Mon. May 20th, 2024

നിങ്ങള്‍ അത്ര നിഷ്‌കളങ്കരല്ലെന്നും ക്ഷമ സ്വീകരിക്കുന്നത് ആലോചനയിലാണെന്നും വ്യക്തമാക്കിയ പരമോന്നത കോടതി ഒരാഴ്ചയ്ക്കുള്ളില്‍ പരസ്യ മാപ്പ് പറയണമെന്നും നിര്‍ദേശിച്ചു

 

തഞ്ജലി ഉത്പന്നങ്ങളുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ച് വ്യാജ പരസ്യം നല്‍കിയ കേസില്‍ വീണ്ടും സുപ്രീംകോടതിയില്‍ മാപ്പപേക്ഷിച്ചിരിക്കുകയാണ് പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും. തെറ്റ് പറ്റിയെന്നും ഭാവിയില്‍ ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഇരുവരും കോടതിയില്‍ പറഞ്ഞു.

നിങ്ങള്‍ അത്ര നിഷ്‌കളങ്കരല്ലെന്നും ക്ഷമ സ്വീകരിക്കുന്നത് ആലോചനയിലാണെന്നും വ്യക്തമാക്കിയ പരമോന്നത കോടതി ഒരാഴ്ചയ്ക്കുള്ളില്‍ പരസ്യ മാപ്പ് പറയണമെന്നും നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഹര്‍ജി പരിഗണിക്കവേ ഇരുവരോടും നേരിട്ടാണ് ജഡ്ജിമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. കോടതി നിര്‍ദേശം ഉണ്ടായിട്ടും നിയമനടപടി ലംഘിച്ചതിനെക്കുറിച്ച് ആരാഞ്ഞ കോടതിയോട് ഗവേഷണം നടത്തിയാണ് മരുന്നുകള്‍ പുറത്തിറക്കുന്നതെന്നായിരുന്നു രാംദേവിന്റെ മറുപടി. കോടതിയലക്ഷ്യക്കേസില്‍ ജയിലടക്കാന്‍ കോടതികള്‍ക്ക് ആകുമെന്നും ജഡ്ജിമാര്‍ മുന്നിറിയിപ്പ് നല്‍കി.

”യോഗയ്ക്കു വേണ്ടി നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങളില്‍ ഞങ്ങള്‍ ബഹുമാനം ഉണ്ട്, അതുകൊണ്ട് നിങ്ങള്‍ക്ക് ആലോപ്പതിയെ തരംതാഴ്ത്താന്‍ കഴിയില്ല. ഏതെങ്കിലും ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ ലക്ഷ്യം വച്ചെല്ല കോടതി അലക്ഷ്യ നടപടിയെന്നും, എല്ലാവരും നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് നടപടിയെന്നും’ ഡിവിഷന്‍ ബഞ്ച് ഓര്‍മിപ്പിച്ചു.

മറ്റു മരുന്നകളെ മോശപ്പെടുത്തിയെന്നും മാറാരോഗങ്ങള്‍ക്കെന്ന പേരില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ക്ക് പരസ്യം കൊടുത്തുവെന്നും പതഞ്ജലിയുടെ നടപടിയെ കുറ്റപ്പെടുത്തിക്കൊണ്ട് കോടതി പറഞ്ഞു.

ബാബ രാംദേവ് screengrab, copyright: AFP

”തികച്ചും നിരുത്തരവാദപരമായാണ് നിങ്ങള്‍ പ്രവര്‍ത്തിച്ചത്. ഭേദമാക്കാനാകാത്ത രോഗങ്ങള്‍ക്ക് ചികിത്സിക്കാനുള്ള മരുന്നുകളെന്ന പേരില്‍ നിങ്ങള്‍ പരസ്യങ്ങള്‍ നല്‍കി. ഇതുവരെ ആരും ചെയ്യാത്ത കാര്യങ്ങളാണിത്. കോടതിയുടെ ഉത്തരവുണ്ടായിട്ടും നിങ്ങള്‍ വ്യാജ പരസ്യങ്ങള്‍ ചെയ്തു. ചരക മഹര്‍ഷിയുടെ കാലം മുതലുള്ളതാണ് ആയുര്‍വേദം. നിങ്ങളുടെ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തിനാണ് മറ്റ് ചികിത്സ രീതികളെ നിങ്ങള്‍ അവമതിക്കുന്നത്?”, കോടതി ഇരുവരോടും ചോദിച്ചു.

