Wed. Jan 22nd, 2025

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വര്‍ക്കലയില്‍ 16 കാരിയായ വിദ്യാര്‍ത്ഥിനിയെ യുവാവ് റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. വര്‍ക്കല വെട്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് വിളഭാഗം സ്വദേശി കൃഷ്ണരാജ് (23) എന്ന യുവാവ് മര്‍ദിച്ചത്.

നിരന്തരമായി ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥനയുടെ പേരില്‍ ശല്യം ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം കടയ്ക്കാവൂരില്‍ ട്യൂഷന് പോയി ബസ്സില്‍ തിരികെ വീട്ടിലേക്ക് വരുമ്പോള്‍ യുവാവ് കൂടെ കയറുകയും വിദ്യാര്‍ത്ഥിനി ഇരുന്ന സീറ്റിന് തൊട്ടടുത്തു ഇരിക്കുകയും കുട്ടിയുടെ കയ്യില്‍ പിടിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു.

പ്രണയം നിഷേധിച്ച വൈരാഗ്യത്താല്‍ പെണ്‍കുട്ടി വെട്ടൂര്‍ ജംഗ്ഷനില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇയാള്‍ റോഡില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചത്. പെണ്‍കുട്ടിയുടെ തലയ്ക്കും ചെവിക്കുമാണ് അടിയേറ്റത്.

പെണ്കുട്ടി നിലവിളിക്കുകയും നാട്ടുകാര്‍ ഓടി കൂടുകയും ചെയ്തെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി വര്‍ക്കല തലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. യുവാവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോക്‌സോ വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.