Wed. Nov 6th, 2024

പെരിയാര്‍ കടുവാ സങ്കേതത്തിലെ വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍. തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. പെരിയാര്‍ കടുവാ സങ്കേതത്തിലെ വനമേഖലയില്‍ തന്നെയാണ് ഇത്. ജിപിഎസ് കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. വനംവകുപ്പ് വാച്ചര്‍മാരുടെ സംഘം അരിക്കൊമ്പനെ നിരീക്ഷിച്ച് വരികയാണ്. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തില്‍ നിന്ന് കൊമ്പന്‍ പൂര്‍ണമായും ഉണര്‍ന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി. അരിക്കൊമ്പന്‍ തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് ഇണങ്ങിത്തുടങ്ങിയെന്നാണ് വനംവകുപ്പ് പറയുന്നത്. രണ്ട് സ്ഥലത്തെയും കാലാവസ്ഥ തമ്മില്‍ വ്യത്യാസമില്ലെന്നും ആനയ്ക്ക് ഉടന്‍ തന്നെ പൂര്‍ണമായി ഇണങ്ങാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

അതേസമയം അരിക്കൊമ്പന്‍ ദൗത്യത്തിനായി ചിന്നക്കനാലില്‍ എത്തിയ നാല് കുങ്കി ആനകള്‍ ഇന്ന് മുതല്‍ മടങ്ങിയേക്കും. ആദ്യം പോകേണ്ടത് ആരെല്ലാമാണെന്ന് ഡോ അരുണ്‍ സഖറിയയും വയനാട് ആര്‍ആര്‍ടി റേഞ്ച് ഓഫീസര്‍ രൂപേഷും തീരുമാനിക്കും. രണ്ട് ലേറികളാണ് ആനകളെ കൊണ്ടു പോകുന്നതിനായി എത്തിയിരിക്കുന്നത്. അടുത്ത 15 മുതല്‍ വിക്രമിന് മദപ്പാട് തുടങ്ങുന്നതിനാല്‍ ഇന്ന് കൊണ്ടുപോകുന്നവരില്‍ വിക്രമുണ്ടാകുമെന്നാണ് വിവരം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.