Sat. Jan 18th, 2025

ന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിരിക്കുന്നത് ലോട്ടറി രാജാവായ  സാൻ്റിയാഗോ മാർട്ടിനാണ്.

മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പിആർ 22 ഘട്ടങ്ങളിലായി 1368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മാർട്ടിന്റെ മകൻ ചാൾസ് ജോസ് മാർട്ടിൻ ബിജെപിയിലെ അംഗമാണ്. മാർട്ടിന്റെ ഭാര്യ ലീമ റോസ് ബിജെപിയുടെ സഖ്യകക്ഷിയായ ഇന്തിയ ജനനായഗ കച്ചി(ഐജെകെ)യ്ക്കൊപ്പവും പ്രവര്‍ത്തിക്കുന്നുണ്ട്. മാർട്ടിന്റെ മരുമകൻ ആദവ് അർജുൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ അംബേദ്കറൈറ്റ് പാർട്ടിയായ വിടുതലൈ ചിരുതൈഗൾ കച്ചി (വിസികെ) യ്ക്കൊപ്പമാണ്. ആദവിനാണ് വിസികെയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന ചുമതല.

വഞ്ചന, കൃതിമം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയിൽ അന്വേഷണം നേരിടുന്ന 59 കാരനായ വ്യവസായിയുമായി കൂട്ടുകൂടാൻ രാഷ്ട്രീയ പാർട്ടികൾ താൽപ്പര്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വർഷങ്ങളായി പലരും ചോദിക്കുന്നതാണ്. ആ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇലക്ടറൽ ബോണ്ട്‌ ഡാറ്റ നൽകിയിരിക്കുന്നു.  

മാര്‍ട്ടിന്റെ വളര്‍ച്ച

കോയമ്പത്തൂരിലാണ് മാർട്ടിൻ വളർന്നത് എന്നതൊഴിച്ചാൽ മാർട്ടിന്റെ കുട്ടിക്കാലത്തെക്കുറിച്ച് കൂടുതൽ ആര്‍ക്കും അറിയില്ല.

1980 കളിൽ മ്യാൻമറിൽ കൂലിപ്പണി ചെയ്തിരുന്ന മാർട്ടിൻ അവിടെ നിന്നും മടങ്ങിയെത്തിയ ശേഷം ലോട്ടറി വിൽപ്പനയായിരുന്നു ചെയ്തിരുന്നത്. പിന്നീട് ലോട്ടറി വിൽപ്പനക്കാരനില്‍ നിന്നും തമിഴ്‌നാട് സംസ്ഥാനത്തിന്റെ വിതരണക്കാരനായി മാർട്ടിൻ മാറി.

ഇന്ത്യയില്‍ ഉദാരവൽക്കരണത്തിൻ്റെ കാലഘട്ടമായിരുന്നു അത്. സംസ്ഥാനങ്ങൾ ലോട്ടറിയിൽ വരുമാനം കണ്ടെത്തിയതോടെ മാർട്ടിന്റെയും വളര്‍ച്ച തുടങ്ങി.

2003 ൽ തമിഴ്നാട് ലോട്ടറി ടിക്കറ്റ് വിൽപ്പന നിരോധിച്ചു. സിക്കിം, മണിപ്പൂർ, മേഘാലയ തുടങ്ങിയ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് മാർട്ടിൻ തൻ്റെ ബിസിനസ് വ്യാപിപ്പിച്ചു. ഇതോടെ സംസ്ഥാന സർക്കാരുകൾക്ക് വൻതോതിൽ നികുതി അടച്ച് മാർട്ടിൻ ദിവസം ഒരു കോടിയിലധികം ലോട്ടറികൾ വിറ്റു.

ലോട്ടറി ബിസിനസിൽ മാത്രം മാർട്ടിൻ്റെ കച്ചവട തന്ത്രങ്ങൾ ഒതുങ്ങുന്നില്ല. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും അയൽരാജ്യമായ ഭൂട്ടാനിലെയും രാഷ്ട്രീയക്കാരുമായും സർക്കാർ ഉദ്യോഗസ്ഥരുമായും മാര്‍ട്ടിന്‍ ശക്തമായ ബന്ധം വളര്‍ത്തിയെടുത്തു. തമിഴ്നാട്ടിൽ പഠിക്കാനെത്തിയ അവരുടെ കുട്ടികള്‍ക്ക്  സംരക്ഷണമൊരുക്കിയാണ് മാര്‍ട്ടിന്‍ ഇത്തരത്തിലുള്ള  ബന്ധം വളർത്തിയെടുത്തതെന്ന് ആ വർഷങ്ങളിൽ മാർട്ടിനൊപ്പം ജോലി ചെയ്തിട്ടുള്ള ഒരാൾ പറഞ്ഞു.

സര്‍ക്കാരുകളെ നയിച്ചിരുന്നത് തന്നെ മാർട്ടിനായിരുന്നു. വര്‍ഷങ്ങളോളം മാര്‍ട്ടിന്‍ ലോട്ടറി മേഖലയില്‍ കുത്തകയായി നിലനിന്നു. ഏജൻസികൾ പിന്നാലെ വരുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിലായിരുന്നു മാർട്ടിൻറെ ശ്രദ്ധയെന്നും പേര് വെളിപ്പെടുത്താത്ത വ്യക്തി പറഞ്ഞു.