കഴിഞ്ഞ വാദത്തില്‍ രാംദേവും ബാലകൃഷ്ണയും സമര്‍പ്പിച്ച ക്ഷമാപണം കോടതി തള്ളിയിരുന്നു. തങ്ങള്‍ അന്ധരല്ലെന്നും ഈ കേസില്‍ ഉദാരത കാണിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു കോടതി ക്ഷമാപണം നിരസിച്ചത്. ഹരിദ്വാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പതഞ്ജലിക്കെതിരെ എന്തുകൊണ്ട് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും കോടതി ചോദിച്ചിരുന്നു.

വിഷയത്തില്‍ കേന്ദ്രത്തിന്റെ മറുപടിയില്‍ തൃപ്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പതഞ്ജലി കോടതിയലക്ഷ്യം നടത്തിയിട്ടും അതിനെ നിയന്ത്രിക്കുന്നതില്‍ നടപടിയെടുക്കാതിരുന്നതിനെ ചൊല്ലി കേന്ദ്രത്തിനും കോടതിയുടെ വിമര്‍ശനമുണ്ടായിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്ന മരുന്നുകളുടെ ഇലക്ട്രോണിക്, പ്രിന്റ് പരസ്യങ്ങള്‍ ഉടന്‍ നിര്‍ത്താന്‍ ഫെബ്രുവരി 27ന് സുപ്രീംകോടതി സ്ഥാപനത്തോട് നിര്‍ദേശിച്ചിരുന്നു.

കോടതിയുടെ ഉത്തരവ്, പതഞ്ജലിയുടെ മീഡിയ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടാതിരുന്നതാണ് പരസ്യങ്ങള്‍ വീണ്ടും പ്രസിദ്ധപ്പെടുത്താന്‍ കാരണമായതെന്ന് ആചാര്യ ബാലകൃഷ്ണ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ മീഡിയ വിഭാഗത്തെ കാര്യങ്ങള്‍ അറിയിക്കേണ്ട ചുമതല സ്ഥാപനത്തിനാണെന്നായിരുന്നു കോടതിയുടെ മറുപടി.

അതേസമയം, കോടതിയലക്ഷ്യത്തിന് നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പായതോടെയാണ് പരസ്യമായ മാപ്പ് പറച്ചലിന് തയ്യാറാണെന്ന് ഇരുവരും അറിയിച്ചത്. കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് ഏപ്രില്‍ 23 ലേക്ക് മാറ്റിയിരിക്കുകയാണ്. അന്നും രാംദേവും ബാലകൃഷ്ണയും ഹാജരാകണം. അടുത്ത വാദത്തിനു മുമ്പായി പരസ്യമായി മാപ്പ് പറഞ്ഞിരിക്കണമെന്നാണ് കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

പതഞ്ജലിക്കെതിരായ ആരോപണം

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊറോണ വൈറസ് പോലുള്ള വിട്ടുമാറാത്ത രോഗങ്ങളെ സുഖപ്പെടുത്താന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന പരസ്യങ്ങള്‍ പതഞ്ജലി പ്രസിദ്ധീകരിച്ചിരുന്നു. 2021 ല്‍ കൊവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷമാണ് കൊവിഡിനെതിരെയുള്ള മരുന്നെന്ന് അവകാശപ്പെട്ട ‘കൊറോണില്‍’ പതഞ്ജലി പുറത്തിറക്കുന്നത്.

