Mon. Dec 23rd, 2024

ഹൈദരാബാദ്: ഹൈദരാബാദിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ടെന്നീസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായി റിപ്പോർട്ട്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ സാനിയ മിർസയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ഗോവ, തെലങ്കാന, യുപി, ഝാര്‍ഖണ്ഡ്, ദാമൻ – ദിയു എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നടന്നിരുന്നു. യോഗത്തിൽ സാനിയയുടെ പേരും ചർച്ചയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

സാനിയയുടെ പേര് നിർദേശിച്ചത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ്. സാനിയയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും ഉപയോഗപ്പെടുത്തി ഹൈദരാബാദിൽ കോൺഗ്രസ് തിരിച്ചുവരാനുള്ള ശ്രമം നടത്തുമെന്നാണ് സൂചന.

1980 ലാണ് കോൺഗ്രസ് അവസാനമായി ഹൈദരാബാദിൽ വിജയിച്ചത്. കോൺഗ്രസ് നേതാവ് കെഎസ് നാരായണനാണ് അന്ന് ഹൈദരാബാദിൽ വിജയിച്ചിരുന്നത്. അസദുദ്ദീൻ ഉവൈസിയാണ് 2004 മുതൽ ഹൈദരാബാദിൽ വിജയം കരസ്ഥമാക്കുന്നത്.