Thu. May 2nd, 2024

ഫുട്ബോൾ കളിയോടുള്ള താൽപ്പര്യം കുറഞ്ഞുവെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയർ. സ്പെയിനിൽ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ മുൻനിർത്തിയാണ് താരത്തിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചുള്ള വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് കരഞ്ഞു കൊണ്ടാണ് വിനീഷ്യസ് ജൂനിയർ പ്രതികരിച്ചത്.

“എനിക്ക് ഫുട്ബോള്‍ കളിക്കാന്‍ മാത്രമാണ് ആഗ്രഹം. പക്ഷേ, മുന്നോട്ട് പോകുന്നത് കഠിനമായിരിക്കുന്നു. സ്പെയിന്‍ വിടുകയെന്ന ചിന്ത ഒരിക്കലും എന്റെ മനസിലൂടെ കടന്നുപോയിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്താല്‍ അവരുടെ ആഗ്രഹം നടപ്പാകും,” വിനീഷ്യസ് ജൂനിയർ പറഞ്ഞു.

“ഞാന്‍ ഇവിടെ തന്നെ തുടരും. വംശീയവാദികള്‍ക്ക് തുടർന്നും എന്റെ മുഖം കാണാനാകുമല്ലോ. ഞാന്‍ ബോള്‍ഡായൊരു താരമാണ്. ഞാന്‍ റയല്‍ മാഡ്രിഡിനുവേണ്ടിയാണ് കളിക്കുന്നത്. ഞങ്ങള്‍ ഒരുപാട് കിരീടങ്ങള്‍ നേടും. ഒരു പക്ഷേ, ഇത് പലർക്കും ഇഷ്ടപ്പെടുന്നുണ്ടാകില്ല,” വിനീഷ്യസ് ജൂനിയർ കൂട്ടിച്ചേര്‍ത്തു.

“സ്പെയിനൊരു വംശീയ രാജ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ ധാരാളം വംശീയവാദികളുണ്ട്. അവരിൽ പലരും സ്റ്റേഡിയത്തിലുണ്ട്.”, വിനീഷ്യസ് ജൂനിയർ പറഞ്ഞു.

2018 മുതല്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ ഭാഗമാണ് വിനീഷ്യസ് ജൂനിയർ. ടീമിലെത്തിയശേഷം നിരവധി തവണ വിനീഷ്യസ് ജൂനിയർ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് ലാ ലിഗ വ്യക്തമാക്കുന്നത്.

“വംശീയമായി അധിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ കഴിയും. പോലീസ് മനസ് വെക്കണമെന്ന് മാത്രം. ദിവസവും നിരവധി പേരാണ് കഷ്ടതകളിലൂടെ കടന്നുപോകുന്നത്. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തക്കുറവുമൂലം അവർക്ക് നിശബ്ദരായി കഴിയേണ്ടി വരുന്നു.”, വിനീഷ്യസിന്റെ അവസ്ഥയെക്കുറിച്ച് ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായ ഡോറിവല്‍ ജൂനിയർ നേരത്തെ പ്രതികരിച്ചിരുന്നു.