Sat. Jan 18th, 2025

ലോകത്ത് ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന കായികതാരമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോബ്സ് മാഗസിന്‍ പുറത്ത് വിട്ട പുതിയ കണക്ക് പ്രകാരമാണ് അര്‍ജന്റൈന്‍ സൂപ്പര്‍തരം ലയണല്‍ മെസിയെ പിന്തള്ളി റോണോ ഒന്നാമതെത്തിയത്. സൗദി ക്ലബ്ബായ അല്‍ നസ്റിലക്കുള്ള കൂടുമാറ്റത്തിന് ശേഷമാണ് റോണോയുടെ പ്രതിഫലത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായത്. ഏതാണ്ട് 219 മില്യണ്‍ യൂറോ അഥവാ 1798 കോടി രൂപയാണ് അല്‍ നസര്‍ താരത്തിന് വാര്‍ഷിക പ്രതിഫലമായി നല്‍കുന്നത്. 2017 ന് ശേഷം ഇതാദ്യമായാണ് റോണോ ഈ പട്ടികയില്‍ മെസിയെ മറികടക്കുന്നത്.
പട്ടികയിലെ ആദ്യ മൂന്ന് പേരും ഫുട്ബോള്‍ താരങ്ങളാണ്. 104 മില്യണ്‍ യൂറോ വാര്‍ഷിക വരുമാനമുള്ള മെസി രണ്ടാമതും 96 മില്യണ്‍ വരുമാനമുള്ള കിലിയന്‍ എംബാപ്പെ മൂന്നാമതുമാണ്.

ബാസ്‌കറ്റ് ബോള്‍താരം ലെബ്രോണ്‍ ജെയിംസാണ് പട്ടികയിലെ നാലാമന്‍. എന്‍.ബി.എ ക്ലബ്ബായ ലോസ് ആഞ്ചല്‍സ് ലൈക്കേഴ്സിന്റെ താരമായ ജെയിംസിന്റെ വാര്‍ഷിക വരുമാനം 95 മില്യണ്‍ യൂറോയാണ്. മെക്സിക്കന്‍ ബോക്സറായ കനേലോ അല്‍വാരസാണ് അഞ്ചാമത്. 88 മില്യണ്‍ യൂറോയാണ് കനേലോയുടെ വാര്‍ഷിക വരുമാനം. പട്ടികയില്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഒമ്പതാമനാണ്. 76 മില്യണ്‍ യൂറോയാണ് ഫെഡററുടെ വാര്‍ഷികവരുമാനം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.