Mon. Dec 2nd, 2024

ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,337 സ്ഥാനാര്‍ത്ഥികളില്‍ 797 പേര്‍ മാത്രമായിരുന്നു വനിതകള്‍. ഇതില്‍ ലോക്‌സഭയിലേക്ക് എത്തിയതാവട്ടെ 74 പേരും. ദേശീയ പാര്‍ട്ടികള്‍ മത്സരിപ്പിച്ച സ്ത്രീകളെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍, അതായത് 276 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ചെങ്കിലും ഒരാള്‍ക്കുപോലും ജയം നേടാനായില്ല

 

 

ലേ ാക്‌സഭയിലും നിയമസഭകളിലും 33% സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്നതിനുള്ള ഭരണഘടന ബില്‍ 2023 സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ പാസാക്കിയശേഷം വന്ന ആദ്യ പൊതു തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്നതാണ് ബില്ല്. ബില്ല് പ്രകാരം 543 ലോക്‌സഭാ സീറ്റുകളില്‍ 179 സീറ്റുകളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്നത്. 2029 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതലാണ് സംവരണം നടപ്പില്‍ വരുന്നതെങ്കിലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ത്രീ പ്രാതിനിധ്യം എത്രത്തോളമാണെന്ന് പരിശോധിക്കാം.

1952 ല്‍ രാജ്യത്തെ ആദ്യ ലോക്സഭയില്‍ 22 വനിതാ എംപിമാരാണുണ്ടായിരുന്നത്. 72 വര്‍ഷവും 18 ലോക്‌സഭ തെരഞ്ഞെടുപ്പും കഴിഞ്ഞ് പാര്‍ലമെന്റിലേയ്ക്ക് എത്തിയ വനിതാ എംപിമാരുടെ എണ്ണത്തില്‍ ഇതുവരെ ഉണ്ടായത് മൂന്നിരട്ടിയുടെ വര്‍ധനവ് മാത്രമാണ്. 1951-ല്‍ 5% ആയിരുന്ന വനിതാ എംപിമാര്‍ ഇന്ന് 13.63% ആണ്.

ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,337 സ്ഥാനാര്‍ത്ഥികളില്‍ 797 പേര്‍ മാത്രമായിരുന്നു വനിതകള്‍. ഇതില്‍ ലോക്‌സഭയിലേക്ക് എത്തിയതാവട്ടെ 74 പേരും. ദേശീയ പാര്‍ട്ടികള്‍ മത്സരിപ്പിച്ച സ്ത്രീകളെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍, അതായത് 276 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ചെങ്കിലും ഒരാള്‍ക്കുപോലും ജയം നേടാനായില്ല. 2019 ല്‍ 78 വനിതകളാണ് പാര്‍ലമെന്റില്‍ എത്തിയത്. 2019ല്‍ 720 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. ഈ സംഖ്യയില്‍ നിന്നും ഇത്തവണ 10 ശതമാനത്തോളം വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നതാണ് നേരിയ ആശ്വാസം.

മമത ബാനർജി Screengrab, Copyright: PTI

2024 ല്‍ ബിജെപി 69 വനിതാ സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് 41 സ്ഥാനാര്‍ത്ഥികളെയുമാണ് മത്സരത്തിനിറക്കിയത്. 31 (12.92%) ബിജെപി സ്ഥാനാര്‍ത്ഥികളും 13 (13.13%) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആകെയുള്ള 42 സ്ഥാനാര്‍ത്ഥികളില്‍ 12 ഉം സ്ത്രീകള്‍ ആയിരുന്നു. അതില്‍ 11 (37.93%) പേരും വിജയിച്ചു. എസ്പി (5), ഡിഎംകെ (3), ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍ജെപിആര്‍വി, ജെഡിയു എന്നീ പാര്‍ട്ടികള്‍ രണ്ട് വീതം വനിതാ എംപിമാരെ ലോക്‌സഭയിലേയ്ക്ക് അയച്ചു. ഏഴ് പാര്‍ട്ടികള്‍ക്ക് ഒരു വനിതാ എംപി വീതമുണ്ട്.

