മണിപ്പൂര്‍ കലാപം രൂക്ഷമായിരിക്കെ, ആഭ്യന്തര വകുപ്പും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുറ്റകരമായ മൗനം തുടരുമ്പോഴാണ് 2023 ജൂലൈ മാസത്തില്‍ രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ എത്തുന്നത്. കലാപം പൊട്ടിപ്പുറപ്പെട്ട കുക്കി മേഖലയായ ചുരാചന്ദ്പൂരിലേയ്ക്കുള്ള രാഹുലിന്റെ യാത്ര പൊലീസ് തടഞ്ഞെങ്കിലും അദ്ദേഹം പിന്‍മാറിയില്ല. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മനുഷ്യര്‍ക്ക് ആശ്വാസം പകര്‍ന്നു. ഇംഫാലില്‍ മയ്‌തേയി സ്ത്രീകള്‍ ആരവങ്ങളോടെയാണ് രാഹുലിനെ വരവേറ്റത്. സമാധാന ആഹ്വാനം നടത്തി രാഹുല്‍ ഗാന്ധി അവിടെ നിന്നും മടങ്ങി.മണിപ്പൂര്‍ സംസ്ഥാനത്തിന്റെ ഭരണം ബിജെപി പിടിച്ചത് കുക്കികളുടെയും നാഗകളുടെയും സഹായത്തോടെ ആയിരുന്നു. എന്നാല്‍ കലാപത്തിലെ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ പങ്ക് കുക്കികളില്‍ ബിജെപിയോടുള്ള വെറുപ്പിന് കാരണമായി.
മാസങ്ങള്‍ക്ക് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങിയതും മണിപ്പൂരില്‍ നിന്നാണ്. ”മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് മോദിക്ക് അറിയില്ല. മണിപ്പൂരിലേക്ക് മോദി വരുന്നില്ല. മോദി മണിപ്പൂരിലെ ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയോ, കണ്ണീര്‍ തുടക്കുകയോ ചെയ്തില്ല. മണിപ്പൂരിലെ വേദന ഞാന്‍ മനസിലാക്കുന്നു. മണിപ്പൂരിന്റെ നഷ്ടവും സങ്കടവും ഞങ്ങള്‍ മനസിലാക്കുന്നു. മണിപ്പൂര്‍ അറിയപ്പെട്ടിരുന്ന സമാധാനവും ഐക്യവും ഞങ്ങള്‍ തിരികെ കൊണ്ടുവരും”, അന്ന് മണിപ്പൂരിലെ ജനങ്ങളെ സാക്ഷിനിര്‍ത്തി രാഹുല്‍ പറഞ്ഞത് ഇങ്ങനെയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ മണിപ്പൂരിലെ രണ്ട് സീറ്റുകളും കോണ്‍ഗ്രസ് പിടിച്ചെടുത്തു. കലാപത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ബിജെപിയോട് അടുത്ത് നിന്നിരുന്ന മയ്‌തേയികളില്‍ വരെ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. മണിപ്പൂര്‍ സംസ്ഥാനത്തിന്റെ ഭരണം ബിജെപി പിടിച്ചത് കുക്കികളുടെയും നാഗകളുടെയും സഹായത്തോടെ ആയിരുന്നു. എന്നാല്‍ കലാപത്തിലെ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ പങ്ക് കുക്കികളില്‍ ബിജെപിയോടുള്ള വെറുപ്പിന് കാരണമായി. ഇതിന്റെയൊക്കെ അനന്തരഫലമാണ് കോണ്‍ഗ്രസിന്റെ ഈ വിജയം.
ആകെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളുള്ള മണിപ്പൂരില്‍ രണ്ടു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടം ഏപ്രില്‍ 19 നും രണ്ടാം ഘട്ടം ഏപ്രില്‍ 26 നും. 2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 937,464 വോട്ടര്‍മാരുള്ള മണിപ്പൂരിലെ ഇന്നര്‍ (മയ്‌തേയി ഭൂരിപക്ഷ മേഖല) ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയുടെ ഡോ.രാജ്കുമാര്‍ രഞ്ജന്‍ സിംഗാണ് വിജയിച്ചത്. ഒയിനം നബകിഷോര്‍ സിങ്ങായിരുന്നു ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. രണ്ടാമത്തെ മണ്ഡലമായ ഔട്ടര്‍ മണിപ്പൂര്‍ (കുക്കി, നാഗ ഭൂരിപക്ഷ മേഖല) പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ ലോര്‍ഹോ എസ് പ്‌ഫോസെ ആണ് അന്ന് വിജയിച്ചത്.
മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഔട്ടര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ രണ്ട് ദിവസമായാണ് വോട്ടെടുപ്പ് നടന്നത്. 28 നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഔട്ടര്‍ മണിപ്പൂര്‍. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂര്‍, കാങ്പോക്പി, കാക്ചിംഗ് എന്നിവിടങ്ങളിലും മുസ്ലിം ആധിപത്യമുള്ള വാബ്ഗായിയും ഉള്‍പ്പെടെ 15 നിയമസഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ 19 ന് പോളിംഗ് നടന്നു. ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് 11 ബൂത്തുകളില്‍ ഏപ്രില്‍ 22ന് റീപോളിങ് നടന്നു.
ആദ്യഘട്ട വോട്ടെടുപ്പിനിടെ നാലിടത്ത് വോട്ടു യന്ത്രങ്ങള്‍ അക്രമികള്‍ തകര്‍ത്തു. ഒരു ബൂത്തില്‍ അജ്ഞാതര്‍ വോട്ടുയന്ത്രം അഗ്‌നിക്കിരയാക്കുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസിന് വെടിവെക്കേണ്ടി വന്നു. ബിഷ്ണുപുര്‍ ജില്ലയില്‍ ആയുധധാരികള്‍ പോളിങ് ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമം നടത്തി. വോട്ടര്‍മാരെ പോളിങ്ങില്‍ നിന്ന് പിന്തിരിപ്പിക്കലായിരുന്നു ലക്ഷ്യം. അക്രമികള്‍ തെരഞ്ഞെടുപ്പ് ഏജന്റുമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഏപ്രില്‍ 26 ന് ബാക്കിയുള്ള നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി. നാഗര്‍ക്ക് ആധിപത്യമുള്ള ഉഖ്രൂള്‍, തെങ്നൗപല്‍, തമെങ്ലോങ്, തിപൈമുഖ് മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 20.26 ലക്ഷം വോട്ടര്‍മാരുള്ള മണിപ്പൂരില്‍ 32 നിയസഭാ മണ്ഡലങ്ങളാണ് ഇന്നര്‍ മണിപ്പൂരിലുള്ളത്.
മയ്തേയികള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്നര്‍ മണിപ്പുരില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മത്സരം. നാഗകളും കുക്കികളും മയ്‌തേയികളും ഉള്‍പ്പെടുന്ന ഔട്ടര്‍ മണിപ്പുരില്‍ എന്‍ഡിഎയ്ക്കുവേണ്ടി നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസും തമ്മിലായിരുന്നു പോരാട്ടം. ഇന്നര്‍ മണിപ്പുരിലെ 10 ലക്ഷത്തോളം പേരില്‍ എട്ടുലക്ഷത്തിലധികം മയ്‌തേയികളാണ്. ഔട്ടര്‍ മണിപ്പുരില്‍ 10 ലക്ഷം വോട്ടര്‍മാരില്‍ രണ്ടുലക്ഷം മയ്‌തേയികളാണ്. ഇവിടെ എന്‍ഡിഎയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥികള്‍ നാഗാ വിഭാഗത്തില്‍ നിന്നായിരുന്നു. നാലുലക്ഷത്തിനു മുകളിള്‍ നാഗ വോട്ടുകളുണ്ട് ഔട്ടര്‍ മണിപ്പുരില്‍. ബാക്കിയുള്ളത് കുക്കി വോട്ടുകളാണ്.
ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ ജെഎന്‍യുവിലെ പ്രൊഫസറായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അംഗോംച ബിമോള്‍ അകോയ്ജം 109,801 വോട്ടുകള്‍ക്കാണ് ബിജെപിയുടെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ടി. ബസന്ത കുമാര്‍ സിങ്ങിനെ പരാജയപ്പെടുത്തിയത്. ഔട്ടര്‍ സീറ്റില്‍ മുന്‍ നിയമസഭാംഗമായ കോണ്‍ഗ്രസിന്റെ ആല്‍ഫ്രഡ് കങ്കം ആര്‍തര്‍, നാഗാ പീപ്പിള്‍സ് ഫ്രണ്ടി(എന്‍പിഎഫ്)ന്റെ ഐആര്‍എസ് (ഇന്ത്യന്‍ റവന്യൂ സര്‍വീസ്) മുന്‍ ഉദ്യോഗസ്ഥനായ കച്ചുയി തിമോത്തി സിമിക്കിനെ 85,418 വോട്ടുകള്‍ക്ക് തോല്‍പിച്ചു. ഇത്തവണ ഇന്നര്‍ മണിപ്പൂരില്‍ ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ഔട്ടറില്‍ എന്‍പിഎഫിനെ പിന്തുണക്കുകയുമായിരുന്നു.
തെരെഞ്ഞടുപ്പ് ഫലം വന്നതിനുശേഷം മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര സിംഗ് രണ്ട് മണ്ഡലങ്ങളിലും കൂടെ നിന്ന മണിപ്പൂരിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുകയും കലാപത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുമായി തെരഞ്ഞെടുപ്പ് വിജയം സമര്‍പ്പിക്കുകയും ചെയ്തു.
”ഒരു വര്‍ഷത്തിലേറെയായി മണിപ്പൂര്‍ വംശീയ കലാപത്തിന് സാക്ഷ്യം വഹിക്കുന്നു. ആളുകള്‍ ദുരിതത്തിലാണ്. എന്നാല്‍ ഇത് പരിഹരിക്കാന്‍ കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബിജെപി സര്‍ക്കാരുകള്‍ പരാജയപ്പെട്ടു”, മേഘചന്ദ്ര സിങ് പറഞ്ഞു. രണ്ട് സീറ്റുകളിലും കോണ്‍ഗ്രസിന് അനുകൂലമായ വിധി സംസ്ഥാനമൊട്ടാകെയുള്ള വോട്ടര്‍മാരുടെ നിരാശയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതിനെയും സിങ് കുറ്റപ്പെടുത്തി. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് ‘ഭാരത് ജോഡോ ന്യായ് യാത്ര’ ആരംഭിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ് പാര്‍ട്ടിയുടെ വിജയത്തിന് കാരണമായതെന്ന് സിങ് കൂട്ടിച്ചേര്‍ത്തു.
തോല്‍വിയെക്കുറിച്ച് പാര്‍ട്ടി ആത്മപരിശോധന നടത്തുമെന്നാണ് മണിപ്പൂര്‍ ബിജെപി വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗ് പറഞ്ഞത്. ”ഒരു വര്‍ഷത്തിലേറെയായി മണിപ്പൂര്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപി സര്‍ക്കാരിന്റെ പ്രകടനത്തിന്റെ പ്രതിഫലനമല്ലെന്നും’ അദ്ദേഹം പറഞ്ഞു.
അതേസമയം, 2023 മെയ് മൂന്നിന് തുടങ്ങിയ കലാപത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട മയ്‌തേയികളുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും അയല്‍ രാജ്യത്തു നിന്നുള്ള അനധികൃത കുടിയേറ്റ പ്രശ്നം പരിഹരിക്കുന്നതിനായി ഫ്രീ മൂവ്മെന്റ് റെജിം (എഫ്എംആര്‍) എടുത്തുമാറ്റുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. കലാപം ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ കുക്കി മേഖലകളില്‍ ബിജെപിയ്ക്ക് പിന്തുണ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഈ തീരുമാനങ്ങള്‍ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി. എന്നാല്‍ അവിടെയും ബിജെപിയുടെ പ്രതീക്ഷ തെറ്റി. തങ്ങളുടെയും സമാധാന അന്തരീക്ഷ തകര്‍ത്ത കേന്ദ്രത്തിന്റെ മൗനത്തോടുള്ള വിയോജിപ്പ് മയ്‌തേയികള്‍ വോട്ടിലൂടെ പ്രകടമാക്കി.
മണിപ്പൂരിലെ പ്രബല ഗോത്ര വര്‍ഗ വിഭാഗമായ മയ്‌തേയി വിഭാഗത്തിന് പട്ടികജാതി-വര്‍ഗ പദവി നല്‍കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവാണ് കലാപത്തിന് കാരണമായത്. ചുരാചന്ദ്പൂര്‍ ആംഗ്ലോ-ഇന്ത്യന്‍ യുദ്ധ കവാടത്തില്‍ നിന്നും തുടങ്ങിയ സംഘര്‍ഷങ്ങള്‍ പിന്നീടങ്ങോട്ട് മയ്‌തേയി, കുക്കി പ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചു. 200 ലധികം ആളുകള്‍ കൊല്ലപ്പെടുകയും അര ലക്ഷത്തോളം ജനങ്ങള്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു. കലാപത്തിനിടെ കുക്കി യുവതികളെ ബലാല്‍സംഘം ചെയ്ത് നഗ്‌നരാക്കി നടത്തിയ സംഭവം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കി. നിരവധി ഗ്രാമങ്ങളും വീടുകളും ആരാധനാലയങ്ങളും സ്‌കൂളുകളും ഇരുകൂട്ടരും അഗ്‌നിക്കിരയാക്കി.
മയ്തേയികള്‍ക്ക് മലയോര മേഖലകളില്‍ ഭൂമി വാങ്ങാന്‍ വേണ്ടി ലാന്‍ഡ് റവന്യൂ, ലാന്‍ഡ് റിഫോം ആക്റ്റ്-1960 എന്നിവ ഭേഗഗതി വരുത്താന്‍ ബിരേന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഗോത്ര പദവി ആവശ്യപ്പെട്ട് മയ്തേയികള്‍ ഹൈക്കോടതി കയറിയത്. കലാപത്തിനു വഴിവച്ച വിവാദ നിര്‍ദേശം നീക്കം ചെയ്ത് പിന്നീട് മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവ് പരിഷ്‌കരിച്ചിരുന്നു. മയ്‌തേയി വിഭാഗത്തെ പട്ടിക വര്‍ഗമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യാവുന്നതാണെന്ന 2023 മാര്‍ച്ച് 27ലെ ഉത്തരവിലെ ഭാഗം ഒഴിവാക്കിയാണ് ജസ്റ്റിസ് ജി. ഗയ്ഫുല്‍ഷില്ലുവിന്റെ ബെഞ്ച് ഉത്തരവ് പരിഷ്‌കരിച്ചത്. പുനപ്പരിശോധനാ ഹരജി പരിഗണിച്ചായിരുന്നു നടപടി.
ബിരേന്‍ സിംഗ് ഭരണത്തിലേറിയതിനു ശേഷം കുക്കി-സോമി ജനവിഭാഗത്തിനെതിരെ വംശീയമായി തന്നെ ആക്രമണം അഴിച്ചു വിട്ടിട്ടുണ്ട്. കുക്കികളും സോമികളും മ്യാന്മറില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ആണെന്നും പോപ്പി കര്‍ഷകരും മയക്കുമരുന്ന് തീവ്രവാദികളും ആണെന്നും ബിരേന്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. കുക്കി ഗ്രാമങ്ങളില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ 2022ല്‍ ബിരേന്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. കുക്കി-സോമി വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ചുരാചന്ദ്പൂരില്‍ നിന്നാണ് കുടിയൊഴിപ്പിക്കലിന്റെ ആദ്യ പടി ആരംഭിച്ചത്. ഇതിനിടെ കുക്കി നാഷണല്‍ ആര്‍മി, സോമി നാഷണല്‍ ആര്‍മി എന്നിവരുമായുള്ള സസ്പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ കരാര്‍ പിന്‍ലിക്കാന്‍ നിയമസഭ തീരുമാനിച്ചു. സമാന്തരമായി മണിപ്പൂരില്‍ എന്‍ആര്‍സി നടപ്പാക്കണമെന്ന് തീവ്ര മയ്തേയി സംഘടനകളും ആവശ്യപ്പെട്ടു.