‘കൊവിഡ് 19-നുള്ള ആദ്യത്തെ തെളിവ് അടിസ്ഥാനമാക്കിയുള്ള മരുന്ന്’ എന്ന് അവകാശപ്പെട്ടായിരുന്നു മരുന്ന് പുറത്തിറക്കിയത്. ചടങ്ങില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധനും പങ്കെടുത്തിരുന്നു. കൂടാതെ ഉല്‍പ്പന്നം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സാക്ഷ്യപ്പെടുത്തി അംഗീകരിച്ചിട്ടുണ്ടെന്ന് പരസ്യ പോസ്റ്ററില്‍ നല്‍കുകയും ചെയ്തിരുന്നു.

കൊറോണ വൈറസ് ഭേദമാക്കാന്‍ പ്രകൃതിദത്ത മരുന്നുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയതോടെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പതഞ്ജലിക്കെതിരെ നിയമപോരാട്ടം ആരംഭിക്കുന്നത്.

ആചാര്യ ബാലകൃഷ്ണന്‍ screengrab, copyright: India TV

അലോപ്പതിയെ ലക്ഷക്കണക്കിന് ആളുകളുടെ കൊലയാളിയായി പ്രഖ്യാപിച്ച് പതഞ്ജലിയുടെ സ്ഥാപകന്‍ ബാബ രാംദേവ് ഐഎംഎയുമായി നേരിട്ട് ഏറ്റുമുട്ടി. മാപ്പ് പറയണമെന്നും അലോപ്പതിയെക്കുറിച്ചുള്ള ആ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഐഎംഎ രാംദേവിന് വക്കീല്‍ നോട്ടീസ് അയച്ചു.

ഇതിനു ശേഷം 2022 ല്‍ ‘അലോപ്പതി വഴി തെറ്റിദ്ധാരണകള്‍ പടരുന്നു: ഫാര്‍മയും മെഡിക്കല്‍ വ്യവസായവും പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകളില്‍ നിന്ന് നിങ്ങളെയും രാജ്യത്തെയും രക്ഷിക്കൂ’ എന്ന തലക്കെട്ടോടെ രാജ്യത്തെ പ്രമുഖ മാധ്യമങ്ങളില്‍ പതഞ്ജലി പരസ്യം നല്‍കി. പരസ്യ വാചകത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് 2022 ആഗസ്റ്റില്‍ ഐഎംഎ സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

ഐഎംഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ രാംദേവ് അലോപ്പതിയെ ‘വിഡ്ഢിത്തവും പാപ്പരത്തവുമായ ശാസ്ത്രം’ എന്ന് വിശേഷിപ്പിച്ച മറ്റ് സംഭവങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ അലോപ്പതി മെഡിസിന്‍ കൊവിഡ് മരണങ്ങള്‍ക്ക് വഴിവാക്കുന്നതായും രാംദേവ് ആരോപിച്ചിരുന്നു.

ഇത്തരം വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിലൂടെ പതഞ്ജലിയും കൊവിഡ് മഹാമാരിക്കാലത്ത് ആളുകള്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനു കാരണക്കാരായിട്ടുണ്ടെന്ന് ഐഎംഎ വാദിച്ചിരുന്നു.

ഡ്രഗ്‌സ് ആന്‍ഡ് അദര്‍ മാജിക്കല്‍ റെമഡീസ് ആക്ട്-1954, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ്-2019 എന്നിവയുടെ നേരിട്ടുള്ള ലംഘനമാണ് പരസ്യമെന്നാണ് ഐഎംഎ അവകാശപ്പെടുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഈ രണ്ട് ചട്ടങ്ങള്‍ പ്രകാരം കുറ്റകരമാണ്.

ഡ്രഗ്‌സ് ആന്‍ഡ് അദര്‍ മാജിക്കല്‍ റെമഡീസ് ആക്ട് പ്രകാരം മരുന്നിന് എന്ത് ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് തെറ്റായ ധാരണ നല്‍കുകയോ, മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയോ, അല്ലെങ്കില്‍ പൊതുവെ തെറ്റായതോ വഞ്ചനാപരമോ ആണെങ്കില്‍, ഒരു പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതായാണ് കണക്കാക്കുക.

