ഛത്തീസ്ഗഡിൽ ബിജെപി ഭരിച്ച 2015-17 കാലയളവിൽ 111 ചിട്ടി ഫണ്ടുകളിൽ തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട്. 1,33,697 നിക്ഷേപകരിൽ നിന്നും 4,84,39,18,122 രൂപയാണ് കബളിപ്പിച്ചത്. കർഷകരും പാവപ്പെട്ട ജനങ്ങളുമാണ് കബളിക്കപ്പെട്ടത്
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം നിരവധി അഴിമതി ആരോപണങ്ങളാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ ഉയർന്ന് വന്നത്. മോദി സർക്കാരിനുകീഴിൽ നടന്ന അഴിമതികൾ അക്കമിട്ട് നിരത്തി കറപ്റ്റ് മോദി എന്ന വെബ്സൈറ്റ് പുറത്ത് വിട്ടിട്ടുണ്ട്. അഴിമതികളെക്കുറിച്ച് കറപ്റ്റ് മോദി വെബ്സൈറ്റ് തയാറാക്കിയ റിപ്പോർട്ട് വോക്ക് മലയാളത്തിൽ വായിക്കാം.
അദാനി എയർപോർട്ട് അഴിമതി – 2019
2019 ൽ സ്വകാര്യവത്കരണത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ലേലത്തിൽ വെച്ച ആറ് വിമാനത്താവളങ്ങളിൽ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 50 വർഷത്തേക്ക് വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി സ്വകാര്യ കമ്പനികൾക്ക് നൽകുന്നതിനായിരുന്നു ലേലം.
അഹമ്മദാബാദ്, തിരുവനന്തപുരം, ലക്‌നൗ, മംഗളുരു, ജെയ്പുർ എന്നിവിടങ്ങളിലെ നോൺ മെട്രോ വിമാനത്താവളങ്ങളാണ് അദാനി നേടിയത്. അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിൽ അഴിമതിയുണ്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു.എയർപോർട്ട് മേഖലയിൽ പരിചയം തീരെ കുറവായ അദാനി ഗ്രൂപ്പ് അഞ്ച് ബിഡുകൾ സ്വന്തമാക്കിയതിൽ ദുരൂഹതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിനായുള്ള ലേലത്തിൽ ഓരോ യാത്രക്കാരനും 168 രൂപയാണ് അദാനി പറഞ്ഞത്. 135 രൂപയാണ് കേരള ഗവൺമെൻ്റ് എൻ്റർപ്രൈസ് കേരള സ്റ്റേറ്റ് ഇൻ്റസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ വിമാനത്താവളത്തിനായി പറഞ്ഞ തുക.
ലേലത്തിൽ റൈറ്റ് റ്റു റെഫ്യൂസൽ എന്നൊരാവശ്യം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ബിഡിൽ പറഞ്ഞിരിക്കുന്ന തുകയ്ക്ക് സമാനമായ തുക നൽകുന്ന കമ്പനിക്ക് വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം നൽകാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ 10 ശതമാനം തുക വ്യത്യാസമാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. മാത്രമല്ല പുതിയ ടെർമിനലിനായി എയർപോർട്ട് അധികൃതർ 600 കോടി രൂപ നൽകാനിരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ലേലം നടക്കുന്നത്.
മധ്യപ്രദേശ് പരസ്യ അഴിമതി – 2016
വ്യാജ വെബ്സൈറ്റുകളിലേക്കുള്ള പരസ്യത്തിനായി 14 കോടി രൂപയുടെ അഴിമതി മധ്യപ്രദേശിൽ ബിജെപി സർക്കാർ നടത്തിയിരുന്നു. 234 വ്യാജ വെബ്സൈറ്റുകളുടെ പരസ്യത്തിനുവേണ്ടിയായിരുന്നു അഴിമതി.
ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിലാണ് പരസ്യ അഴിമതി പുറത്തുവന്നത്. 10000 രൂപ മുതൽ 21.7 ലക്ഷം രൂപ വരെ പരസ്യങ്ങൾ ലഭിച്ച വെബ്സൈറ്റുകളുണ്ട്. സർക്കാരിൻ്റെ പൊതുമുതൽ ദുരുപയോഗം ചെയ്യുക മാത്രമല്ല, സംഘപരിവാർ ആശയം പ്രചരിപ്പിക്കുന്നതിനു വേണ്ടി മാധ്യമങ്ങളെ ബിജെപി ഉപയോഗിക്കുകയും ചെയ്തു.
അസം സിവിൽ സർവീസ് പരീക്ഷ അഴിമതി – 2018
2018 ജൂലൈ 18ന് ബിജെപി എംപി ആർ പി ശർമയുടെ മകൾ പല്ലവി ശർമയുൾപ്പെടെയുള്ള 19 സർക്കാർ ഉദ്യോഗസ്ഥരെയാണ് പരീക്ഷ തട്ടിപ്പ് കേസിൽ അസം പോലീസ് അറസ്റ്റ് ചെയ്തത്. മുൻ ബിജെപി നിയമസഭാംഗമായിരുന്ന ജോയ്റാം ഇങ്ലെങ്ങിൻ്റെ മരുമകളും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
2016 ൽ നടന്ന അസം പിഎസ്സി (അസം പബ്ലിക് സർവീസ് കമ്മീഷൻ)പരീക്ഷയിലെ ഉത്തരകടലാസിലെ കയ്യക്ഷരം ഉദ്യോഗാർത്ഥികളുടെ കയ്യക്ഷരവുമായി സാമ്യയുള്ളതല്ല എന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. യഥാർത്ഥ പരീക്ഷക്കു ശേഷം ഉത്തരങ്ങൾ തിരുത്തിയെഴുതാൻ ഉദ്യോഗാർത്ഥികൾക്ക് മറ്റ് പേപ്പറുകൾ നൽകിയിരുന്നു. അഴിമതിയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ 13 സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ ആ വർഷം സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് അഴിമതി – 2018
നോട്ട് നിരോധനം കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിൽ ഗുജറാത്തിൽ ബിജെപിയുമായി ബന്ധമുള്ള 11 സഹകരണ ബാങ്കുകളിൽ 3118.51 കോടി രൂപയുടെ നിക്ഷേപം നടന്നതായി കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കോൺഗ്രസ് പുറത്തുവിട്ട വിവരാവകാശ നിയമത്തിൻ്റെ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ അസാധുവാക്കപ്പെട്ട നോട്ടുകൾ ലഭിച്ചത് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനാണെന്ന് വ്യക്തമായിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ 745.59 കോടിയാണ് ബാങ്കിന് ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബാങ്കിൻ്റെ ഡയറക്ടർമാരിലൊരാൾ. 2000ത്തിൽ അമിത് ഷാ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൻ്റെ ചെയർമാനായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം എല്ലാ സഹകരണ ബാങ്കുകളും അസാധുവാക്കിയ നോട്ടുകൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു.
ബുന്ദേൽഖണ്ഡ് അഴിമതി – 2018
2008 ൽ കൊടും വരൾച്ചയിൽ ബുദ്ധിമുട്ടുന്ന ബുന്ദേൽഖണ്ഡിനായി യുപിഎ സർക്കാർ 7400 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 3860 കോടി രൂപ മധ്യപ്രദേശിലെ ആറ് ജില്ലകളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി അനുവദിച്ചിരുന്നു. എന്നാൽ ശിവരാജ് സിങ്ങ് ചൗഹാൻ മുഖ്യമന്ത്രിയായതിന് ശേഷം ജലസേചനത്തിനോ കർഷകർക്കോ അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടിയോ തുക ഉപയോഗിച്ചിട്ടില്ലെന്നും പണം മുഴുവനും ബിജെപി ഉപയോഗിച്ചുവെന്നും രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഛത്തീസ്ഗഡ് ബജറ്റ് അഴിമതി- 2016
2016-17 കാലയളവിൽ ബജറ്റ് വിഹിതമായ 80,200 കോടി രൂപയിൽ 20,000 കോടി രൂപ ഛത്തീസ്ഗഡ് സർക്കാർ ദുരുപയോഗം ചെയ്തതായി സിഎജി റിപ്പോർട്ട് നൽകി. വിവിധ പദ്ധതികൾക്കായി ചിലവഴിക്കേണ്ട തുക മറ്റ് പലതിനുമായി വിനിയോഗിച്ചെന്നാണ് ആരോപണം. ഒരു തരത്തിലുള്ള വിവേകവുമില്ലാതെയാണ് സംസ്ഥാന സർക്കാർ ബജറ്റ് കൈകാര്യം ചെയ്തതെന്നും പെതുമുതൽ ദുരുപയോഗം ചെയ്യുകയാണുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബജ്രി അഴിമതി – 2017
രാജസ്ഥാനിൽ ബജ്രി ഖനനത്തിന് 2017ൽ സുപ്രീംകോടതി വിലക്കേർപ്പെടുത്തിയിട്ടും മാർക്കറ്റുകളിൽ ബജ്രി ലഭിച്ചുകൊണ്ടിരുന്നു. കൂടാതെ ബജ്രിയുടെ വില അഞ്ചിരട്ടിയായി ഉയർന്നു. വിതരണം കുറക്കുന്നതിനും ബജ്രിയുടെ വില കുറക്കുന്നതിനുമായി ചെറിയ
ബജ്രി ഖനന കേന്ദ്രങ്ങൾപാട്ടത്തിന് കൊടുക്കുമെന്ന് അന്നത്തെ ബിജെപി മുഖ്യമന്ത്രിയായിരുന്ന വസുന്തര രാജെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അനധികൃത മാർക്കറ്റുകൾ രൂപപ്പെടുകയും അതിൻ്റെ മറവിൽ അഴിമതി നടക്കുകയും ചെയ്തു. അഴിമതിയെ തുടർന്ന് 600ൽ കൂടുതൽ ഖനികളിലെ പാട്ടക്കാലാവധി റദ്ദാക്കുകയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് സിങ്വിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അശോക് സിങ്വിയായിരുന്നു 2015 ലെ മൈനിങ്ങ് സെക്രട്ടറി.
ഭമാഷ ആരോഗ്യ ഇൻഷുറൻസ് അഴിമതി – 2018
2018ൽ ദേശീയ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായ ഭമാഷ സ്വസ്ത്യ ഭീമ യോജനക്ക് കീഴിലുള്ള ആരോഗ്യ ഇൻഷുറൻസ് കൂടുതൽ പേർ ക്ലെയിം ചെയ്യാൻ തുടങ്ങി. ഇത് തട്ടിപ്പാണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ബയോമെട്രിക് സംവിധാനങ്ങളില്ലാതെ രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നുണ്ടെന്ന് മനസിലായി. ഇൻഷുറൻസ് ക്ലെയിമുകൾ വർദ്ധിച്ചതോടെ ആദ്യ ഘട്ടത്തിൽ ഒരു കുടുംബത്തിന് 370 രൂപയായിരുന്ന തുക അടുത്ത ഘട്ടത്തിൽ 1263 ആയി ഉയർന്നു. 2017 ഡിസംബറിൽ 170 സ്വകാര്യ ആശുപത്രികളാണ് സ്കീമിൽ ചേർന്നത്. 2018 മാർച്ചോടെ ഇത് 707 ആയി ഉയർന്നു.
ബിറ്റ്‌കോയിന്‍ അഴിമതി – 2018
2016 നവംബറിലെ നോട്ട് നിരോധനത്തിന് പിന്നാലെ ഗുജറാത്തിലെ ബിജെപി നേതാക്കൾ ഹവാല ഇടപാടുകളിലൂടെയുള്ള കള്ളപ്പണത്തെ ക്രിപ്റ്റോ കറൻസിയാക്കി മാറ്റിയെന്ന് ഗുജറാത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇന്ത്യയുടെ വജ്രവ്യാപാര കേന്ദ്രമായ സൂറത്തായിരുന്നു അഴിമതിയുടെ കേന്ദ്രം. ഏകദേശം 4500 കോടിയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് ബ്ലുംബെർഗിൻ്റെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഭൂമിയിടപാടുകാരനായ ഷൈലേഷ് ഭട്ടിനെ ഒരു കൂട്ടം പോലീസുകാർ തട്ടിക്കൊണ്ട് പോവുകയും 200 ബിറ്റ്കോയിൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് അഴിമതിയുടെ അന്വേഷണം ആരംഭിക്കുന്നത്. ഷൈലേഷ് ഭട്ടിൻ്റെ സഹായിയായ കിരിത് പലാഡിയയാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും മുൻ ബിജെപി എംഎൽഎയും കിരിത് പലാഡിയയുടെ അമ്മാവനുമായ നളിൻ കൊറ്റാടിയയാണ് തട്ടിക്കൊണ്ട് പോകലിൻ്റെ പ്രധാന സൂത്രധാരനെന്നും തെളിഞ്ഞു. ഒളിവിൽ പോയ നളിൻ കൊറ്റാടിയയെ 2018 സെപ്റ്റംബറിൽ അഹമ്മദാബാദ് ക്രൈം ബ്ലാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ഗോവയിലെ കെട്ടിട അഴിമതി – 2015
പാറ്റോ പ്ലാസയിലെ ഓഫീസുകളുടെ ഒരുവർഷത്തെ വാടകക്കായി ഗോവ സർക്കാർ ചിലവാക്കിയത് 5,50,10,538 രൂപയാണ്. ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കമ്പ്യൂട്ടർ ഡീലറായ നിലേഷ് അമോങ്കറിൻ്റേതായിരുന്നു വാടക കെട്ടിടം.
അന്നുണ്ടായിരുന്ന വിലയെക്കാളും കൂടിയ തുകയാണ് സർക്കാർ അന്ന് നൽകിയത്. ഒരുവർഷത്തോളം കെട്ടിടം ഉപയോഗശൂന്യമായി കിടന്നിരുന്നു. റിയൽ എസ്റ്റേറ്റ് വിപണി മോശമായിരുന്ന സമയത്താണ് സർക്കാർ വാടകക്കായി ഭീമമായ തുക നൽകിയത് എന്നതും ശ്രദ്ധേയമാണ്.
കേമാൻ ദ്വീപ് വിദേശ നിക്ഷേപ അഴിമതി – 2016
നോട്ട് നിരോധനം കഴിഞ്ഞ് 13 ദിവസത്തിനു ശേഷം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിൻ്റെ മകൻ വിവേക് ഡോവൽ കേമാൻ ദ്വീപുകളിൽ ജിഎൻവൈ ഏഷ്യ എന്ന ഹെഡ്ജ് ഫണ്ട് ആരംഭിച്ചിരുന്നു. 2017 – 18 ൽ കേമാൻ ദ്വീപുകളിലെത്തിയ വിദേശ നിക്ഷേപം 8300 കോടിയായിരുന്നു. 2000 മുതൽ 2017 വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്കെത്തിയ മൊത്തം പണത്തിന് തുല്യമായിരുന്നു അത്.
ഛത്തീസ്ഗഡ് ചിട്ടി ഫണ്ട് തട്ടിപ്പ് – 2015-17
ഛത്തീസ്ഗഡിൽ ബിജെപി ഭരിച്ച 2015-17 കാലയളവിൽ 111 ചിട്ടി ഫണ്ടുകളിൽ തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട്. 1,33,697 നിക്ഷേപകരിൽ നിന്നും 4,84,39,18,122 രൂപയാണ് കബളിപ്പിച്ചത്. കർഷകരും പാവപ്പെട്ട ജനങ്ങളുമാണ് കബളിക്കപ്പെട്ടത്. ആർക്കും തുക ഇതുവരെയും തിരികെ ലഭിച്ചിട്ടില്ല. പണം എന്ന് തിരികെ നൽകാമെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നാണ് അന്ന് ബിജെപി നേതാക്കൾ പറഞ്ഞത്.
