Wed. Jan 22nd, 2025

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കോൺഗ്രസ് പാര്‍ട്ടി പ്രചാരണം നടത്തുന്നതിനായി സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഉള്‍പ്പെടെ ആദായനികുതി വകുപ്പ് നടത്തുന്ന നീക്കങ്ങളാണ് പ്രവര്‍ത്തനങ്ങൾ പ്രതിസന്ധിയിലാക്കുന്നത്. ആദ്യ ഘട്ട പ്രചരണം കഴിഞ്ഞിട്ടും പല മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ തുറക്കാന്‍ സാധിച്ചിട്ടില്ല.

ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഫലമായി കൂപ്പണുകള്‍ അടിച്ചിറക്കാനാണ് തീരുമാനം. ഫണ്ട് സ്വരൂപീക്കുന്നതിനായി കൂപ്പണുകള്‍ ഉപയോഗിച്ച് ബൂത്ത് തലത്തില്‍ പിരിവ് നടത്തും. ആദ്യമായാണ് തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഫണ്ട് പിരിവിന് പോകുന്നത്.

പാർട്ടി അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചതിനെ തുടർന്ന് ഫണ്ട് സ്വന്തമായി കണ്ടെത്തണമെന്ന് ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) യോട് ആവശ്യപ്പെട്ടിരുന്നു.

“കേന്ദ്രം ഞങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ ഞങ്ങൾക്ക് ഫണ്ട് കുറവാണെന്നത് യാഥാര്‍ഥ്യമാണ്. ബിജെപിയും സിപിഎമ്മും പ്രചാരണത്തിന് പണം ഒഴുക്കുകയാണ്. പാർട്ടിയുടെ അവസ്ഥ ജനങ്ങൾക്ക് മനസ്സിലാകും.”, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാർട്ടിയുടെ ദേശീയ നേതാക്കൾ പോലും കേരളത്തിന് പ്രചാരണത്തിന് എത്തുകയില്ലെന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ സ്ഥാനാർത്ഥികളോ ജില്ലാ കമ്മിറ്റിയോ ആണ് പ്രചാരണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത്.