Wed. Jan 22nd, 2025

 

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ കരൂരില്‍ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു. പ്രതി ജയചന്ദ്രന്റെ വീടിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. ജയചന്ദ്രനെ തെളിവെടുപ്പിന് എത്തിച്ച പൊലീസ് മൊഴികളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തിയത്.

വിജയലക്ഷ്മിയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. വലിയ ആഴത്തിലല്ല മൃതദേഹം കുഴിച്ചിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. യുവതിയെ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

കരൂര്‍ സ്വദേശിയായ ജയചന്ദ്രന്‍ വിജയലക്ഷ്മിയുടെ സുഹൃത്താണ്. വിജലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുവന്നത്.

പ്ലെയര്‍കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് മൊഴി. ഈ മാസം ആറിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയത്. നവംബര്‍ ഏഴിനാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കൊലപാതകത്തിന് ശേഷം അന്വേഷണം വഴിതെറ്റിക്കാന്‍ കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിക്കുകയായിരുന്നു.

സ്വിച്ച് ഓഫ് ആയ നിലയിലുള്ള മൊബൈല്‍ ഫോണ്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് കണ്ടക്ടറാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കൈമാറിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്.

മത്സ്യത്തൊഴിലാളിയായിരുന്ന ജയചന്ദ്രന്‍ കൊലപാതകത്തിന് ശേഷം ഹാര്‍ബറില്‍ ജോലിക്ക് പോയിരുന്നു. ശക്തികുളങ്ങര ഹാര്‍ബറില്‍ വെച്ചാണ് ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്നും മൊഴിയിലുണ്ട്.