Sat. Jul 27th, 2024

ന്യൂഡൽഹി: റായ്ബറേലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ കർശനമായ നടപടി വേണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ.

മാധ്യമപ്രവർത്തകർ ജോലിക്കിടെ ശാരീരിക ആക്രമണങ്ങൾക്കും ഭീഷിണികൾക്കും ഇരകളാകുന്നത് വർദ്ധിച്ചുവരുന്നത് സങ്കടകരമാണെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ഞായറാഴ്ച പറഞ്ഞു. അക്രമികൾക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും പ്രാദേശിക ഭരണകൂടത്തോടും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

ന്യൂസ് പോർട്ടലായ മോളിറ്റിക്സിൽ ജോലി ചെയ്യുന്ന രാഘവ് ത്രിവേദിയെ കഴിഞ്ഞ ദിവസം അമിത്ഷായുടെ റാലിക്കിടെ ബിജെപി പ്രവർത്തകർ ആക്രമിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

റായ്ബറേലിയിലെയും അമേഠിയിലെയും തിരഞ്ഞെടുപ്പ് വാർത്തകൾ റിപ്പോർട്ട് ചെയ്യാനാണ് രാഘവ് ത്രിവേദി ഡൽഹിയിൽ എത്തിയത്. അമിത്ഷായുടെ റാലിക്കിടെ രാഘവ് ത്രിവേദി സ്ത്രീകളെ അഭിമുഖം നടത്തിയിരുന്നു. 100 രൂപ പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തങ്ങളെ ഗ്രാമ പ്രധാൻ പരിപാടിയിലേക്ക് കൊണ്ടുവന്നതെന്ന് അവർ രാഘവ് ത്രിവേദിയോട് പറഞ്ഞു.

‘ഇതേക്കുറിച്ചറിയാൻ ഞാൻ പ്രാദേശിക ബിജെപി നേതാക്കളെ സമീപിച്ചു. എന്നാൽ ബിജെപി പ്രവർത്തകരോട് വിഷയത്തെക്കുറിച്ച് സംസാരിച്ചതോടുകൂടി അവർ എന്നെ കയ്യേറ്റം ചെയ്യുകയായിരുന്നു. ആദ്യം, അവർ എന്റെ ചോദ്യം നിഷേധിച്ചു. എന്നാൽ ഞാൻ സ്ത്രീകൾ പറഞ്ഞതിനെക്കുറിച്ച് അവരെ അറിയിച്ചപ്പോൾ, ഒരു സംഘം എന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോകുകയും ക്യാമറയുടെ റെക്കോർഡിംഗ് ഇല്ലാതാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവർ എന്നെ ആക്രമിക്കാൻ തുടങ്ങി. സഹായത്തിനായി ഞാൻ പോലീസിനോടും സമീപത്തുള്ളവരോടും അഭ്യർത്ഥിച്ചു, എന്നാൽ ആരും ഇടപെട്ടില്ല.’, രാഘവ് ത്രിവേദി പറഞ്ഞു.