Mon. Sep 9th, 2024

ഒരു ദിവസം മീറ്റിംഗ് വിളിച്ചു കൂട്ടി ഞങ്ങളുടെ അവസ്ഥ എന്താണെന്നോ പ്രവര്‍ത്തങ്ങളെ കുറിച്ചോ ഞങ്ങളുടെ ആരോഗ്യത്തെ കുറിച്ചോ ഇതുവരെ ആരും ചോദിച്ചിട്ടില്ല. ഒരു കട്ടന്‍ ചായ പോലും ഞങ്ങള്‍ക്ക് തരേണ്ട. ഞങ്ങളെ കേട്ടാല്‍ മതി. ഞങ്ങള്‍ സേവനം ചെയ്തില്ലെങ്കില്‍ ആരോഗ്യ മേഖല കുട്ടിച്ചോറാവും എന്നതിന് തര്‍ക്കമില്ല.

 

 

ങ്ങളെ കേള്‍ക്കാന്‍ ഇതുവരെ ആരും വന്നിട്ടില്ലാ എന്നാണ് ഞാറക്കല്‍ പഞ്ചായത്തിലെ ആശ വര്‍ക്കര്‍മാരുമായി സംസാരിക്കവെ അവര്‍ പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കോ സര്‍ക്കാരിനോ ആശമാരെ കേള്‍ക്കാന്‍ ഒരു ദിവസത്തെ സമയം കണ്ടെത്താന്‍ ഈ 18 വര്‍ഷത്തിനിടെ കഴിഞ്ഞിട്ടില്ലെന്നും ആശമാരുടെ ജീവിതം പൊതുജനങ്ങള്‍ മനസ്സിലാക്കണമെന്നും അവര്‍ പറയുന്നു. ശമ്പള പ്രശ്‌നത്തിന് പുറമേ ആശമാര്‍ അനുഭവിക്കുന്ന ടെന്‍ഷന്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ മുതലായവ ഇതുവരെ ആരും പരിഗണിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

ഡിപ്രഷന്‍ വന്ന് സ്‌ട്രോക്ക് വരുന്ന ഘട്ടത്തില്‍ എത്തിയ ആശയെയും അമ്മയുടെ ജോലി തിരക്ക് കാരണം ഡിപ്രഷനിലായ മകളെ കാണേണ്ടി വന്ന അമ്മയെയും വാര്‍ത്ത തയ്യാറാക്കുന്നതിനിടെ കാണേണ്ടി വന്നു.

”ഒരു ദിവസം മീറ്റിംഗ് വിളിച്ചു കൂട്ടി ഞങ്ങളുടെ അവസ്ഥ എന്താണെന്നോ പ്രവര്‍ത്തങ്ങളെ കുറിച്ചോ ഞങ്ങളുടെ ആരോഗ്യത്തെ കുറിച്ചോ ഇതുവരെ ആരും ചോദിച്ചിട്ടില്ല. ഒരു കട്ടന്‍ ചായ പോലും ഞങ്ങള്‍ക്ക് തരേണ്ട. ഞങ്ങളെ കേട്ടാല്‍ മതി. ഇന്നും ഒരു കുട്ടിയെ കുത്തിവെപ്പിന് എത്തിച്ചാല്‍ 20 രൂപയാണ്. ഓരോ ജെപിഎച്ച്എമ്മുമാര്‍ വരുമ്പോഴും ഞങ്ങള്‍ക്ക് നല്‍കുന്ന പണികള്‍ മാറിക്കൊണ്ടിരിക്കും. ഞങ്ങള്‍ സൂക്ഷിക്കുന്ന രജിസ്റ്ററുകള്‍ പോലും വ്യത്യസ്തമാണ്. എഴുതി എഴുതി ഞങ്ങള്‍ അവശരായി. ഏത് റിപ്പോര്‍ട്ട് കൊടുത്താലും അത് രണ്ടും മൂന്നും പ്രാവശ്യം വീണ്ടും കൊടുക്കേണ്ടി വരും. ഇതിപ്പോ ഞങ്ങള്‍ ജെഎച്ച്‌ഐയുടെ പണിയും ചെയ്യണം ജെപിഎച്ച്‌ഐയുടെ പണിയും ചെയ്യണം.

