേണ്ടിവരും. ഒരുപാടുസിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്യപ്പെടുകയും ഒരെണ്ണംപോലും വിജയമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ‘ഫിയോകി’ന്റെ തീരുമാനം.
ഇത്രയുംനാളത്തെ അനുഭവസമ്പത്തുകൊണ്ട് ഏതൊക്കെ സിനിമ ഓടും, ഏതൊക്കെ ഓടില്ല എന്ന് തിയേറ്റര്‍ നടത്തുന്നവര്‍ക്കറിയാം. അതുകൊണ്ട് ഇനി ഞങ്ങളുടെ കണക്കുകൂട്ടലില്‍ ഓടുന്നതെന്ന് തോന്നുന്ന സിനിമമാത്രം പ്രദര്‍ശിപ്പിച്ചാല്‍മതിയെന്ന ആലോചനയിലാണ്. അത്രത്തോളം നഷ്ടം സഹിച്ചാണ് തിയേറ്ററുടമകള്‍ പടം ഓടിക്കുന്നതെന്ന് ഫിയോക് പ്രസിഡന്റ് എം വിജയകുമാര്‍ പറയുന്നു.
പത്തുവര്‍ഷംമുമ്പ് കേരളത്തില്‍ 1250-ല്‍ അധികം സ്‌ക്രീനുകളുണ്ടായിരുന്നു. ഇപ്പോള്‍ അതില്‍ 670 എണ്ണം മാത്രം. വായ്പാതിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തിനിടെ മൂന്നുതിയേറ്ററുകള്‍ ബാങ്ക് ജപ്തിചെയ്തു. 15-ഓളം തിയേറ്ററുകള്‍ ജപ്തിഭീഷണിയിലാണ്. 200-300 സീറ്റുകളുള്ള സാധാരണ തിയേറ്ററില്‍ നാലുമുതല്‍ ആറുവരെ തൊഴിലാളികളുണ്ട്. ഇവരുടെ ശമ്പളവും കറന്റ് ചാര്‍ജുമായി പ്രതിദിനം 7000 രൂപയോളം ചെലവുവരും. പക്ഷേ, ഇപ്പോള്‍ ഇതിന്റെ പകുതിപോലും വരുമാനം ഒരുദിവസം കിട്ടുന്നില്ല. 90 ശതമാനം ഷോകളും ആളില്ലാത്തതിനാല്‍ മുടങ്ങുകയാണ്.