കുക്കി കുടിയേറ്റം മൂലം മയ്തേയികള്‍ക്ക് താഴ്വരകള്‍ നഷ്ടപ്പെടും എന്ന വാദമാണ് മയ്തേയികള്‍ ഉന്നയിക്കുന്നത്. ഇതേ നിലപാടാണ് ബിരേന്‍ സിംഗ് സര്‍ക്കാരിനുമുള്ളത്. താഴ്വരയില്‍ കുക്കികള്‍ താമസമാക്കാനുള്ള പ്രധാന കാരണം വികസനമാണ്. ജനസംഖ്യയില്‍ പ്രബലരായ മയ്തേയികള്‍ക്കാണ് (ആകെ ജനസംഖ്യയായ 30 ലക്ഷത്തില്‍ 53 ശതമാനം) വികസനത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത്. മണിപ്പൂരിലെ കുക്കി ജനസംഖ്യ 16 ശതമാനമാണ്. നാഗകള്‍ 24 ശതമാനമുണ്ട്. 60 ശതമാനം കേന്ദ്ര സഹായത്തെ ആശ്രയിക്കുന്ന സംസ്ഥാന സര്‍ക്കാരിലേയ്ക്ക് എത്തുന്ന ഫണ്ടിന്റെ 90 ശതമാനവും വിനിയോഗിക്കുന്നത് താഴ്വരയിലാണ്. പര്‍വ്വത പ്രദേശങ്ങളിലേയ്ക്ക് തുച്ചമായ ഫണ്ടുകളാണ് ചിലവഴിക്കുന്നത്. മണിപ്പൂരില്‍ ‘വികസനം’ ആകെ നടന്നിട്ടുള്ള പ്രദേശം ഇംഫാല്‍ ജില്ലയാണ്. പഠിക്കാനും ജോലി ചെയ്യാനും ആശുപത്രി സേവനങ്ങള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ബിസിനസ് ആവശ്യത്തിനും കുക്കികള്‍ താഴ്വരയെയാണ് ആശ്രയിക്കുന്നത്.
കോളേജുകളും സര്‍വകലാശാലകളും മികച്ച ആശുപത്രികളും നിക്ഷേപ സാധ്യതയും തൊഴില്‍ മേഖലകളും എല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് താഴ്‌വരയിലാണ്. ഇതിന്റെയൊക്കെ ഭൂരിഭാഗം ഉപയോക്താക്കള്‍ മയ്തേയികളുമാണ്. പോലീസ് സേന അടക്കമുള്ള സര്‍ക്കാര്‍ സര്‍വീസുകളില്‍ എല്ലാം മയ്തേയികളാണ്. ഈ അന്തരം നിലനില്‍ക്കെയാണ് താഴ്വരയും പിടിച്ചെടുക്കാന്‍ എത്തിയവരാണ് കുക്കികള്‍ എന്ന് മയ്തേയികള്‍ നിരന്തരം ആരോപിക്കുന്നത്. കുക്കികളുടെ ബാഹുല്യം മൂലം താഴ്വരയില്‍ തങ്ങള്‍ക്ക് ഭൂമി ലഭ്യമാകുന്നില്ലെന്നും അതുകൊണ്ട് പര്‍വ്വത മേഖലകളില്‍ കൂടി തങ്ങള്‍ക്ക് ഭൂമി സ്വന്തമാക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നുമാണ് മയ്തേയികള്‍ ആവശ്യപ്പെട്ടത്.
കുക്കി -സോമി ജനവാസ മേഖലകള്‍ വന്യമൃഗ സംരക്ഷണ കേന്ദ്രം, സംരക്ഷിത വനം, തണ്ണീര്‍ത്തട പ്രദേശം തുടങ്ങിയ മേഖലകളില്‍ ആണെന്ന് ബിരേന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. അതിന് ശേഷമാണ് ചുരാചന്ദ്പൂരിലെ കുടിയൊഴിപ്പിക്കല്‍ നടക്കുന്നത്. ഗോത്ര മേഖലകളില്‍ അധികാരമുള്ള ജില്ലാ കൗണ്‍സിലുകളോട് കൂടിയാലോചിക്കാതെയാണ് ബിരേന്‍ ഇങ്ങനെ ഒരു നടപടിയിലേയ്ക്ക് കടന്നത്.
