Sat. May 18th, 2024

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറികളാണെന്നും ഹേറ്റ് സ്റ്റോറികളല്ലെന്നും ഗീവര്‍ഗീസ് കൂറിലോസ്. ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ വിമര്‍ശിക്കുകയായിരുന്നു ഗീവര്‍ഗീസ് കൂറിലോസ്.

“യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ‘ലവ് സ്റ്റോറി’ ( സ്നേഹത്തിന്റെ കഥകൾ) കളാണ്, മറിച്ച് ‘ഹേറ്റ് സ്റ്റോറി’ ( വിദ്വേഷത്തിന്റെ കഥകൾ ) കളല്ല.”, ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.

യാക്കോബായ സഭാ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്നു കൂറിലോസ് കഴിഞ്ഞ വർഷം നവംബറിലാണ് സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്.

ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശത്തിനെതിരെ ഗീവര്‍ഗീസ് കൂറിലോസ് രംഗത്തെത്തിയിരുന്നു. സുവിശേഷം സ്‌നേഹത്തിന്റേതാണെന്നും വിദ്വേഷത്തിന്റേതല്ല എന്നുമായിരുന്നു അന്ന് ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞിരുന്നത്. സംഘ്പരിവാറിന്റെ ലൗ ജിഹാദ് പ്രചരണത്തിനെതിരെയും ഗീവര്‍ഗീസ് കൂറിലോസ് രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ നാലാം തീയതി ഇടുക്കി രൂപത വിശ്വാസോത്സവത്തിന്‍റെ ഭാഗമായി കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയിരുന്നത്.

പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറഞ്ഞിരുന്നത്. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും രൂപത വാദിക്കുന്നു.

ശനിയാഴ്ച താമരശ്ശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശ്ശേരി കെസിവൈഎം അറിയിച്ചു.