Mon. May 6th, 2024

ബംഗളൂരു: തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിലെത്തി സ്ഫോടനങ്ങൾ നടത്തുന്നെന്ന പരാമർശത്തില്‍ ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ മാപ്പ് പറഞ്ഞു. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നും ശോഭ പരാമർശിച്ചിരുന്നു. എന്നാൽ കേരളത്തെ കുറിച്ചുള്ള പരാമർശം ശോഭ കരന്തലജെ പിൻവലിച്ചിട്ടില്ല.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനടക്കമുള്ളവർ പരാമമർശത്തിനെതിരെ രംഗത്തുവരുകയും തമിഴ്നാട്ടിൽ പ്രതിഷേധം ഉയരുകയും ചെയ്തു. പ്രതിഷേധം കടുത്തതോടെയാണ് ശോഭ കരന്തലജെ തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞത്. രാമേശ്വരം കഫെയിലെ സ്ഫോടനം നടത്തിയ ആളുകൾ കൃഷ്ണഗിരി കാടുകളിൽ നിന്നാണ് ഭീകര പരിശീലനം നേടിയത് എന്ന് പറയാനാണ് ഉദ്ദേശിച്ചതെന്ന് ശോഭ കരന്തലജെ വിശദീകരിച്ചു.

രാമേശ്വരം കഫെ സ്‌ഫോടനത്തെയും ദക്ഷിണ കന്നഡ ജില്ലയിലെ കടബ സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം വര്‍ഷ പിയു വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അടുത്തിടെ ഉണ്ടായ ആക്രമണത്തെയും ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ശോഭ കരന്തലജെയുടെ പരാമർശങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജനത്തെ വിഭജിക്കാനുള്ള നീക്കമാണ് ബിജെപി സ്ഥാനാര്‍ത്ഥി നടത്തുന്നതെന്ന് സ്റ്റാലിൻ പ്രതികരിച്ചു. എഐഎഡിഎംകെയും ശോഭക്കെതിരെ രംഗത്ത് വന്നു.

ശോഭ കരന്തലജെ നിലവില്‍ ഉഡുപ്പി ചിക്ക മംഗളൂരുവില്‍ നിന്നുള്ള എംപിയാണ്. കൂടാതെ ഇത്തവണ ബംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്.