Wed. Nov 6th, 2024

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈഎസ് പി വിഎം അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്. ഡിവൈഎസ്പി വിഎം അബ്ദുള്‍ വഹാബ് ഉള്‍പ്പടെ നാലു പേരാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘത്തിലുള്ളത്. കുറച്ച് ദിവസം മുന്‍പാണ് കേസ് ഡയറി ഈ സംഘത്തിന് ലഭിച്ചത്. പ്രാഥമിക അന്വേഷണമാണ് നിലവില്‍ ആരംഭിച്ചത്. വരും ദിവസങ്ങളില്‍ വിശ്വനാഥന്റെ കുടുംബത്തെ ഉള്‍പ്പടെ കണ്ട് വിശദമായ അന്വേഷണം ആരംഭിക്കും.

ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ വിശ്വനാഥനെ ആശുപത്രിക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 11 ന് രാവിലെയാണ് ആദിവാസി യുവാവ് വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ ഇയാള്‍ ആശുപത്രിക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൊബൈലും പണവും മോഷ്ടിച്ചെന്നാരോപിച്ച് ചിലര്‍ വിശ്വനാഥനെ ചോദ്യം ചെയ്‌തെന്നും ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്‌തെന്നുമാണ് കുടുംബം ആരോപിച്ചത്.

മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശന്റെ നേതൃത്വത്തില്‍ നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തി നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. വിശ്വനാഥനോട് ചിലര്‍ സംസാരിക്കുന്നതും പിന്നീട് വിശ്വനാഥന്‍ ആശുപത്രിക്ക് മുന്നില്‍ നിന്ന് ഓടിപ്പോകുന്നതും കാണാം. ആള്‍ക്കൂട്ട വിചാരണയില്‍ വിഷമിച്ചാണ് ആത്മഹത്യചെയ്തതെന്നായിരുന്നു പൊലിസ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താന്‍ പൊലിസിനായില്ല. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് കൂടുതല്‍ ശാസ്ത്രീയ അന്വേഷണത്തിനായി കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.