Fri. Nov 22nd, 2024

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലിരുന്ന് രണ്ടാമത്തെ ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആരോഗ്യ വകുപ്പിനാണ് കെജ്‌രിവാൾ രണ്ടാമത്തെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൊഹല്ല ക്ലിനിക്കുകളിലെ പ്രശ്നം പരിഹരിക്കണമെന്നാണ് കെജ്‌രിവാൾ നിർദേശം നൽകിയത്.

ഡൽഹിയിലെ ജനങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലാണെന്നും കെജ്‍രിവാൾ പറഞ്ഞതായി എഎപി നേതാവും മന്ത്രിയുമായ സൗരവ് ഭരദ്വാജ് പറഞ്ഞു.

ജലവിഭവ വകുപ്പിലെ നടപടികൾക്കായിട്ടായിരുന്നു കെജ്‌രിവാൾ ജയിലിൽ നിന്ന് ആദ്യ നിർദേശം നൽകിയത്. ഇഡി കസ്റ്റഡിയിലിരുന്ന് കെജ്‌രിവാൾ ഉത്തരവിറക്കിയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ആദ്യ ഉത്തരവ് എങ്ങനെ നൽകിയെന്നതിൽ അന്വേഷണം നടത്തുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. കെജ്‌രിവാൾ കസ്റ്റഡിയിലിരിക്കുന്ന മുറിയൽ കമ്പ്യൂട്ടറോ, പേപ്പറോ, അനുബന്ധ സാധനങ്ങളോ ഇല്ലെന്ന് ഇഡി വ്യക്തമാക്കി.

ഭാര്യ സുനിത കെജ്‌രിവാളിനും പഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിനും വൈകീട്ട് ആറിനും ഏഴിനും ഇടയിൽ അരമണിക്കൂർ കെജ്‌രിവാളിനെ സന്ദർശിക്കാൻ ഇഡി അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ സന്ദർശന സമയത്താണോ കത്തിൽ ഒപ്പിട്ട് നൽകിയതെന്നും ഇഡി അന്വേഷിക്കുന്നുണ്ട്. ഇതിനിടയിലാണ് കെജ്‌രിവാൾ രണ്ടാമത്തെ ഉത്തരവ് നൽകിയിരിക്കുന്നത്.

കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. അറസ്റ്റിലായിട്ടും ഡൽഹി മുഖ്യമന്ത്രിയായി തുടരാനുള്ള കെജ്‌രിവാളിന്‍റെ നീക്കം അദ്ദേഹത്തിന്‍റെ അത്യാഗ്രഹമാണ് ഇത് കാണിക്കുന്നതെന്ന് ബിജെപി നേതാവ് ഹർഷവർദ്ധൻ പറഞ്ഞു.

അതിനിടയില്‍, അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ് പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.