എന്ത് സര്‍ക്കുലര്‍ വന്നാലും പിആര്‍ഒ തുടങ്ങി കോഡിനേറ്റര്‍ തുടങ്ങി അതിന് ഓര്‍ഡര്‍ ഇടുക എന്നല്ലാണ്ട് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നില്ല. ഇനി വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇല്ല. ഞങ്ങള്‍ സേവനം ചെയ്തില്ലെങ്കില്‍ ആരോഗ്യ മേഖല കുട്ടിച്ചോറാവും എന്നതിന് തര്‍ക്കമില്ല.”, ഞാറക്കല്‍ പഞ്ചായത്തിലെ ആശ വര്‍ക്കര്‍ ദീപ വോക്ക് മലയാളത്തോട് പറഞ്ഞു.

”ഈ ജോലിയില്‍ ടെന്‍ഷന്‍ മാത്രമേ ഉള്ളൂ ഞങ്ങള്‍ക്ക്. ഞങ്ങള്‍ക്കിടയില്‍ പലര്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. ഈ ജോലിയും കുടുംബത്തിലെ കാര്യങ്ങളും എല്ലാം വരുമ്പോള്‍ സമ്മര്‍ദ്ദം കൂടുതലാണ്. കിടപ്പിലായവരും ജോലിക്ക് പോകാന്‍ കഴിയാത്ത ഭര്‍ത്താക്കന്മാര്‍ ഉള്ളവരും ഉണ്ട് ഞങ്ങളുടെ കൂട്ടത്തില്‍. കടങ്ങള്‍ കൊണ്ട് നിക്കകളിയില്ല. ജനങ്ങളെ ഓര്‍ത്തിട്ടാണ് ഇതില്‍ നിന്നും പിന്മാറാത്തത്.’, എളംങ്കുന്നപ്പുഴ പഞ്ചായത്തിലെ ആശ വര്‍ക്കര്‍ പറഞ്ഞു.

”ഫീല്‍ഡില്‍ പോകുമ്പോള്‍ മനസ്സില്‍ പേടിയാണ്. എനിക്കുള്ള വാര്‍ഡില്‍ 600 വീടുണ്ട്. ഒരറ്റം തീര്‍ന്ന് മറ്റേ അറ്റത്ത് എത്തുമ്പോഴേക്കും ഭയം ആണ്. ആദ്യം പോയ സ്ഥലത്ത് എന്തെങ്കിലും നടന്നിട്ടുണ്ടാവോ എന്ന ഭയം. ആര്‍ക്കെങ്കിലും പനി ഉണ്ടായോ, ഗര്‍ഭിണി ഉണ്ടായോ, ആരെങ്കിലും ആശുപത്രിയില്‍ പോയോ ഇതൊക്കെ ഓര്‍ത്താണ് പേടി. ജെപിഎച്ച്എമ്മുമാര്‍ തരുന്ന പ്രഷര്‍ കൊണ്ടാണ് ഈ സമ്മര്‍ദ്ദം ഞങ്ങള്‍ക്ക്. എന്തെങ്കിലും അസുഖ വിവരം അറിഞ്ഞില്ലെങ്കില്‍ ഞങ്ങളോടാണ് ചോദ്യം വരിക. എന്തുകൊണ്ടാണ് ആശ ഇതൊന്നും അറിയാത്തത് എന്നാണ് ചോദിക്കുക. ടെന്‍ഷന്‍ കാരണം കഴിഞ്ഞ മാസം വരെ വേറെ എന്തെങ്കിലും ജോലികള്‍ കിട്ടോ എന്ന് നോക്കിയിട്ടുണ്ട്.”, എളംങ്കുന്നപ്പുഴ പഞ്ചായത്തിലെ മറ്റൊരു ആശ വര്‍ക്കര്‍ പറഞ്ഞു.

