Mon. Dec 23rd, 2024

ന്യൂഡൽഹി: വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സിപിഐ നേതാവ് ആനി രാജയെ മത്സരിപ്പിക്കുന്നതിനെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനായി സിപിഐയെ ഡൽഹിയിൽ കെട്ടിപ്പിടിക്കുകയും കേരളത്തിൽ എതിരിടുകയുമാണ് കോൺഗ്രസ് പാർട്ടിയെന്ന് സ്മൃതി ഇറാനി പരിഹസിച്ചു.

ഒരു വശത്ത് രാഹുൽ ഗാന്ധിയോട് ഉത്തർപ്രദേശിൽ പോയി മത്സരിക്കാനാണ് കേരളത്തിലെ ഇടതുമുന്നണി ആവശ്യപ്പെടുന്നത്. എന്നാൽ ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങളിൽ അവർ പരസ്പ്പരം കെട്ടിപ്പിടിക്കുന്നുവെന്നും സ്മൃതി ഇറാനി പരിഹസിച്ചു.

“ഡൽഹിയിൽ കെട്ടിപ്പിടിത്തവും കേരളത്തിൽ യാചനയും.”, സ്മൃതി ഇറാനി കോൺഗ്രസ് സഖ്യത്തിനെതിരെ ആഞ്ഞടിച്ചു.

നിലവിൽ വയനാട്ടിലെ സിറ്റിംഗ് എംപിയാണ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ തോൽപിച്ചാണ് സ്മൃതി ഇറാനി എംപിയായത്. ഇത്തവണ അമേഠിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് 4.31 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. 64.94 % വോട്ട് നേടിയാണ് രാഹുല്‍ ഗാന്ധി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീറിനെ പരാജയപ്പെടുത്തിയത്. എന്‍ഡിഎ പ്രതിനിധീകരിച്ച് തുഷാര്‍ വെള്ളാപ്പള്ളിയെ രംഗത്തിറക്കിയെങ്കിലും വെറും 78000 വോട്ടുകള്‍ മാത്രമാണ് നേടിയത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റുകളും യുഡിഎഫ് നേടിയിരുന്നു. കോണ്‍ഗ്രസ് 15, മുസ്ലീം ലീഗ് രണ്ട്, ആര്‍എസ്പി ഒന്ന്, കേരള കോണ്‍ഗ്രസ് എം ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റുകൾ നേടിയിരുന്നു. ആലപ്പുഴയില്‍ ഒരു സീറ്റ് മാത്രമാണ് സിപിഎമ്മിന് നേടാന്‍ കഴിഞ്ഞത്.