വാഷിങ്ടൺ: ഗാസയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ കൈമാറാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. 1800 എംകെ84 2000 എല്‍ബി ബോംബുകളും 500 എംകെ82 500 എല്‍ബി ബോംബുകളും ഉൾപ്പെടെയുള്ള ബില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന ആയുധങ്ങളാണ് അമേരിക്ക ഇസ്രായേലിന് നൽകുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിൻ്റെ പേരിൽ അന്താരാഷ്ട്ര വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് അമേരിക്ക കൂടുതല്‍ ആയുധങ്ങൾ കൈമാറുന്നത്. 2008 ലെ പാക്കേജിൻ്റെ ഭാഗമായാണ് ആയുധങ്ങൾ കൈമാറുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നിലവില്‍ ആയുധങ്ങൾ കൈമാറുന്നതിനെ കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ വാഷിംഗ്ടണിലെ ഇസ്രായേൽ എംബസിയും പ്രതികരിച്ചില്ല.
വര്‍ഷത്തില്‍ 3.8 ബില്ല്യണ്‍ സൈനിക സേവനങ്ങള്‍ അമേരിക്ക ഇസ്രായേലിന്‍ നല്‍കുന്നുണ്ട്.
അതേസമയം, ഗാസയില്‍ ഇസ്രായേൽ ക്രൂരമായ ആക്രമം തുടരുകയാണ്. നിലവില്‍ 32000ത്തിലധികം പേർ കൊല്ലപ്പെട്ടതായും 75092 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടതില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്.
ഗാസയില്‍ പട്ടിണി കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതൽ സഹായം എത്തിക്കാനുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശം ഇസ്രായേൽ തള്ളിയിരുന്നു.