ആശ വര്‍ക്കര്‍ Screen grab Copyright @ Tribune India

”ഞാന്‍ അഞ്ചു വര്‍ഷമേ ആയിട്ടുള്ളൂ ആശ വര്‍ക്കര്‍ ആയി ജോലി നോക്കാന്‍ തുടങ്ങിയിട്ട്. രണ്ടു മൂന്നു തവണ രാജി കത്ത് നല്‍കി. സിസ്റ്റര്‍ വീണ്ടും നില്‍ക്കാന്‍ പറഞ്ഞത് കൊണ്ടാണ് ഇപ്പോള്‍ തുടരുന്നത്. ഡിപ്രഷന്‍ താങ്ങാന്‍ കഴിയുന്നില്ല. നിവര്‍ന്നു നിന്നാലല്ലേ ജോലികള്‍ ചെയ്യാന്‍ പറ്റൂ. ഇത് ആകെ ഡൗണായി കൊണ്ടിരിക്കുകയാണ്. എനിക്ക് സ്‌കൂളില്‍ പഠിക്കുന്ന രണ്ടു പിള്ളേരുണ്ട്. അവരുടെ കാര്യങ്ങളും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.”, എളംങ്കുന്നപ്പുഴ പഞ്ചായത്തിലെ മറ്റൊരു ആശ വര്‍ക്കര്‍ പറയുന്നു.

”എനിക്ക് ഡിപ്രഷന്റെ പ്രശ്‌നം ഉണ്ടായിരുന്നു. ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ പെട്ടെന്ന് പെട്ടെന്ന് വന്നപ്പോള്‍ എന്ത് ചെയ്യണം എന്ന് അറിയാതെ ടെന്‍ഷന്‍ ആയിപ്പോയി. ടെന്‍ഷന്‍ കൂടി ഓര്‍മ നഷ്ടപ്പെട്ടു. ബോധം വരുമ്പോള്‍ പറയുന്നത് ചെയ്യാനുള്ള കാര്യങ്ങളാണ്. 2021 ജനുവരിയിലാണ് സംഭവം. കൊവിഡ് കഴിഞ്ഞതിന് പുറകെ ഒരുപാട് സര്‍വേകള്‍ ചെയ്യാന്‍ തന്നു. സ്‌ട്രോക്ക് പോലെ വരാന്‍ സാധ്യതയുണ്ട് എന്ന് സിസ്റ്റര്‍മാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയില്‍ പോകുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ്. എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞ് ഗ്രൂപ്പില്‍ മെസേജ് വരുമ്പോഴേക്കും ടെന്‍ഷന്‍ ആണ്.”, ചെല്ലാനം പഞ്ചായത്തിലെ ആശ വര്‍ക്കര്‍ അനുഭവം പറയുന്നു.

”എന്റെ മകള്‍ക്ക് 14 വയസ്സുണ്ട്. അവള്‍ക്ക് ഡിപ്രഷന്‍ ആയി. പുറം ലോകവുമായി ബന്ധമൊന്നും ഇല്ലാതെ ഞാനും എന്റെ മക്കളും ആയിട്ടുള്ള ജീവിതം ആയിരുന്നു. ആശ വര്‍ക്കര്‍ ആയതോടെ പിള്ളേരെ ശ്രദ്ധിക്കാന്‍ സമയം കിട്ടാതായി. മകള്‍ക്കായിരുന്നു കൂടുതല്‍ മാറ്റങ്ങള്‍. പണ്ട് കണ്ട പോലെയായിരുന്നില്ല. എപ്പോഴും ദേഷ്യം. ഇതെന്താണെന്ന് അറിയാന്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടര്‍ കൗണ്‍സിലിംഗ് ചെയ്തപ്പോഴാണ് അവള്‍ പറയുന്നത്, അവളോട് സംസാരിക്കാന്‍ ആരും ഇല്ലാ എന്ന്. നേരെത്തെ വീട്ടില്‍ വന്നുകഴിഞ്ഞാല്‍ അമ്മയുണ്ടായിരുന്നു. ഇപ്പോള്‍ അവളുടെ ടെന്‍ഷന്‍ പറയാന്‍ ആരും ഇല്ല. സ്‌കൂളിലെ കാര്യങ്ങളോ മറ്റെന്തെങ്കിലും കാര്യങ്ങളോ പറഞ്ഞാല്‍ അമ്മയ്ക്ക് ദേഷ്യം. പിന്നെ വീട്ടില്‍ ഒറ്റക്കാണ്. അമ്മയ്ക്ക് സ്‌നേഹമില്ല. കൂട്ടുകാര്‍ മത്രമേ ഉള്ളൂ. എന്നൊക്കെയാണ് കൗണ്‍സിലിങ്ങില്‍ പറഞ്ഞത്. അമ്മയ്ക്ക് ഈ ജോലി വേണ്ട. എനിക്ക് വൈകുന്നേരം അമ്മ വീട്ടില്‍ ഉണ്ടായാല്‍ മതി എന്നാണ് അവള്‍ എന്നോട് പറഞ്ഞത്. കഴിഞ്ഞ നവംബറില്‍ ഞന്‍ രാജി എഴുതി വെച്ചതാണ്. എനിക്ക് വലുത് എന്റെ മക്കള്‍ ആണ്. പക്ഷെ രാജിവെക്കാന്‍ ജെപിഎച്ച്എം സമ്മതിക്കുന്നില്ല. വേണമെങ്കില്‍ ഒരു വര്‍ഷം ലീവ് എടുക്കാനാണ് പറയുന്നത്.”, എളംങ്കുന്നപ്പുഴ പഞ്ചായത്തിലെ ആശ വര്‍ക്കര്‍ തന്റെ മകള്‍ക്ക് നേരിടേണ്ടി വന്ന മാനസികാരോഗ്യ പ്രശ്‌നത്തെ കുറിച്ച് പറയുന്നു.

