Sat. May 4th, 2024

തെൽ അവീവ്: റഫ ആക്രമിക്കാനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന തെക്കൻ ഗാസയിലെ റഫയിൽ കരയാക്രമണം നടത്തു​ന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടെന്നാണ് വീഡിയോ പ്രസ്താവനയിലൂടെ നെതന്യാഹു വ്യക്തമാക്കിയത്.

“ഹമാസ് പോരാളികൾക്കെതിരായ വിജയത്തിന് റഫയിലേക്ക് പ്രവേശിക്കുകയും അവിടെയുള്ള തീവ്രവാദ ബറ്റാലിയനുകളെ ഇല്ലാതാക്കുകയും വേണം. ഇത് സംഭവിക്കും. അതിനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ട്.”, നെതന്യാഹു പറഞ്ഞു. എന്നാൽ ആക്രമണം എപ്പോൾ സംഭവിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടില്ല.

ഖാൻ യൂനിസിൽ നിന്ന് ഇസ്രായേൽ ​സൈനിക ബറ്റാലിയനുകൾ കൂട്ടത്തോടെ പിൻമാറിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പുതിയ പ്രഖ്യാപനം.

നേരത്തെ ഗാസയിലുടനീളമുള്ള ജനങ്ങളെ സുരക്ഷിത സ്ഥലമെന്ന് പറഞ്ഞാണ് റഫയിലേക്ക് മാറ്റിയത്. കരയാക്രമണത്തിന് മുന്നോടിയായി ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കൽ സാധ്യമല്ലെന്നാണ് യുഎസ് അടക്കം ചൂണ്ടിക്കാട്ടുന്നത്.

റഫയിൽ ആക്രമണം നടത്താനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ കടുത്ത എതിർപ്പാണ് അന്താരാഷ്ട്ര തലത്തിലുള്ളത്. ഗാസയിൽ സർവനാശം വിതച്ച് ഇസ്രായേൽ തുടക്കമിട്ട അധിനിവേശത്തിന് ആറുമാസം പിന്നിട്ടിരിക്കുകയാണ്.