ഡ്രഗ്‌സ് ആന്‍ഡ് അദര്‍ മാജിക്കല്‍ റെമഡീസ് ആക്ട് പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിക്കുന്നത് ആറ് മാസം വരെ തടവും അല്ലെങ്കില്‍ പിഴയും ലഭിക്കുന്ന ശിക്ഷയാണ്.

ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 89, ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകുന്ന, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സൃഷ്ടിക്കുന്ന നിര്‍മ്മാതാക്കള്‍ക്കോ സേവന ദാതാക്കള്‍ക്കോ കടുത്ത പിഴ ചുമത്തുന്നുണ്ട്. ഈ വകുപ്പ് പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ആദ്യ കുറ്റത്തിന് രണ്ട് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍, ശിക്ഷ കൂടുതല്‍ കഠിനമാകും. അഞ്ച് വര്‍ഷം വരെ തടവും അമ്പത് ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം.

ഐഎംഎയുടെ പരാതിയില്‍ നിരവധി ഹിയറിംഗുകള്‍ക്ക് ശേഷം, 2022 നവംബറില്‍ പതഞ്ജലിക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് സുപ്രീം കോടതി അറിയിച്ചു. കൂടാതെ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ ഭേദമാക്കുന്നതിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കരുതെന്ന മുന്നറിയിപ്പും നല്‍കി. നിയമത്തിന്റെ ലംഘനം ഉണ്ടാവില്ലെന്ന് പതഞ്ജലിയും സുപ്രീംകോടതിയെ അറിയിച്ചു.

എന്നാല്‍ 2024 ജനുവരി 15ന് പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ച് ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് അമാനുള്ളയ്ക്കും ഒരു അജ്ഞാത കത്ത് ലഭിച്ചിരുന്നു. തുടര്‍ന്ന് ഫെബ്രുവരിയില്‍ സുപ്രീം കോടതി രാംദേവിനും മാനേജിംഗ് ഡയറക്ടര്‍ക്കും കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നോട്ടീസിനോട് പ്രതികരിക്കാതിരുന്ന പതഞ്ജലിയുടെ ധിക്കാരമാണ് സുപ്രീം കോടതിയെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

ബാബ രാംദേവും ആചാര്യ ബാലകൃഷ്ണനും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം screengrab, copyright: ANI

ഫെബ്രുവരി 27 ന് നടന്ന ഹിയറിംഗില്‍, രോഗങ്ങള്‍ക്ക് ”ശാശ്വതമായ ആശ്വാസം” നല്‍കാമെന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ പരമ്പരാഗത മരുന്നുകളേക്കാള്‍ മികച്ചതാണെന്നുമുള്ള അവകാശവാദങ്ങളോടെ പതഞ്ജലി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തുടര്‍ന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഡ്രഗ്‌സ് ആക്റ്റ് വ്യക്തമായി നിരോധിച്ചിട്ടുള്ള ഒരു വിഷയത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ രണ്ട് വര്‍ഷമെടുത്തതില്‍ ജസ്റ്റിസ് അമാനുള്ള രോഷം പ്രകടിപ്പിച്ചു. രാജ്യത്തെ മുഴുവന്‍ കബളിപ്പിക്കുന്ന, ഡ്രഗ്‌സ് ആക്ട് പ്രകാരം നിരോധിക്കണമെന്ന് പറയുന്നൊരു കാര്യത്തില്‍ നിങ്ങള്‍ രണ്ട് വര്‍ഷമായി കാത്തിരിക്കുകയാണോ? എന്നായിരുന്നു കോടതി ചോദിച്ചത്.