”പണ്ട് കാര്യങ്ങള്‍ ചെയ്തത് പോലെ ഇപ്പോള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കുന്നില്ല. ഒന്നിനും സമയം തികയാതെ വരുന്നു. അതിനനുസരിച്ചുള്ള ജോലി ഭാരമുണ്ട്. മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങളും. ഈ തുച്ചമായ ഓണറേറിയം കിട്ടുമ്പോള്‍ ഒരു സന്തോഷം ആണ്. ഞങ്ങളുടെ വണ്ടി കൂലിയും ആള്‍ക്കാരുടെ സങ്കടം കാണുമ്പോള്‍ കൊടുക്കുന്നതും എല്ലാം കൂട്ടി നോക്കുമ്പോള്‍ കിട്ടുന്ന പൈസ ഒന്നിനും തികയുന്നില്ല. ആളുകളുടെ വേദന കാണാതിരിക്കാനും ഞങ്ങള്‍ക്ക് കഴിയുന്നില്ല. 24 മണിക്കൂര്‍ ഉണ്ടെങ്കില്‍ ഈ 24 മണിക്കൂറും ഞങ്ങക്ക് പണിയുണ്ട്. ഏത് കര്യത്തിനു വിളിച്ചാലും അപ്പോള്‍ തന്നെ പോയിരിക്കണം എന്നുണ്ട്.”, മട്ടാഞ്ചേരിയിലെ ആശ വര്‍ക്കര്‍ ഷാഹിദ വോക്ക് മലയാളത്തോട് പറഞ്ഞു.

”മനസ് എത്തുന്നിടത്ത് ശരീരം എത്തുന്നില്ല. മരുന്നിന്റെ മുകളില്‍ നടക്കുന്നവരാണ് ഞങ്ങളൊക്കെ. എനിക്കിപ്പോ 59 വയസ്സായി. മക്കളൊക്കെ പറയുന്നത് ഈ ജോലിക്ക് പോകണ്ട എന്നാണ്. എന്റെ ആരോഗ്യം ഓര്‍ത്താണ് അങ്ങനെ പറയുന്നത്. പക്ഷെ എനിക്കിത് വിടാന്‍ തോന്നുന്നില്ല. ഇത്രയും കാലം എടുത്തതല്ലേ. ചുള്ളിക്കലില്‍ നിന്നും അടുത്ത എവിടെ എങ്കിലും പോകുന്നത് ഓട്ടോ വിളിച്ചാണ്. നടന്ന് നടന്ന് ഇപ്പോള്‍ കാല്‍ തരിപ്പാണ്. കിട്ടുന്ന പൈസ എല്ലാം വണ്ടിക്കാശിനെ ഉള്ളൂ. പുറത്തിറങ്ങി എല്ലാരേയും കാണുമ്പോഴും സഹായിക്കുമ്പോഴും ഒരു സന്തോഷം. എത്ര രോഗികളെയാണ് കാണുന്നത്. അതൊക്കെ കാണുമ്പോള്‍ എന്റെതൊന്നും രോഗമല്ല എന്ന് തോന്നും.”, മട്ടാഞ്ചേരിയിലെ ആശ വര്‍ക്കര്‍ റഷീദ പറയുന്നു.

