Sat. Dec 14th, 2024

 

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. നേതാക്കളുടെ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കിയെന്നും പാര്‍ട്ടി താല്‍പര്യം രണ്ടാമതായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഘെയുടെ വസതിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു രാഹുലിന്റെ വിമര്‍ശനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്ന നേതാക്കളായ അശോക് ഗെഹ്ലോട്ടും അജയ് മാക്കനും കെസി വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തു.

ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ ഭൂപീന്ദര്‍ ഹൂഡ, കുമാരി സെല്‍ജ, രണ്‍ദീപ് സുര്‍ജേവാല, അജയ് യാദവ്, ഉദയ്ഭാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇവരുമായി കേന്ദ്ര നേതൃത്വം ഉടന്‍ ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

യോഗത്തില്‍ ഇവിഎമ്മുമായി ബന്ധപ്പെട്ട് പരാതികള്‍ ചര്‍ച്ചയായെന്നും ഈ പരാതികളുമായി എങ്ങനെയാണ് മുന്നോട്ട് പോകേണ്ടത് എന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടായി. തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളുടെ തുടക്കത്തില്‍ തന്നെ ഹരിയാന കോണ്‍ഗ്രസ് നേതൃത്വവുമായി രാഹുല്‍ ഗാന്ധിക്ക് വിമര്‍ശനങ്ങളുണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രകടന പത്രികയിലെ ഉറപ്പുകള്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായങ്ങള്‍ക്ക് വിലനല്‍കിയിരുന്നില്ലെന്നും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ താല്‍പര്യത്തിനാണ് ഉറപ്പുകള്‍ പ്രഖ്യാപിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രചാരണ രീതിയെ കുറിച്ചും രാഹുലിന് വിമര്‍ശനമുണ്ടായിരുന്നു.

എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഭൂപിന്ദര്‍ ഹൂഡ, കുമാരി സെല്‍ജ, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയവര്‍ ഉന്നയിച്ചിട്ടുള്ള പരാതികള്‍ കേന്ദ്ര നേതൃത്വം പരിശോധിക്കുമെന്നും ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

അതേസമയം, ഹരിയാനയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനായി സമിതി ഉണ്ടാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചെന്നും കാര്യങ്ങള്‍ മനസിലാക്കി മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്. ഭൂരിഭാഗം എക്സിറ്റ്പോള്‍ ഫലങ്ങളും കോണ്‍ഗ്രസിന് ഭരണം പ്രഖ്യാപിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് പരാജയപ്പെടുകയാണുണ്ടായത്. ബിജെപി മൂന്നാം തവണയും ഹരിയാനയില്‍ അധികാരത്തിലെത്തുകയും ചെയ്തു.