തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. കഴക്കൂട്ടം പൊലീസിലാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്വദേശി ദീപുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതി ഫ്‌ളാറ്റില്‍ കയറി നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച് ബലാത്സംഗം ചെയ്താതായാണ് പെണ്‍കുട്ടിയുടെ മൊഴി. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. തിരുവനന്തപുരത്ത് സ്വകാര്യ ഫ്‌ളാറ്റില്‍ സുഹൃത്തിനോടൊപ്പം താമസിക്കുകയായിരുന്നു വിദ്യര്‍ത്ഥിനി.
പെണ്‍കുട്ടിയുടെ മറ്റൊരു സുഹൃത്തിന്റെ പരിചയത്തിലുള്ള ദീപു ഇയാളെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പുലര്‍ച്ചെ ഒന്നരയോടെ ഇവരുടെ ഫ്‌ളാറ്റില്‍ എത്തുകയായിരുന്നു. പിന്നാലെ ഫ്‌ളാറ്റില്‍ കയറുകയും മദ്യം കുടിപ്പിച്ച് ബലാത്സംഗത്തിനിരായക്കുകയുമായിരുന്നു. കൂടാതെ പീഡനദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രതി ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിലുണ്ട്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത് പ്രതി തിരുവനന്തപുരത്ത് തന്നെ പ്രീമിയം കാറുകളുടെ ബിസിനസ് നടത്തുന്ന ആളാണെന്നാണ്. ഇയാള്‍ സെയില്‍സ്മാനാണെന്ന് അറിയാമെങ്കിലും ഇയാളെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും അറിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. കേസെടുത്ത പൊലീസ് ദീപുവിനെ അന്വേഷിച്ചെങ്കിലും ഇയാള്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.