ആശ വര്‍ക്കര്‍ Screen grab Copyright @ the wire, Jignesh Mistry

”പകല്‍ ഞങ്ങളിങ്ങനെ ഓടി നടക്കും. രാത്രി ആയാല്‍ ഉറക്കമില്ല. കാല് വേദനയാണ്. അത് കാണുന്നത് ഞങ്ങളുടെ വീട്ടില്‍ ഉള്ളവരാണ്. ഒരു ദിവസം പനിക്ക് ഗുളിക കഴിച്ചിട്ട് കിടക്കാണ്. ഒരു വിളി വന്നു. അപ്പോത്തന്നെ പനിയൊക്കെ മറന്ന് ഓടിപ്പോയി. അതാണ് ഞങ്ങളുടെ ജോലി. പിന്നെ ഈ ജോലി വിടാതിരിക്കാനുള്ള ഒരു കാരണം വീട്ടിലിരുന്നാല്‍ കൂടുതല്‍ രോഗികളാവും എന്നോര്‍ത്താണ്. നമ്മുടെ കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോള്‍ കുറച്ചുകൂടി സന്തോഷം കിട്ടുമല്ലോ. നേരത്തെ ഞങ്ങള്‍ എല്ലാ വര്‍ഷവും ടൂര്‍ പോയിരുന്നു. ഇപ്പോള്‍ ഒന്നും ഇല്ല. അതിനൊക്കെ സങ്കടം ഉണ്ട്.”, മട്ടാഞ്ചേരി ഡിവിഷനിലെ ആശ വര്‍ക്കര്‍ സീനത്ത് പറഞ്ഞു.

ഒരു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണെങ്കിലും ഞങ്ങളുടെ കയ്യില്‍ ഈ പുസ്തകങ്ങള്‍ വേണം. എപ്പോന്‍ വേണമെങ്കിലും റിപ്പോര്‍ട്ടുകള്‍ ചോദിച്ച് ജെപിഎച്ച്എമ്മുമാര്‍ വിളിക്കാം. അത് ഹോസ്പിറ്റലില്‍ കിടന്ന് പറഞ്ഞു കൊടുക്കണം. ഭര്‍ത്താവ് ഐസിയുവില്‍ ആയപ്പോള്‍ ബുക്കും കൊണ്ടാണ് ഞാന്‍ പുറത്തിരുന്നത്. ഞാന്‍ ആയുര്‍വേദ ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സയ്ക്ക് പോയത് ഈ 10 ബുക്കുമായാണ്. എനിക്ക് എഴുന്നേറ്റു ഇരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്റെ അവസ്ഥ കണ്ട് കൂടെയുള്ള ആശ വര്‍ക്കര്‍ എന്നെ വിളിച്ച് റിപ്പോര്‍ട്ട് ഒന്നും ചോദിക്കല്ലേ എന്നുവരെ പറഞ്ഞു.

