Sat. Dec 14th, 2024

 

ചണ്ഡിഗഢ്: ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റയില്‍ വിചിത്ര സംഭവങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഉപയോക്താക്കള്‍ രംഗത്ത്. ഇതുസംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. ചണ്ഡിഗഡിലെ ഉപഭോക്താക്കളാണ് സംശയാസ്പദമായ ഇടപാടുകള്‍ സൊമാറ്റോയില്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സമീപ ദിവസങ്ങളില്‍ ചണ്ഡിഗഢിലെ ചില പ്രദേശങ്ങളില്‍ നിന്ന് പുതിയ റെസ്റ്റോറന്റുകള്‍ ആപ്പില്‍ ഇടം പിടിച്ചു. എന്നാല്‍ ഇവിടെ നിന്നുള്ള ഒരു വിഭവം മാത്രമാണ് ആപ്പിലുള്ളത്. വിചിത്രമായ പേരുകളുള്ള വിഭവങ്ങള്‍ക്ക് വന്‍വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. അടിമുടി വിചിത്രമാണ് ഹോട്ടലും മെനുവും വിലയുമെല്ലാം. ഈ റെസ്റ്റോറന്റുകള്‍ക്കോ വിഭവത്തിനോ റിവ്യൂകളോ നെഗറ്റീവ് കമന്റുകളോ ഇല്ലായെന്നും ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.

റെഡ്ഡിറ്റിലെ ഒരു യൂസറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആദ്യമായി പോസ്റ്റിട്ടത്. ഈ പോസ്റ്റിന് താഴെ നിരവധി പേര്‍ സമാനമായ റെസ്റ്ററന്റുകള്‍ പല നഗരങ്ങളിലായി സൊമാറ്റോയില്‍ കാണുന്നതായി കമന്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കുന്നതിനായാണോ ഇത് അല്ലെങ്കില്‍ ദുരൂഹമായ മറ്റെന്തോ ബിസിനസാണോ ഇത് എന്ന സംശയമാണ് പലരും ഉന്നയിച്ചത്.

വിചിത്രമായ പേരുകളും ഉയര്‍ന്ന വിലകളും ദുരൂഹമാണെന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം. നോട്ടി സ്‌ട്രോബെറി, ബ്ലൂ അഡ്വഞ്ചര്‍, സിട്രസ് പഞ്ച് തുടങ്ങിയ പേരുകളിലാണ് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കപ്പെടുന്നത്. എന്നാല്‍ എന്ത് വിഭവമാണ് വില്‍ക്കുന്നതെന്ന് പേരുകളില്‍ നിന്ന് വ്യക്തമാകുന്നില്ലെന്നും ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.

വില്‍ക്കുന്ന വിഭവത്തെക്കുറിച്ച് അറിയാന്‍ ഓര്‍ഡര്‍ നല്‍കിയെങ്കിലും ഡെലിവറി ലഭിച്ചില്ലെന്നും ഉപയോക്താവ് പറഞ്ഞു. ‘അതിലൊരു വിഭവം ഓര്‍ഡര്‍ ചെയ്തു. പക്ഷേ കുറച്ച് സമയത്തിന് ശേഷം അത് കാന്‍സലായി. പിന്നീട് നോക്കുമ്പോള്‍ റെസ്റ്റോറന്റ് അടച്ചതായാണ് കാണിക്കുന്നത്’, ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.

സംഭവം വൈറലായതിന് പിന്നാലെ പലതരത്തിലുള്ള ഗൂഡാലോചന സിദ്ധാന്തങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. പലരും ഇത്തരം ഔട്ട്ലെറ്റുകളെ മയക്കുമരുന്ന് വിതരണത്തിനോ കള്ളപ്പണം വെളുപ്പിക്കലിനോ ഉള്ള വേദിയാക്കുന്നുവെന്നാണ് ചിലരുടെ കണ്ടെത്തലുകള്‍.

ഇതിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യമുയര്‍ത്തി. സംശയാസ്പദമായ ഔട്ട്ലെറ്റുകളെ കുറിച്ച് അന്വേഷിക്കാന്‍ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലിനെയും ചണ്ഡീഗഡ് പൊലീസിനെയും ടാഗ് ചെയ്ത് നിരവധി ഉപയോക്താക്കള്‍ എക്സില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചു.