Tue. Apr 30th, 2024

സ്വാതന്ത്ര്യവും ഐക്യവും ലക്ഷ്യം വെച്ച് അംബേദ്കർ നടത്തിയ കൂട്ടിച്ചർക്കലുകളെ ഭിന്നിപ്പിക്കുന്ന തരത്തിലേക്ക് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നു. പശുവിൻ്റെ പേരിൽ കൂട്ടക്കൊല ചെയ്യപ്പെടുന്ന മുസ്ലീങ്ങൾ, അവകാശം നിഷേധിക്കപ്പെടുന്ന ദളിതർ

2024 ജനുവരി 26ന് 75ാം സോഷ്യലിസം, സെക്കുലറിസം എന്നീ വാക്കുകൾ ഒഴിവാക്കിയ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാർ പങ്കുവെച്ചിരുന്നു. എന്നാൽഇതിനെ ചോദ്യം ചെയ്ത് യഥാർത്ഥ ഭരണഘടനയുടെ ആമുഖം വീണ്ടും പരിശോധിക്കാം എന്ന അടിക്കുറിപ്പോടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഭരണഘടനയുടെ ആമുഖത്തിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പലരും രംഗത്ത് വരികയും ചെയ്തു.

ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാൻ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന മോദി സർക്കാരിൽ നിന്നും ഇത്തരമൊരു നീക്കമുണ്ടായതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ജനാധിപത്യ രാജ്യത്തിൽ വിശ്വസിക്കുന്ന ഒരു ഇന്ത്യൻ പൗരന് തീർത്തും നിരാശയുണ്ടാക്കുന്ന നടപടിയാണ്  ഭരണഘടനയുടെ തിരുത്തലിലൂടെ ഉണ്ടായിരിക്കുന്നത്. 

ഭരണഘടന ദുരുപയോഗം ചെയ്യുന്നതു കണ്ടാൽ അത് ആദ്യം കത്തിക്കുന്നത് ഞാനായിരിക്കും’… മുഖവുര കൂടാതെ തന്നെ ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നിൽ ഈ വാക്കുകൾ പറഞ്ഞതാരാണെന്ന് അവതരിപ്പിക്കാനാകും.

ഏപ്രിൽ 14ന് ഭരണഘടന ശിൽപിയായ ഡോ. ബി ആർ അംബേദ്കറുടെ 133ാം ജന്മവാർഷികമാണ്. കരട് ഭരണഘടനയുടെ അവസാനവട്ട ചർച്ചകൾക്കിടയിൽ ഭരണഘടന സമിതിയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ അംബേദ്കർ തൻ്റെ ചില ആശങ്കകൾ കൂടി പങ്കുവെച്ചിരുന്നു.

ഇന്ത്യക്ക് വീണ്ടും സ്വതന്ത്ര്യം നഷ്ടപ്പെടുമോ എന്നതാണ് ഭാവിയെക്കുറിച്ചുള്ള തൻ്റെ ഉത്കണ്ഠയെന്നും രാഷ്ട്രീയ പാർട്ടികൾ അവരുടെ താൽപര്യത്തെ രാജ്യത്തിന് മുകളിൽ പ്രതിഷ്ഠിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അംബേദ്കറിൻ്റെ ഈ ഭയം ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെ ഉള്ളിലും ശക്തിയാർജിച്ചു വരികയാണ്. നിലവിലെ ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണവും സാഹചര്യങ്ങളുമൊക്കെ തന്നെയാണ് ഇത്തരമൊരു ഭയമുണ്ടാകാനുള്ള കാരണം. ഭരണഘടന ശിൽപിയെ തള്ളിപ്പറയുന്ന, ന്യൂനപക്ഷങ്ങളുടെ ഉന്മൂലനം ആഗ്രഹിക്കുന്ന ഭരണകൂടമുള്ള രാജ്യത്ത് ഇങ്ങനെയൊരു ചിന്ത ജനിച്ചുവെന്നത് സ്വാഭാവികമാണ്.

1946 ഡിസംബർ 13നാണ് ജവഹർലാൽ നെഹ്റു ഭരണഘടന നിർമാണ സഭയിൽ ഭരണഘടനയുടെ ലക്ഷ്യപ്രമേയം അവതരിപ്പിക്കുന്നത്. ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക് ആയിരിക്കണമെന്നും ജനങ്ങൾക്ക് സ്വാതന്ത്ര്യവും നീതിയും അവസരസമത്വവും ലഭിക്കണമെന്നും പിന്നോക്ക വിഭാഗങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നുമുള്ള ആശയങ്ങൾ നെഹ്റു മുന്നോട്ട് വെച്ചിരുന്നു.

എന്നാൽ ഇതിൽ കുറച്ച് മാറ്റങ്ങൾ അംബേദ്കറിന് നിർദേശിക്കാനുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തിൽ അദ്ദേഹം ഒരു പ്രബന്ധം തയ്യാറാക്കി. എന്നാൽ അതിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. 

നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയത്തിൽ പ്രതിപാദിക്കാതിരുന്ന ഒരു കാര്യം കൂടി അംബേദ്കർ ഭരണഘടന ആമുഖത്തിൽ കൂട്ടിച്ചേർത്തു. അത് സാഹോദര്യമായിരുന്നു. സ്വാതന്ത്ര്യത്തിനും സമത്വത്തിനുമൊപ്പം സാഹോദര്യവും കൂട്ടിച്ചേർക്കേണ്ടത് പ്രാധാന്യമർഹിക്കുന്ന സമയമാണിതമെന്ന് ഭരണഘടന നിർമാണസഭയുടെ അധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിനെഴുതിയ കത്തിൽ അംബേദ്കർ പറയുന്നു.

ലക്ഷ്യപ്രമേയത്തിൽ സ്വാതന്ത്ര്യത്തിന് ഉപയോഗിച്ചിരുന്ന ഫ്രീഡം എന്ന വാക്ക് മാറ്റി ലിബർട്ടി എന്ന് അംബേദ്കർ തിരുത്തിയെഴുതി. ജാതീയവും മതപരവുമായ വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് 1948ൽ അവതരിപ്പിച്ച ഭരണഘടനയുടെ ആമുഖത്തിൽ അംബേദ്കർ പരാമർശിച്ചിരുന്നത്. 

ദളിത് വിഭാഗമായ മഹർ ജാതിയിൽ ജനിക്കുകയും  സമൂഹത്തിൽ നിന്നും  ജാതീയമായ വേർതിരിവുകൾ നേരിടുകയും ഭരണഘടനയുടെ നിർമാണ പ്രകിയയിൽ അമരത്തെത്തുകയും ചെയ്ത അംബേദ്കറിനെയും അദ്ദേഹത്തിൻ്റെ പരിശ്രമത്തെയും നിഷ്ഫലമാക്കുന്ന കാര്യങ്ങളാണ് ഇന്നത്തെ ഇന്ത്യയിൽ നടക്കുന്നത്.

സ്വാതന്ത്ര്യവും ഐക്യവും ലക്ഷ്യം വെച്ച്  അംബേദ്കർ നടത്തിയ കൂട്ടിച്ചർക്കലുകളെ ഭിന്നിപ്പിക്കുന്ന തരത്തിലേക്ക് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നു. പശുവിൻ്റെ പേരിൽ കൂട്ടക്കൊല ചെയ്യപ്പെടുന്ന മുസ്ലീങ്ങൾ, അവകാശം നിഷേധിക്കപ്പെടുന്ന ദളിതർ തുടങ്ങിയ വംശീയമായ ആക്രമണങ്ങൾ  ഇന്ത്യയിലെ നിത്യേനയുള്ള വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. രാജ്യത്തിനുമേൽ വിശ്വാസത്തെ സ്ഥാപിച്ച്  ജനപ്രീതി നേടുന്ന ഭരണകർത്താക്കളുള്ള രാജ്യത്ത് അംബേദ്കറൈറ്റ് ആശയങ്ങളുടെ പ്രസക്തി വലുതാണ്. 

FAQs

എന്താണ് ഇന്ത്യൻ ഭരണഘടന?

ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു.

എന്താണ് ഹിന്ദുത്വം?

ഹിന്ദു ദേശീയതയെ കുറിക്കുന്ന ഒരു സംജ്ഞയാണ് ഹിന്ദുത്വം. വിനായക് ദാമോദർ സവർക്കർ 1923-ൽ  ‘ഹൂ ഈസ് ഹിന്ദു?’ എന്ന പുസ്തകത്തിലാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ആർഎസ്എസ്,ബിജെപി, വിശ്വഹിന്ദു പരിഷത്, ബജ്‌രംഗ് ദൾ പോലുള്ള സംഘ് പരിവാർ സംഘടനകളാണ് മുൻനിര ഹിന്ദുത്വ ആശയത്തിന്റെ വക്താക്കളായി അറിയപ്പെടുന്നത്.

എന്താണ് അംബേദ്കറിസം?

ജവഹർലാൽ നെഹ്‌റു മന്ത്രിസഭയിലെ നിയമ -നീതി മന്ത്രിയും ഇന്ത്യൻ സാമ്പത്തിക വിദഗ്ധനും  സാമൂഹിക പരിഷ്‌കർത്താവുമായ ബി ആർ അംബേദ്കറിൻ്റെ പ്രത്യയശാസ്ത്രം അല്ലെങ്കിൽ തത്ത്വചിന്തയാണ് അംബേദ്കറിസം.

Quotes

സ്ത്രീകൾ നേടിയ പുരോഗതിയുടെ തോത് കൊണ്ടാണ് ഞാൻ ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്നത് – ഡോ. ബി ആർ അംബേദ്കർ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.