Mon. Dec 23rd, 2024

തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം. അപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് ചൊവ്വന്നൂര്‍ എസ് ബി ഐ ബാങ്കിന് സമീപത്ത് നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ആംബുലന്‍സ് ഡ്രൈവര്‍ അടക്കം ആറുപേരായിരുന്നു വാനില്‍ ഉണ്ടായിരുന്നത്.

ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് വന്നിരുന്ന അല്‍ അമീന്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്.
റഹ്മത്തിന്റെ മകന്‍ ഫാരിസ്, ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. വിവരമറിഞ്ഞ് അപകട സ്ഥലത്തേയ്ക്ക് പോയ മറ്റൊരു ആംബുലന്‍സ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റഹ്മത്തിന്റെ ബന്ധുവാണ് ഫെമിന. ഇവരുടെ ഭര്‍ത്താവാണ് ആബിദ്. പരിക്കേറ്റ ഷുഹൈബിനെ തൃശൂരിലെ ആശുപത്രിയിലും മറ്റ് രണ്ട് പേരെ കുന്നംകുളത്തെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കനത്ത മഴയത്ത് ആംബുലന്‍സിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.