എന്റെ ഭര്‍ത്താവിന്റെ ഉമ്മയെ ഡയാലിസിസിന് കയറ്റിയതായിരുന്നു. നാല് മണിക്കൂര്‍ ഞാന്‍ പുറത്ത് വെയിറ്റ് ചെയ്യണം. സിസ്റ്റര്‍ വിളിച്ചിട്ട് ബ്ലോക്കിലെ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ എണ്ണം ഇടാന്‍ പറഞ്ഞു. ഞാന്‍ അവിടെ ഇരുന്നുകൊണ്ട് മനസ്സില്‍ ബ്ലോക്കിലെ കാര്യങ്ങള്‍ എണ്ണുകയാണ്. മൂന്നു ബ്ലോക്കിലെ കണക്ക് മനസ്സില്‍ കൂട്ടി അവിടെ ഇരുന്നു കൊണ്ട് എഴുതി തയ്യാറാക്കി. ബാക്കി അഞ്ചണ്ണം രാത്രി വീട്ടില്‍ എത്തി എഴുതി തയ്യാറാക്കി കൊടുത്തു. അടുത്തിരിക്കുന്ന ചേച്ചിമാര്‍ എല്ലാം ഞാന്‍ ഇതെന്താ ചെയ്യുന്നത് നോക്കി ഇരിക്കായിരുന്നു.”, മട്ടാഞ്ചേരി ഡിവിഷനിലെ ആശ വര്‍ക്കര്‍ മെഹറുന്നീസ പറഞ്ഞു.

”നേരത്തേ ഈ ജോലി ചെയ്യുമ്പോള്‍ തന്നെ ഞാന്‍ ബീച്ചില്‍ കച്ചവടം ചെയ്തിരുന്നു. സൂര്യന്‍ ഉദിച്ചിരുന്നത് തന്നെ എന്റെ നെഞ്ചത്താണെന്നു പറയാം. ഇപ്പോള്‍ എനിക്ക് വെയില്‍ കൊള്ളാന്‍ പോലും വയ്യ. കൊറോണയ്ക്ക് ശേഷം ജോലി ഭാരം കാരണം വേറൊരു പണിയും ചെയ്യാന്‍ പറ്റുന്നില്ല. നേരത്തെ തൊഴിലുറപ്പ് പണിക്കും പോയിരുന്നു. ഇപ്പോള്‍ വീട്ടുജോലി ചെയ്യാന്‍ പോലും സമയം കിട്ടില്ല.”, മട്ടാഞ്ചേരി ഡിവിഷനിലെ ആശ വര്‍ക്കര്‍ സീനത്ത് പറഞ്ഞു.

ജോലി ഭാരവും ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ഓരോ ആശമാര്‍ക്കും കൊടുക്കുന്ന സമ്മര്‍ദ്ദം അവരുടെ വ്യക്തിജീവിതത്തെ കൂടി ബാധിക്കുന്നുണ്ട്. മക്കളുമായുള്ള ബന്ധങ്ങളെ, പങ്കാളികളുമായുള്ള ബന്ധങ്ങളെ, കുടുംബവുമായുള്ള ബന്ധങ്ങളെ എല്ലാം ഒരേ പോലെ ബാധിക്കുന്നുണ്ട്. മാത്രമല്ല ജോലി ഭാരം കൂടുന്നതോടെപ്പെം തന്നെ തങ്ങളുടെ ലൈംഗിക ജീവിതവും തകര്‍ന്നുവെന്ന് ആശമാര്‍ പറയുന്നു. കുറച്ചു വര്‍ഷങ്ങളായി ലൈംഗിക ജീവിതം പൂര്‍ണമായും ഇല്ലാതെയായ ആശമാര്‍ അവരുടെ അനുഭവം പങ്കുവെച്ചു. ചിലര്‍ ആവട്ടെ ‘കടമ കഴിക്കല്‍ പോലെ കിടന്ന് കൊടുക്കുന്നു’ എന്നാണ് പറഞ്ഞത്. സ്വകാര്യ ജീവിതത്തിലെ ജൈവികതയുടെ തകര്‍ച്ച ആശമാരുടെ സമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇതുവരെ ആരും ചോദിച്ചിട്ടില്ലെന്നും കൗണ്‍സിലിങ് പോലെയുള്ള സേവനങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ആശമാര്‍ പറയുന്നു.

”വ്യക്തി ജീവിതം എല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റാണ്. കുടുംബത്തിനു വേണ്ടിയും കുട്ടികള്‍ക്ക് വേണ്ടിയും ചിലവഴിക്കാന്‍ സമയമില്ല. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം സംസാരിക്കും. അതിനുള്ള സമയമേ കിട്ടുന്നുള്ളൂ. ഫോണിനൊപ്പമാണ് ഞങ്ങളുടെ കൂടുതല്‍ സമയവും. വാര്‍ഡില്‍ നിന്നും ആളുകള്‍ വിളിക്കും, ഹോസ്പിറ്റലില്‍ നിന്നും വിളിക്കും. പാതിരാതി കൂടി ഫോണ്‍ വിളിച്ചാല്‍ എടുത്തോണം. ചോദിക്കുന്നതിനു മറുപടി കൊടുത്തോണം.