നാം തമിഴര്‍ പാര്‍ട്ടി 50 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളുമായി തുല്യ ലിംഗ പ്രാതിനിധ്യം നേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 40 സ്ഥാനാര്‍ത്ഥികളില്‍ 20 പേര്‍ സ്ത്രീകളായിരുന്നു. 40 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന ലോക് ജനശക്തി പാര്‍ട്ടിയും (രാം വിലാസ്) നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും സ്ത്രീ പ്രാതിനിധ്യമുള്ള മറ്റ് പാര്‍ട്ടികളില്‍ ഉള്‍പ്പെടുന്നു. ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), ബിജു ജനതാദള്‍ (ബിജെഡി) എന്നിവയ്ക്ക് 33 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നപ്പോള്‍ രാഷ്ട്രീയ ജനതാദളിന് (ആര്‍ജെഡി) 29 ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. സമാജ്വാദി പാര്‍ട്ടി 20 ശതമാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) 13 ശതമാനവും ബഹുജന്‍ സമാജ് പാര്‍ട്ടി എട്ട് ശതമാനവും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കി.

ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്നീ പാര്‍ട്ടികള്‍ക്ക് യഥാക്രമം 14 ശതമാനവും 7 ശതമാനവും സ്ത്രീ പ്രാതിനിധ്യമുണ്ട്. ജനതാദള്‍ (യുണൈറ്റഡ്) (ജെഡി(യു)), ശിവസേന എന്നിവര്‍ക്ക് 13 ശതമാനം വീതം വനിതാ സ്ഥാനാര്‍ത്ഥികളാണുണ്ടായിരുന്നത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് 33 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. പ്രമുഖ പാര്‍ട്ടികളില്‍, ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കുമാണ് ഏറ്റവും കുറഞ്ഞ സ്ത്രീ പ്രാതിനിധ്യമുണ്ടായിരുന്നത്. ഇരു പാര്‍ട്ടികളിലും ആകെ സ്ഥാനാര്‍ത്ഥികളില്‍ മൂന്നു ശതമാനം മാത്രമായിരുന്നു സ്ത്രീകള്‍.

അപ്നാ ദളിന്റെ (സോനേലാല്‍) രണ്ട് സ്ഥാനാര്‍ത്ഥികളും സ്ത്രീകളായിരുന്നു. ടിഡിപിക്കും ബിആര്‍എസിനും ആറു ശതമാനം വീതം വനിതാ സ്ഥാനാര്‍ത്ഥികളും ശിരോമണി അകാലിദളും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-ശരദ്ചന്ദ്ര പവാറിന് എട്ട് ശതമാനവും ശിവസേന (യുബിടി)യ്ക്ക് 10 ശതമാനവും സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയവര്‍ Screengrab, Copyright: NDTV

ത്രിപുരയും കേന്ദ്ര ഭരണപ്രദേശമായ ദാദ്ര നഗര്‍ ഹവേലിയും ദാമന്‍ ദിയുവും 50 ശതമാനം വീതം സീറ്റുകള്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് നല്‍കി. മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഏഴു വീതം വനിതകള്‍ ലോക്സഭയില്‍ എത്തി. അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ്, സിക്കിം, ഗോവ, എന്നീ സംസ്ഥാനങ്ങളിലും ലഡാക്ക്, ലക്ഷദ്വീപ്, പുതുച്ചേരി, ജമ്മു കശ്മീര്‍ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒരു വനിതാ സ്ഥാനാര്‍ത്ഥി പോലും മത്സരത്തിന് ഇല്ലായിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട 74 വനിതാ എംപിമാരില്‍ 43 പേര്‍ ആദ്യമായാണ് എംപിമാരാവുന്നത്. ലോക്‌സഭയിലെ ആകെ 59% പേരാണ് പുതുമുഖ എംപിമാരായുള്ളത്. ഇതില്‍ 52% സ്ത്രീകളാണ്. വനിതാ എംപിമാരില്‍ 78% പേര്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവരാണ്. വനിതാ എംപിമാരില്‍ 16 ശതമാനവും 40 വയസ്സിന് താഴെയുള്ളവരാണ്.

