Sat. Oct 12th, 2024

വാഷിംഗ്ടൺ: യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൽ അർഫത്താണ് മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

കഴിഞ്ഞ മൂന്നാഴ്ച മുൻപ് മുതൽ അർഫത്തിനെ കാണാതായിരുന്നു. ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി 2023 ലാണ് അർഫത്ത് യുഎസിൽ എത്തിയത്.

മാർച്ച് ഏഴിനാണ് അർഫത്തുമായി അവസാനമായി സംസാരിച്ചതെന്ന് പിതാവ് മുഹമ്മദ് സലീം പറഞ്ഞു. പിന്നീട് അർഫത്തിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പിതാവ് പറയുന്നു.

മാർച്ച് 19 ന് അജ്ഞാത ഫോൺ കോൾ അർഫത്തിന്റെ കുടുംബത്തിന് ലഭിച്ചിരുന്നു. മയക്കുമരുന്ന് വിൽക്കുന്ന സംഘം അർഫത്തിനെ തട്ടിക്കൊണ്ടുപോയെന്നും 1200 ഡോളർ ആവശ്യപ്പെട്ടുവെന്നും പിതാവ് വ്യക്തമാക്കുന്നു. മകനോട് സംസാരിക്കണമെന്ന് വിളിച്ചയാളോട് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ലെന്നും പിതാവ് പറഞ്ഞു.

കഴിഞ്ഞാഴ്ച ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ ഉമ സത്യ സായി എന്ന ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഈ വർഷം യുഎസിൽ മരിക്കുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന പതിനൊന്നാമത്തെ ആളാണ് മുഹമ്മദ് അർഫത്ത്. യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥികൾ തുടർച്ചയായി ദുരൂഹ സാഹചര്യത്തിൽ മരിക്കുകയാണ്.