ആശ വര്‍ക്കര്‍ Screen grab Copyright @ CNN

സ്‌ട്രെസ് കൂടി വീട്ടിലെ പ്രശ്‌നങ്ങള്‍ കൂടി വരുമ്പോള്‍ മാനസികാരോഗ്യം മാനേജ് ചെയ്യാന്‍ കഴിയാതെ വന്നിട്ടുണ്ട്. ഭര്‍ത്താക്കന്മാര്‍ മദ്യപാനികളും ജോലി ചെയ്യാത്തവരും ആയ ആശമാരും ഞങ്ങള്‍ക്കിടയില്‍ ഉണ്ട്. അവര്‍ക്ക് ഈ വരുമാനം ഒന്നിനും തികയില്ല. അത് കിട്ടാതെ ആവുമ്പോള്‍ അവര്‍ക്ക് ഉണ്ടാവുന്ന മാനസിക പ്രശ്‌നങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഞങ്ങളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമായി ഒരു കൗണ്‍സിലിങോ ഒന്നും ലഭിക്കുന്നില്ല. ‘ നായരമ്പലം പഞ്ചായത്തിലെ ആശ വര്‍ക്കര്‍ പറയുന്നു

”പങ്കാളിയുമായുള്ള ശാരീരിക ബന്ധത്തില്‍ ഈ ടെന്‍ഷന്‍ കാരണം പ്രശ്‌നം നേരിടുന്നുണ്ട്. സന്തോഷം ഉണ്ടെങ്കിലല്ലേ സഹകരിക്കാന്‍ പറ്റൂ. മനസ് നല്ലപോലെ നില്‍ക്കുമ്പോള്‍ അല്ലെ ഇതിനൊക്കെ തോന്നൂ. സാമ്പത്തിക പ്രശ്‌നം ആണ് എപ്പോഴും തലയില്‍. അതുകൊണ്ട് സെക്‌സിനുള്ള താല്‍പ്പര്യം ഒന്നും വരാറില്ല. മനസ്സും ശരീരവും ഒരുപോലെ ആയാല്‍ മാത്രമേ താല്‍
പര്യമൊക്കെ വരൂ. പിന്നെ യാന്ത്രികമായി ഒരു കടമ കഴിക്കല്‍. അത്ര മാത്രേ ഉള്ളൂ. ആണുങ്ങളെ സംബന്ധിച്ച് അവര്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു ക്ഷീണം തീര്‍ക്കല്‍. ഞങ്ങള്‍ക്ക് മനസ്സില്‍ പല പല കാര്യങ്ങളാ. അത് മാത്രം അല്ല പിള്ളേരോടുള്ള പെരുമാറ്റത്തില്‍ വലിയ മാറ്റം വന്നു. ഇപ്പോള്‍ ദേഷ്യം മാത്രേ ഉള്ളൂ,”, എളംങ്കുന്നപ്പുഴ പഞ്ചായത്തിലെ ആശ വര്‍ക്കര്‍ പറഞ്ഞു.