വര്‍ഷങ്ങളായി ലോക്‌സഭയിലെ സ്ത്രീകളുടെ എണ്ണത്തില്‍ സാവധാനത്തിലുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യ ഇപ്പോഴും പല രാജ്യങ്ങളെ അപേക്ഷിച്ച് സ്ത്രീ പ്രാതിനിധ്യത്തില്‍ പിന്നിലാണ്. ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയിലെ 46 ശതമാനം എംപിമാരും യുകെയില്‍ 35 ശതമാനവും യുഎസില്‍ 29 ശതമാനവും സ്ത്രീകളാണ്.

2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 556 വനിതാ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. ആകെയുള്ള 7,810 സ്ഥാനാര്‍ത്ഥികളില്‍ 7 ശതമാനം. ഈ സംഖ്യ 2014-ല്‍ 640 ആയും (8,205ല്‍ 8 ശതമാനം) 2019-ല്‍ 716 ആയും (7,928ല്‍ 9 ശതമാനം) വര്‍ദ്ധിച്ചു.

പൊതുവില്‍ പുരോഗമന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഇത്തവണത്തെ ലോക്‌സഭയിലെ സ്ത്രീ പ്രാതിനിധ്യം വട്ടപ്പൂജ്യമാണ്. കേരളത്തിലെ 2,54,08,711 വോട്ടര്‍മാരില്‍ 1,31,11,189 ഉം സ്ത്രീകളായിരിക്കെ ഇത്തവണ ഒമ്പത് സ്ത്രീകള്‍ക്ക് മാത്രമാണ് ദേശീയ പാര്‍ട്ടികള്‍ മത്സരിക്കാന്‍ സീറ്റ് കൊടുത്തത്. എല്‍ഡിഎഫില്‍ മൂന്നും കോണ്‍ഗ്രസില്‍ നിന്നും ഒരാളും എന്‍ഡിഎയില്‍ നിന്നും അഞ്ചു പേരുമാണ് മത്സരിക്കാന്‍ ഉണ്ടായിരുന്നത്.

കെകെ ശൈലജ-വടകര (സിപിഎം), കെജെ ഷൈന്‍-എറണാകുളം (സിപിഎം), ആനിരാജ-വയനാട് (സിപിഐ), രമ്യ ഹരിദാസ്-ആലത്തൂര്‍ (കോണ്‍ഗ്രസ്), എന്‍ഡിഎയില്‍ എംഎല്‍ അശ്വിനി-കാസര്‍ഗോഡ്, നിവേദിത സുബ്രഹ്‌മണ്യന്‍-പൊന്നാനി, ടിഎന്‍ സരസു-ആലത്തൂര്‍, ശോഭ സുരേന്ദ്രന്‍-ആലപ്പുഴ (ബിജെപി), സംഗീത വിശ്വനാഥന്‍-ഇടുക്കി (ബിഡിജെഎസ്) എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍.

1951 ല്‍ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ആനി മസ്‌ക്രീന്‍ ആണ് കേരളത്തിലെ ആദ്യ വനിതാ എംപി. പിന്നീട് കേരളത്തില്‍ നിന്നൊരു സ്ത്രീക്ക് ലോക്‌സഭയിലേക്കെത്താന്‍ 16 വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു. ശേഷം 1967 ലാണ് അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്നും സിപിഎമ്മിലെ സുശീലാ ഗോപാലന്‍ ജയിച്ച് ലോക്‌സഭയില്‍ എത്തുന്നത്.