പതഞ്ജലിയുടെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് കണ്ടെത്തിയ കോടതി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പതഞ്ജലി ഔഷധ ഉല്‍പ്പന്നങ്ങളുടെ പരസ്യമോ ബ്രാന്‍ഡിംഗോ പൂര്‍ണമായും നിരോധിച്ചു. കൂടാതെ, ഏതെങ്കിലും മാധ്യമം വഴി ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് മോശമായ പ്രസ്താവനകള്‍ നടത്തുന്നതിനെതിരെയും കോടതി പതഞ്ജലിക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, പതഞ്ജലി ഗ്രൂപ്പ് പുറത്തിറക്കിയ മരുന്നുകളുടെ പരസ്യം നല്‍കിയതിന് അച്ചടി മാധ്യമ സ്ഥാപനങ്ങളായ മാതൃഭൂമിക്കും ടൈംസ് ഓഫ് ഇന്ത്യക്കും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ) കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ നേത്രരോഗ വിദഗ്ധന്‍ ഡോ. കെവി ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മാധ്യമ സ്ഥാപനങ്ങള്‍ക്ക് പിസിഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

ദിവ്യ ലിപിഡോം, ദിവ്യ ലിവോഗ്രിത്, ദിവ്യ ലിവാമൃത് അഡ്വാന്‍സ്, ദിവ്യ മധുനാശിനി വതി, ദിവ്യ മധുനാശിനി ടാബ്ലറ്റ് എന്നീ മരുന്നുകളാണ് പതഞ്ജലി മാര്‍ക്കറ്റിങ് വിഭാഗമായ ദിവ്യ ഫാര്‍മസി പുറത്തിറക്കിയത്. പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന് കീഴിലുള്ള ദിവ്യ ഫാര്‍മസിക്കെതിരെ ബാബു ആദ്യമായി പരാതി നല്‍കുന്നത് 2022 ഫെബ്രുവരി 24നാണ്. തുടര്‍ന്ന്, സമാനമായ കേസില്‍ പതഞ്ജലിക്കെതിരെ അഞ്ചിലധികം പരാതികളും 150ലധികം വിവരാവകാശ അഭ്യര്‍ത്ഥനകളും ബാബു ഫയല്‍ ചെയ്തിരുന്നു.

ബിജെപിയും രാംദേവും

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് കോടീശ്വരനായി മാറിയ നാലു വ്യവസായികളിലൊരാളാണ് ബാബാ രാംദേവ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ഷോകളിലൂടെ മോദിക്ക് വോട്ടുചെയ്യാന്‍ ലക്ഷക്കണക്കിന് അനുയായികളെ പരസ്യമായി ഉദ്ബോധിപ്പിക്കുകയും ഒപ്പം കൂട്ടുകയും ചെയ്തു. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ രാംദേവിന്റെ ബിസിനസ് സാമ്രാജ്യവും വളര്‍ന്നു.

ബാബ രാംദേവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും screengrab, copyright: WJCT

2014 നും 2018 നും ഇടയില്‍, പതഞ്ജലി ബില്യണ്‍ ഡോളര്‍ കമ്പനിയിലേക്ക് ഉയര്‍ന്നു. ആറു ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള ഇന്ത്യയിലെ ധനികരായ 20 ആളുകളിലൊന്നില്‍ രാംദേവുമെത്തി. ഹെര്‍ബല്‍ പൗഡറുകളും ജെല്ലികളും നിര്‍മിക്കുന്നതില്‍ നിന്ന്, സോപ്പ്, ഡിറ്റര്‍ജന്റുകള്‍, ടൂത്ത് പേസ്റ്റുകള്‍, അടുക്കള സാമഗ്രികള്‍, ബേബി പൗഡറുകള്‍, വെറ്റ് വൈപ്പുകള്‍, ഡൈജസ്റ്റീവ് ബിസ്‌ക്കറ്റുകള്‍, കുക്കികള്‍, കോണ്‍ ഫ്ളേക്സ്, വെര്‍മിസെല്ലി തുടങ്ങിയ ഗാര്‍ഹിക ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് കമ്പനി വളര്‍ന്നു.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍ തുടങ്ങിയ ഭീമന്‍മാരുടെ വിപണി വിഹിതം പതഞ്ജലി സ്വന്തമാക്കി. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാറുകള്‍, സൈനിക കാന്റീനുകള്‍, ന്യായവില കടകള്‍ എന്നിവിടങ്ങളില്‍ പതഞ്ജലി ഉല്‍പന്നങ്ങള്‍ നിറച്ചു.