”എന്റെ മകള്‍ ഇടയ്ക്കു വെച്ച് ഒരു ബന്ധത്തില്‍ പെട്ടിരുന്നു. അവള്‍ ഹോസ്റ്റില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്. അമ്മേ, എനിക്ക് സംസാരിക്കാന്‍ ആളില്ലാത്തത് കൊണ്ടാണ് ഞാന്‍ ഈ ബന്ധത്തില്‍ പെട്ടുപോയത് എന്നാണ് അവള്‍ പറഞ്ഞത്. മകള്‍ വിളിക്കുമ്പോള്‍ എനിക്ക് സംസാരിക്കാന്‍ പറ്റാറില്ല. എനിക്ക് സംസാരിക്കാന്‍ സമയം കിട്ടാതായതോടെ അവള്‍ ഒറ്റപ്പെറ്റു. അത് കൊണ്ടാണ് അവള്‍ ഒരു ബന്ധത്തിലേയ്ക് പോയത് എന്ന് തുറന്നു പറഞ്ഞു. ഇതിനൊക്കെ കരണം ഒരു പരിധി വരെ ഞാനാണ് എന്നാണ് അവള്‍ പറഞ്ഞത്. അമ്മയ്ക്ക് വര്‍ത്താനം പറയാന്‍ നേരം ഇല്ലല്ലോ എന്നാണ് അവള്‍ ചോദിക്കുന്നത്.”, എളംങ്കുന്നപ്പുഴ പഞ്ചായത്തിലെ മറ്റൊരു ആശ വര്‍ക്കര്‍ പറഞ്ഞു.

”എല്ലാ ഓട്ടവും തീര്‍ത്ത് വീട്ടില്‍ ചെല്ലുമ്പോള്‍ ഒന്നിനും വയ്യ. അപ്പോള്‍ സെക്‌സിനോടൊന്നും താല്‍പര്യം തോന്നാറില്ല. ആര് എന്ത് കാര്യം പറഞ്ഞു വിളിച്ചാലും നിനക്ക് പോകുമ്പോള്‍ അസുഖമില്ല, ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിനക്ക് അവിടെ വേദന, ഇവിടെ വേദന എന്നാണ് എന്റെ ഭര്‍ത്താവ് പറയുന്നത്. ഫീല്‍ഡ് വര്‍ക്കും കഴിഞ്ഞ് എല്ലാ റിപ്പോര്‍ട്ടുകളും എഴുതി തയ്യാറാക്കുമ്പോഴേക്കും വയ്യാതാവും. താല്‍പ്പര്യത്തോടെ സെക്‌സില്‍ ഏര്‍പ്പെട്ടാലല്ലേ അതിന് പറ്റൂ. ഭര്‍ത്താക്കന്മാര്‍ക്ക് ദേഷ്യം ഒക്കെ പിടിക്കും. ഞാന്‍ പറയും എനിക്ക് വയ്യ അതന്നെ എന്ന്.”, മട്ടാഞ്ചേരി ഡിവിഷനിലെ ആശ വര്‍ക്കര്‍ പറയുന്നു.

FAQs

ആരാണ് ആശാ വര്‍ക്കര്‍?

സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാ വര്‍ക്കര്‍ എന്ന പദവിയുടെ സ്ഥാപിത ലക്ഷ്യം

എന്താണ് മാനസികാരോഗ്യം?

മാനസിക ആരോഗ്യം/ മാനസിക ക്ഷേമം എന്നാല്‍ ഒരു വ്യക്തി സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ്, സാധാരണ ജീവിത ക്ലേശങ്ങളെ ഫലപ്രദമായി നേരിട്ട് ജനസമൂഹത്തിന് ഫലദായകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന നിര്‍വചിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ മാനസിക ആരോഗ്യം ഒരു വ്യക്തിയുടെ ക്ഷേമത്തിനും ജനസമൂഹത്തിന് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമാണ്.

എന്താണ് ലൈംഗിക ബന്ധം?

ജീവിവർഗങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന അടിസ്ഥാനപരമായ ഒരു അടിസ്ഥാന ചോദനയാണ് ലൈംഗികത അഥവാ സെക്ഷ്വാലിറ്റി (Sexuality). ഇതവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. സാമൂഹികവും മാനസികവും ജനിതകപരവുമായ മറ്റനേകം ഘടകങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ജെൻഡറുമായി ഇത് വളരെധികം ചേർന്ന് നിൽക്കുന്നു. ലൈംഗികതക്ക് ഒരു കൃത്യമായ നിർവചനം നൽകുക ബുദ്ധിമുട്ടുള്ള കാര്യമാണ്.

Quotes

എല്ലാ മഹത്തായ സ്വപ്നങ്ങളും ആരംഭിക്കുന്നത് സ്വപ്നം കാണുന്നയാളില്‍ നിന്നാണ്- ഹാരിയറ്റ് ടബ്മാൻ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.