Sat. Dec 14th, 2024

 

കൊച്ചി: സ്ത്രീകളെ ഭര്‍തൃവീടുകളില്‍ നിന്നും ബോഡി ഷെയിമിങ് ചെയ്യുന്നത് ഗാര്‍ഹിക പീഡന നിയമപ്രകാരം കുറ്റമാണെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഭര്‍തൃവീടുകളില്‍ സ്ത്രീകള്‍ നേരിടുന്ന ശാരീരികമായ അവഹേശളനങ്ങള്‍ കുറ്റകരമാണെന്ന് പ്രസ്താവിച്ചത്.

ഭര്‍തൃവീട്ടില്‍ വെച്ച് ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യ യുവതിയെ ബോഡി ഷെയിം ചെയ്തതോടെ യുവതി ഗാര്‍ഹിക പീഡനത്തിനിരയായെന്ന പരാതിയില്‍ കണ്ണൂര്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവ്.

യുവതിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനക്കേസ് നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തുകയും കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ നടപടികള്‍ തുടരാമെന്നും വ്യക്തമാക്കി.

യുവതിയുടെ ഭര്‍ത്താവ്, പിതാവ്, ജ്യേഷ്ഠന്റെ ഭാര്യ എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 498 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ ശരീരത്തെ കളിയാക്കുകയും വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
അതേസമയം, തനിക്കെതിരായ പരാതിക്കാരിയുടെ ഹരജി റദ്ദാക്കണമെന്നാവശ്യപ്പെട്ട ജ്യേഷ്ഠ സഹോദരന്റെ ഭാര്യ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

തനിക്ക് പരാതിക്കാരിയുമായി രക്തബന്ധമില്ലാത്തതിനാല്‍, ഗാര്‍ഹിക പീഡന നിയമത്തില്‍ പറയുന്ന ബന്ധു എന്ന നിര്‍വചനത്തില്‍ വരില്ലെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. ബോഡി ഷെയിമിങ് സ്ത്രീകളോടുള്ള ക്രൂരതയായി കാണാനാകില്ലെന്നും വാദിക്കുകയുണ്ടായി. എന്നാല്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ ഭര്‍തൃവിട്ടിലെ താമസക്കാരെല്ലാം ബന്ധുവിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരിയെ ബോഡി ഷെയിം ചെയ്യുകയും യോഗ്യത ചോദ്യം ചെയ്യുന്നതിലൂടെയും യുവതിയെ മാനസികവും ശാരീരികവുമായും ബാധിക്കുമെന്നും ഇത്തരം പ്രവൃത്തികള്‍ ഗാര്‍ഹിക പീഡനത്തിന് തുല്യമാണെന്നും കോടതി വ്യക്തമാക്കി.

2019ല്‍ വിവാഹിതയായി ഭര്‍തൃവീട്ടില്‍ എത്തിയപ്പോഴാണ് യുവതിക്ക് ശാരീരിക അവഹേളനം നേരിടേണ്ടിവന്നത്. അനുജന് സുന്ദരിയായ മറ്റൊരാളെ കിട്ടുമായിരുന്നുവെന്നായിരുന്നു ജ്യേഷ്ഠ സഹോദരന്റെ ഭാര്യയുടെ ആക്ഷേപം.

യുവതിയുടെ എംബിബിഎസ് സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും പരിശോധിക്കുകയും ചെയ്യുകയുണ്ടായി. പരിഹാസം കൂടിയതോടെ 2022ല്‍ യുവതി താമസം മാറുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.