2023 ഫെബ്രുവരി 20 ന് ചുരാചന്ദ്പൂരിലെ കെ സെങ്ങ്ജോങ്ങിലേയ്ക്ക് ബുള്‍ഡോസറുമായി എത്തിയ ബിരേന്‍ സിംഗിന്റെ പോലീസും വനം വകുപ്പും 16 കുടുംബങ്ങളെ ഗ്രാമത്തില്‍ നിന്നും ബലമായി കുടിയൊഴിപ്പിച്ചു. വീടുകള്‍ തകര്‍ത്തു. ഇവരുടെ ആരാധാനാലമായ പള്ളിയും തകര്‍ത്തു. ഈ നടപടി കുക്കികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് മാര്‍ച്ച് പത്തിന് കുക്കി പ്രദേശങ്ങളില്‍ പ്രതിഷേധ പരിപാടികളും അരങ്ങേറി. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ അല്ല കുടിയൊഴിപ്പിക്കല്‍ നടന്നതെന്ന് കുക്കികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടും ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയില്ല. പകരം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരില്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള സര്‍വേ വേഗത്തിലാക്കാനും മ്യാന്മര്‍ കുക്കികളെ കണ്ടെത്താനുമുള്ള നടപടികളാണ് നടന്നത്.
സര്‍ക്കാരിന്റെ ഈ നിലപാടും കുക്കികളില്‍ വലിയരീതിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. വികസനം എത്തിനോക്കാത്ത മലയോര മേഖലകളിലെ അസാധാരണ നടപടികളും മയ്തേയികള്‍ക്ക് ഗോത്ര പദവി നല്‍കാനുള്ള നീക്കവും മ്യാന്മാര്‍ കുക്കികളെന്ന് വിളിച്ചുള്ള ആക്ഷേപവും മയക്കുമരുന്ന് തീവ്രവാദികള്‍ എന്ന് വിളിച്ചുള്ള ആക്ഷേപവും കുക്കികളില്‍ വലിയ തോതില്‍ പ്രതിഷേധം സൃഷ്ടിച്ചു. ആ പ്രതിഷേധത്തില്‍ നിന്നുകൊണ്ടാണ് സമാധാന റാലി നടത്താന്‍ കുക്കികള്‍ തീരുമാനിച്ചത്. നാഗകള്‍ പിന്തുണക്കുകയും ചെയ്തു. അങ്ങനെയാണ് 2023വ മെയ് മൂന്നാം തീയതി മണിപ്പൂരിലെ സമാധാന റാലി നടക്കുന്നത്. ഇതിനിടെ നടന്ന ആക്രമ സംഭവങ്ങളാണ് പിന്നീട് കലാപമായി രൂപാന്തരം പ്രാപിച്ചതും.
മണിപ്പൂര്‍ കലാപം തുടങ്ങി രണ്ടര മാസത്തിന് ശേഷം, കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ പ്രതികരിച്ചത്. ആക്രമണം നടക്കുന്നത് മണിപ്പൂരില്‍ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദുഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നുവെന്നുമായിരുന്നു മോദി പറഞ്ഞത്. സംസ്ഥാനങ്ങളിലെ ക്രമസമാധാന നില ശക്തമായി നിലനിര്‍ത്താന്‍ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുന്നുവെന്നും മണിപ്പൂരിലെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആക്രമണം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവത്തിലെ കുറ്റവാളികള്‍ ഒരിക്കലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിലോ ചത്തിസ്ഗഢിലോ മണിപ്പൂരിലോ ആകട്ടെ നമ്മുടെ സഹോദരിമാരുടെ സുരക്ഷക്കായി സര്‍ക്കാറുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മോദി നിര്‍ദേശിച്ചിരുന്നു. കലാപം തുടരുന്നതിനിടെ സഭാധ്യക്ഷന്‍മാരെ ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചതും ബിഷപ്പുമാര്‍ വിരുന്നില്‍ പങ്കെടുത്തതും വിമര്‍ശനത്തിന് കാരണമായിരുന്നു. കേരളം, ഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ എന്നിവരെയാണ് വിരുന്നിലേക്ക് മോദി ക്ഷണിച്ചത്.
കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരില്‍ 97 ശതമാനവും മണിപ്പൂരില്‍ നിന്നുള്ളവരാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് ജനീവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ഡിസ്‌പ്ലേസ്‌മെന്റ് മോണിറ്ററിങ് സെന്റര്‍ (ഐഡിഎംസി) പുറത്ത് വിട്ടിരുന്നു. അതായത് ദക്ഷിണേഷ്യയില്‍ നിന്നും ആകെ കുടിയിറക്കെപ്പട്ട 69,000 പേരില്‍ 67,000 പേര്‍ മണിപ്പൂരികളാണെന്നായിരുന്നു റിപ്പോര്‍ട്ട് സൂചിപ്പിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാല്‍ ലക്ഷത്തോളം വരുന്ന മണിപ്പൂര്‍ ജനത തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 24,500 വോട്ടര്‍മാരായിരുന്നു ക്യാമ്പുകളിലുണ്ടായിരുന്നത്. ഇത്തരത്തില്‍ എല്ലാം നഷ്ടപ്പെട്ട് സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികള്‍ ആകേണ്ടി വന്ന ജനതയുടെ മറുപടിയാണ് വോട്ടുകളിലൂടെ പ്രതിഫലിച്ചിരിക്കുന്നത്.
FAQs
ആരാണ് മയ്‌തേയികള്‍?
മണിപ്പൂരിൽ നിന്നുള്ള ഒരു വംശീയ വിഭാഗമാണ് മയ്‌തേയികള്‍, അല്ലെങ്കിൽ മീതേയ്കൾ/മണിപ്പൂരികൾ. വടക്കുകിഴക്കൻ ഇന്ത്യയിലെ മണിപ്പൂരിലെ ഏറ്റവും വലുതും പ്രബലവുമായ വംശീയ വിഭാഗമാണിത്. ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ 22 ഔദ്യോഗിക ഭാഷകളിലൊന്നും മണിപ്പൂർ ഗവൺമെന്‍റിന്‍റെ ഏക ഔദ്യോഗിക ഭാഷയുമായ മെയ്തേയ് ഭാഷയാണ് (ഔദ്യോഗികമായി മണിപ്പൂരി എന്ന് വിളിക്കപ്പെടുന്നു) മയ്‌തേയികള്‍ സംസാരിക്കുന്നത്. ഇന്നത്തെ മണിപ്പൂരിലെ ഇംഫാൽ താഴ്‌വര പ്രദേശത്താണ് മയ്‌തേയികള്‍ കൂടുതലുള്ളത്.
ആരാണ് കുക്കികള്‍?
വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളായ മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, ത്രിപുര, മിസോറാം, കൂടാതെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലെ ഒരു വംശീയ വിഭാഗമാണ് കുക്കികൾ. ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലെ നിരവധി മലയോര ഗോത്രങ്ങളിലൊന്നാണ് കുക്കി. കുക്കി സമൂഹം സംസാരിക്കുന്ന ഭാഷയെയും അവരുടെ ഉത്ഭവ പ്രദേശത്തെയും അടിസ്ഥാനമാക്കി ഇന്ത്യയിലെ കുക്കി ജനതയെ അമ്പതോളം പട്ടികജാതി ഗോത്രങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ആരാണ് നാഗകൾ?
നാഗ ജനതകൾ നൂറ്റാണ്ടുകളായി ഇന്ത്യയുടെ വടക്ക് – കിഴക്കും മ്യാൻമറിന്‍റെ വടക്ക് – പടിഞ്ഞാറൻ അതിർത്തിയിലും താമസിക്കുന്ന ഒരു ഇൻഡോ-മംഗ്ലോയ്ഡ് മലയോര ഗോത്ര വർഗക്കാരാണ്. ഇന്ത്യൻ സംസ്ഥാനമായ നാഗാലാൻഡിൽ ഭൂരിപക്ഷമായും മണിപ്പൂർ, മേഘാലയ, ആസാം എന്നിവിടങ്ങളിലും ഇന്ത്യയുടെ അതിർത്തിയായ ബർമയിലെ അരാക്കൻ റേഞ്ചുകളിലും ന്യൂനപക്ഷമായും നാഗകളുടെ സാന്നിധ്യമുണ്ട്.
Quotes
“ജനം അവരുടെ സർക്കാരിനെ ഭയപ്പെടേണ്ടതില്ല, സർക്കാരുകൾ അവരുടെ ജനത്തെ ഭയപ്പെടണം- അലൻ മൂർ.