സർക്കാർ സ്കൂളുകളുടെ അടച്ചുപൂട്ടൽ – 2014
സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറവാണെന്ന കാരണത്താൽ രാജസ്ഥാനിൽ 2014ൽ വസുന്തര രാജെ സർക്കാർ 17000 സർക്കാർ സ്കൂളുകൾ അടച്ച് പൂട്ടിയിരുന്നു. നിരവധി കുട്ടികൾക്കാണ് ഇക്കാരണത്താൽ വിദ്യാഭ്യാസം നഷ്ടമായത്. ഇത് കുട്ടികളെ സർക്കാർ സ്കൂളുകളിൽ നിന്നും മാറി സ്വകാര്യ സ്കൂളുകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കി. സ്വകാര്യ സ്കൂളുകൾക്ക് ലാഭമുണ്ടാക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഇങ്ങനെയൊരു നടപടി സ്വീകരിച്ചതെന്നും ആരോപണങ്ങളുണ്ട്.
ചിക്കി അഴിമതി – 2015
മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഭട്നായിസ് മുഖ്യമന്ത്രിയായിരിക്കെ 206 കോടിയുടെ അഴിമതി നടന്നിരുന്നു. അന്നത്തെ സ്ത്രീ- ശിശുവികസന വകുപ്പ് മന്ത്രിയായിരുന്ന പങ്കജ മുണ്ടെക്കെതിരെയായിരുന്നു അഴിമതി ആരോപണമുണ്ടായത്. സ്കൂൾ കുട്ടികൾക്കുള്ള ചിക്കിയുമായി ബന്ധപ്പെട്ട കരാറിന് പങ്കജ മുണ്ടെ ടെൻഡർ ക്ഷണിക്കാതെ അനുമതി നൽകിയിരുന്നു. മാത്രമല്ല ഒറ്റ ദിവസത്തിൽ 24 പ്രമേയങ്ങളും പങ്കജ മുണ്ടെ പാസാക്കി. സർക്കാർ സ്ഥാപനങ്ങൾ 3 ലക്ഷത്തിന് മുകളിലുള്ള എന്ത് സാധനങ്ങൾ വാങ്ങിയാലും ടെൻഡർ നൽകണം എന്നാണ് നിയമം.
ഡിഡിസിഎ അഴിമതി – 2015
മുൻ ബിജെപി എംപിയും ക്രിക്കറ്റ് താരവുമായിരുന്ന കിർതി ആസാദ് കേന്ദ്ര ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റിലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഡൽഹി ആൻ്റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനിൽ (ഡിഡിസിഎ) ക്രമക്കേട് നടത്തിയെന്ന് കാണിക്കുന്ന റിപ്പോർട്ട് 2015 നവംബർ 17ന് സംഘി കമ്മിറ്റി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. വ്യാജകമ്പനികൾക്ക് ഡിഡിസിഎ കരാർ നൽകിയിരുന്നുവെന്നും ഓഫീസിനും ഓഫീസ് ഉപകരണങ്ങൾക്കുമായി നിരവധി തുക ചിലവാക്കിയിരുന്നെന്നും കിർതി ആസാദ് ആരോപിച്ചിരുന്നു. ഒരു ലാപ്ടോപിന് 16000 രൂപ, പ്രിൻ്ററിന് 3000 രൂപ, പൂജ ചെയ്യുന്ന പാത്രത്തിന് 5000 രൂപ എന്നിങ്ങനെയായിരുന്നു ദിവസ വാടക നൽകിയിരുന്നത്.
ദാൽ അഴിമതി – 2015 -16
2015 ലും 16ലും ബിജെപി സർക്കാർ ഭരിച്ചിരുന്ന ഗുജറാത്തിലും മഹാരാഷ്ട്രയിലും പയറുവർഗങ്ങൾക്ക് ക്ഷാമം അനുഭവപ്പെട്ടിരുന്നു. സർക്കാർ അധികൃതരുടെ അറിവോടെയാണ് പയറുവർഗങ്ങളുടെ ക്ഷാമം ഉണ്ടായതെന്നാണ് ആരോപണം. ഈ കാലയളവിൽ 150 ശതമാനം മുതൽ 200 ശതമാനം വരെ അധിക തുക ജനങ്ങൾക്ക് നൽകേണ്ടതായി വന്നു. കിലോഗ്രാമിന് 130 മുതൽ 200 രൂപ വരെയാണ് ജനങ്ങൾ നൽകേണ്ടി വന്നത്. കരിഞ്ചന്തക്കാരും പൂഴ്ത്തി വെയ്പ്പുകാരും പയറുവർഗങ്ങൾ വിപണിയിൽ എത്തിക്കാതെ ഗോഡൗണുകളിൽ പൂഴ്ത്തി വെച്ചതാണ് ക്ഷാമമുണ്ടാകാൻ കാരണം. 2,50,000 കോടി രൂപയുടെ ലാഭമാണ് ഇതുവഴി ഉണ്ടായത്.