കെ കെ ശൈലജ Screengrab, Copyright: The Hindu

1971 ല്‍ അടൂര്‍ മണ്ഡലത്തില്‍ നിന്നും സിപിഐയുടെ ഭാര്‍ഗവി തങ്കപ്പന്‍ ലോക്‌സഭയിലെത്തി. 1980 ല്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്നും സുശീലാ ഗോപാലന്‍ വീണ്ടും ലോക്‌സഭയിലേക്ക് പോയി. പിന്നീട് ഒമ്പത് വര്‍ഷം കഴിഞ്ഞ് 1989 ലാണ് സ്ത്രീ പ്രാതിനിധ്യം ലോക്‌സഭയില്‍ എത്തുന്നത്. ആ വര്‍ഷം കോണ്‍ഗ്രസിന്റെ സാവിത്രി ലക്ഷ്മണന്‍ മുകുന്ദപുരത്ത് നിന്നും വിജയിച്ച് ലോക്‌സഭയില്‍ എത്തി.

1991 ല്‍ കേരളത്തില്‍ പത്ത് സ്ത്രീകള്‍ ലോക്‌സഭയിലേക്ക് മത്സരിക്കുകയും രണ്ട് പേര്‍ ജയിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ സാവിത്രി ലക്ഷ്മണനും സിപിഎമ്മിലെ സുശീലാ ഗോപാലനുമാണ് അന്ന് ലോക്സഭയിലേക്ക് പോയത്. പിന്നീട് 1998 ലാണ് ഒരു സ്ത്രീ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വടകര മണ്ഡലത്തില്‍ നിന്നും സിപിഎമ്മിലെ എകെ പ്രേമജമായിരുന്നു കേരളത്തിന്റെ വനിതാ പ്രാതിനിധ്യം. 1999ല്‍ പ്രേമജം വടകരയില്‍ നിന്നും വീണ്ടും ലോകസഭയിലേക്ക് പോയി.

2004ല്‍ രണ്ട് വനിതാ പ്രതിനിധികളെ കേരളത്തിന് ലോക്‌സഭയിലെത്തിക്കാന്‍ സാധിച്ചു. രണ്ടുപേരും സിപിഎം പ്രതിനിധികള്‍. വടകരയില്‍ നിന്നും പി സതീദേവിയും മാവേലിക്കര നിന്നും സിഎസ് സുജാതയുമാണ് ജയിച്ചത്. 2009 ല്‍ സ്ത്രീകളാരും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല. പിന്നീട് 2014 ല്‍ കണ്ണൂരില്‍ നിന്നും സിപിഎമ്മിന്റെ പികെ ശ്രീമതിയാണ് ലോക്‌സഭയിലേക്ക് പോയ കേരളത്തില്‍ നിന്നുള്ള വനിത. 2019 ലും കേരളത്തില്‍ നിന്നും ഒരു വനിതയേ ഉണ്ടായിരുന്നുള്ളൂ ലോക്സഭാംഗമായി. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച കോണ്‍ഗ്രസിലെ രമ്യാ ഹരിദാസായിരുന്നു അത്.

FAQs

എന്താണ് വനിതാ സംവരണ ബില്‍?

നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണ ബില്‍. അതുവഴി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും. ബില്‍ പ്രകാരം പട്ടിക ജാതി-വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ക്കായി മാറ്റിവെക്കണം.

എന്താണ് ലോക്‌സഭ?

ഇന്ത്യൻ പാർലമെന്റിന്റെ അധോ മണ്ഡലമാണ് ലോക്‌സഭ. രാജ്യത്തെ ലോക്‌സഭാ നിയോജക മണ്ഡലങ്ങളിൽ നിന്നു നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഇതിലെ അംഗങ്ങൾ. ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേയും ലോകസഭാ സീറ്റുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു വർഷമാണ് കാലാവധി.

ആരാണ് മമത ബാനർജി?

2011 മെയ് 20 മുതൽ ബംഗാൾ മുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവാണ് മമത ബാനർജി. തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാപക നേതാവായ മമത ഏഴു തവണ ലോക്സഭാംഗം, രണ്ടു തവണ കേന്ദ്ര റെയിൽവേ മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിന്‍റെ പ്രധാന നേതാവായാണ് മമത അറിയപ്പെടുന്നത്.

Quotes

“വെടിയുണ്ടയേക്കാള്‍ ശക്തമാണ് ബാലറ്റ്- അബ്രഹാം ലിങ്കണ്‍.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.