2013ല്‍ ആയിരം കോടി വരുമാനമുണ്ടായിരുന്ന പതഞ്ജലി ഗ്രൂപ്പ് 2017 ല്‍ 10,000 കോടിക്ക് മുകളില്‍ വരുമാനമുണ്ടാക്കി. മധ്യപ്രദേശില്‍ 40 ഏക്കര്‍ സ്ഥലം വാങ്ങിയത് വിപണി വിലയേക്കാള്‍ 80 ശതമാനം കുറച്ചാണ്. അതില്‍ നിന്ന് മാത്രം ലാഭം 64.75 കോടി രൂപയാണ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള 234 ഏക്കര്‍ സെസ് ഭൂമിക്ക് പതഞ്ജലി നല്‍കിയത് 5.9 കോടി രൂപ. എന്നാല്‍ ഭൂമിയുടെ വിപണി വില 260 കോടി രൂപയാണ്. അസമില്‍ 2014 ഡിസംബറില്‍ 1200 ഏക്കര്‍ ഭൂമി സൗജന്യമായി കരാര്‍ വ്യവസ്ഥയില്‍ നല്‍കി. ഹരിദ്വാറിലെ പദഞ്ജലി ഫുഡ്പാര്‍ക്കിന് സുരക്ഷ നല്‍കുന്നത് സിഐഎസ്എഫ് ആണ്.

ഇതുമാത്രമല്ല പതഞ്ജലിയുടെ പരസ്യങ്ങളും വിവാദമുണ്ടാക്കിയിരുന്നു. ഇരുണ്ട ചര്‍മത്തെ ചര്‍മരോഗമായി കണക്കാക്കുന്നതായിരുന്നു 2018ല്‍ പതഞ്ജലി മുഖത്ത് തേക്കുന്ന ക്രീമിന് നല്‍കിയ പരസ്യം. 2017ലെ എണ്ണയുടെ പരസ്യം പറയുന്നത് അത് വാങ്ങല്‍ രാജ്യസ്നേഹികളുടെ ബാധ്യതയാണെന്നാണ്. മറ്റു കമ്പനികളുടെ ഉല്‍പന്നങ്ങളെ ആക്ഷേപിക്കുന്നതായിരുന്നു ചില പരസ്യങ്ങള്‍. 2016 ഡിസംബറില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ പതഞ്ജലിക്ക് 11 ലക്ഷം രൂപ പിഴയിട്ടിരുന്നു.

FAQs

ആരാണ് ബാബ രാംദേവ്?

യോഗപരിശീലകനെന്ന് അവകാശപ്പെടുന്ന സന്യാസിയാണ് ബാബാ രാദേവ് എന്നറിയപ്പെടുന്ന രാംദേവ്. ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിൽ ഹസാരിബാഗ് അലി സയ്ദ്‌പൂർ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്ന രാം കൃഷ്ണ യാദവ് ആണ് യോഗാചര്യൻ ബാബാ രാദേവ് ആയിത്തീർന്നത്.

എന്താണ് ഐഎംഎ?

ഇന്ത്യയിലെ മെഡിക്കൽ ഡോക്ടർമാരുടെ ഒരു ദേശീയ സന്നദ്ധ സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). 1928-ൽ ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ എന്ന പേരിൽ സ്ഥാപിതമായി. 1930-ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സൊസൈറ്റീസ് ആക്ട് ഓഫ് ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്ത ഒരു സൊസൈറ്റിയാണിത്.

എന്താണ് ബിജെപി?

1951 ഒക്ടോബർ 21-ന് ശ്യാമ പ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ രൂപീകൃതമായ ആർഎസ്എസിന്റെ രാഷ്ട്രീയ വിഭാഗമായ ഭാരതീയ ജനസംഘത്തിന്റെ ഇന്നത്തെ രൂപമാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി). 2014 മെയ് 26 മുതൽ ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്.

Quotes

“അന്യായമായ നിയമങ്ങൾ അനുസരിക്കാതിരിക്കാൻ ഒരാൾക്ക് ധാർമ്മിക ഉത്തരവാദിത്തമുണ്ട്- മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.