Mon. Dec 23rd, 2024

ന്യൂഡൽഹി: നടിയും എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണൗട്ടിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കോൺ​ഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റില്ല. സുപ്രിയ ശ്രീനേത് മത്സരിക്കാൻ സാധ്യതയുണ്ടായിരുന്ന യുപിയിലെ മഹാരാജ്​ഗഞ്ച് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വീരേന്ദ്ര ചൗധരിയെ പ്രഖ്യാപിച്ചു. ഇന്നലെയായിയുന്നു കോൺഗ്രസ് എട്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.

ഹിമാചലിൽ മണ്ഡിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി കങ്കണയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുപ്രിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കങ്കണക്കെതിരെയുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന്‍ സുപ്രിയ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അറിയിച്ചിരുന്നു.

20 വര്‍ഷ കാലയളവില്‍ എല്ലാവിധത്തിലുള്ള സ്ത്രീകഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്. നിഷ്‌കളങ്കയായ പെണ്‍കുട്ടി മുതല്‍ ചാരവൃത്തി നടത്തുന്ന സ്ത്രീയായും ലൈംഗിക തൊഴിലാളിയായും വിപ്ലവ നേതാവുമായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകളും അന്തസ് അർഹിക്കുന്നുണ്ടെന്നായിരിന്നു എക്സ് പ്ലാറ്റ്ഫോമിലൂടെ കങ്കണ സുപ്രിയയ്ക്ക് മറുപടി നൽകിയിരുന്നത്.

വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിയയ്ക്കു കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാജ്​ഗഞ്ചിൽ മത്സരിച്ച സുപ്രിയ ബിജെപി സ്ഥാനാർത്ഥി പങ്കജ് ചൗധരിയോട് പരാജയപ്പെട്ടിരുന്നു.