ഡിഫൻസ് എക്സ്പോ അഴിമതി – 2018
2018ൽ ഇന്ത്യയിലെ രണ്ട് പ്രധാന ഡിഫൻസ് എക്സിബിഷനുകളായ ഡിഫെക്സ്പോയുടേയും എയ്റോ ഇന്ത്യയുടേയും പ്രദർശനത്തിനായി ഗോവയിലെ ബേതുലിൽ 150 ഏക്കർ ഭൂമി വിട്ടുകിട്ടുന്നതിനായി അന്നത്തെ ഗോവ മുഖ്യമന്ത്രിയായിരുന്ന പർസേക്കറിന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ കത്തെഴുതിയിരുന്നു. എയ്‌റോ ഷോയ്ക്കും ഡിഫെക്‌സ്‌പോയ്ക്കും സ്ഥിരം വേദിയൊരുക്കുന്നതിനായി തീരപ്രദേശത്ത് 10,000 അടി ഉയരത്തിൽ റൺവേ നിർമിക്കാനായിരുന്നു ഭൂമി ആവശ്യപ്പെട്ടത്. പർസേകർ അതിന് അനുമതി നൽകുകയും ചെയ്തു. എന്നാൽ യുണൈറ്റഡ് ഗോൺസ് ഫൗണ്ടേഷൻസ് എന്ന എൻജിഒ സ്ഥലം നികത്തി റൺവേ നിർമിക്കുന്നതിനെതിരെ രംഗത്തുവന്നു.
നോട്ട് നിരോധനം -2016
പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് കോടിക്കണക്കിന് രൂപയുടെ ഭൂമിയിടപാടുകളാണ് ബിജെപി നടത്തിയത്. കുറഞ്ഞത് 10 ഭൂമിയിടപാടുകളെങ്കിലും ബീഹാറിൽ ബിജെപി പ്രവർത്തകർ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അവയിൽ ചിലത് ആഭ്യന്തര മന്ത്രിയായ അമിത് ഷായുടെ പേരിലാണ്. ബീഹാറിൽ മാത്രമല്ല പല സ്ഥലങ്ങളിലും സമാനമായി ഭൂമി വാങ്ങിയിരുന്നതായി ബിജെപി എംഎൽഎ സഞ്ജിവ് ചൗരസ്യ വെളിപ്പെടുത്തിയിരുന്നു.
FAQs
എന്താണ് നോട്ട് നിരോധനം?
പ്രചാരത്തിലുള്ള ഒരു കറൻസി യൂണിറ്റിൻ്റെ നിയമപരമായ ടെണ്ടർ പദവി റദ്ദാക്കുന്ന ഒരു പ്രവൃത്തിയാണ് നോട്ട് നിരോധനം. 2016 നവംബർ 8-ന് അന്നുണ്ടായിരുന്ന എല്ലാ 500 , 1,000 നോട്ടുകളും അസാധുവാക്കിയതായി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചു.
എന്താണ് ഡിഡിസിഎ?
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ അഫിലിയേഷനുള്ള ഡൽഹിയിലെ ക്രിക്കറ്റിൻ്റെ ഭരണ സമിതിയാണ് ഡൽഹി ആൻ്റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ(ഡിഡിസിഎ).
ആരാണ് ഗൗതം അദാനി?
ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള ഒരു വ്യവസായിയാണ് ഗൗതം അദാനി .അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് എന്ന കമ്പനികളുടെ ഉടമസ്ഥനാണ് ഗൗതം അദാനി.
Quotes
അഴിമതിക്കാരനായ മനുഷ്യനും മറ്റുള്ളവരുടെ അഴിമതിയെ അംഗീകരിക്കുന്ന മനുഷ്യനും സമൂഹത്തോടുള്ള കടമ നിർവ്വഹിക്കാനാകില്ല – തിയോഡോർ റൂസ്വെൽറ്റ്