എന്നിട്ടും വഞ്ചനയുടെയും സാമ്പത്തിക തട്ടിപ്പിൻ്റെയും ആരോപണങ്ങൾ ഒഴിവാക്കാൻ മാർട്ടിന് കഴിഞ്ഞില്ല.

2001 ൽ ലോട്ടറി വില്‍പ്പനയില്‍ മാര്‍ട്ടിന്‍ കൃത്രിമത്വം കാണിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തി. വിൽക്കാത്ത ടിക്കറ്റുകൾക്കായിരുന്നു നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിരുന്നത്. 1997 ൽ നാഗാലാൻഡ് സർക്കാരിൻ്റെ ആസാദ് ഹിന്ദ് ബമ്പർ ലോട്ടറിയിൽ മാർട്ടിന്റെ മകൻ ജോസ് ചാൾസിനാണ് 50 ലക്ഷം രൂപ കിട്ടിയത്.

സിക്കിം, ഭൂട്ടാൻ ലോട്ടറികളിൽ മാർട്ടിൻ കൃത്രിമം കാണിച്ചതിൻ്റെ തെളിവുകൾ നികുതി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലും സെൻട്രൽ വിജിലൻസ് കമ്മീഷനിലും റിപ്പോർട്ട് ചെയ്തു.

മാർട്ടിന്റെ കച്ചവടം 2007 ൽ കർണാടകയിലും 2010 ൽ കേരളത്തിലും പൂട്ടി. സിക്കിം സർക്കാരിന്‍റെ 4500 കോടി രൂപ പറ്റിച്ചതിന് മാർട്ടിനെതിരെ 30 ഓളം കേസുകളാണ് സിബിഐ ചുമത്തിയത്.

2014 ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ തുടരുകയാണ്. കേന്ദ്ര – സംസ്ഥാന ഏജന്‍സികളും പോലീസും പതിവായി റെയ്ഡുകള്‍ നടത്തിയിട്ടും മാർട്ടിന്റെ ബിസിനസ് സാമ്രാജ്യം വളര്‍ന്നുകൊണ്ടിരുന്നു.

ലോട്ടറി മുതല്‍ റിയൽ എസ്റ്റേറ്റ്, ഊര്‍ജം, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, ഗെയിമിംഗ്, മീഡിയ, ടെക്സ്റ്റ്സ്റ്റൈല്‍സ് എന്നിങ്ങനെയുള്ള മേഖലയില്‍ വ്യാപിച്ചു കിടക്കുന്നതാണ് ഇന്നത്തെ മാര്‍ട്ടിന്‍റെ സാമ്രാജ്യം.

ഡിഎംകെയും മാര്‍ട്ടിനും

തമിഴ്‌നാട്ടിലെ ഡിഎംകെയുമായിട്ടായിരുന്നു മാർട്ടിന്റെ ആദ്യ രാഷ്ട്രീയ ബന്ധമെന്നാണ് വിവരം. കലൈഞ്ജർ കരുണാനിധിയുടെ 75മത് തിരക്കഥയിൽ പുറത്തുവന്ന ഇളൈഞ്ജൻ എന്ന സിനിമയുടെ നിർമാണം ഏറ്റെടുത്തത് മാർട്ടിന്റെ മ്യൂസിക്ക് കമ്പനിയായിരുന്ന എസ് എസ് മ്യൂസിക്കാണ്. അതുമാത്രമല്ല വര്‍ഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന കരുണാനിധിയുടെ പൊന്നര്‍ ശങ്കര്‍ സിനിമയ്ക്കും പണം നല്‍കിയത് മാര്‍ട്ടിനാണ്.

2012 ൽ കരുണാനിധിയുടെ മകൻ അഴഗിരിയുടെ ഭാര്യ കാന്തി അഴഗിരിക്കെതിരെ  ഭൂമിവാങ്ങൽ ആരോപണം ഉയർന്നിരുന്നു. കാന്തി വാങ്ങിയത് മാർട്ടിൻ കൈയേറിയെടുത്ത ക്ഷേത്ര ഭൂമിയായിരുന്നു. അഴഗിരി അന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്നു.

മാർട്ടിന് രാഷ്ട്രീയ സ്വാധീനം ഉണ്ടായിട്ടും തമിഴ്‌നാട്ടിൽ ലോട്ടറി നിരോധനം ഏർപ്പെടുത്തിയത് പിൻവലിപ്പിക്കാൻ കഴിഞ്ഞില്ല. ജയലളിതയായിരുന്നു ലോട്ടറി നിരോധനം ഏർപ്പെടുത്തിയത്. പിന്നീട് കരുണാനിധി അധികാരത്തിൽ വന്നുവെങ്കിലും നിരോധനം നീക്കാൻ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരും തയ്യാറായില്ല.

എന്നാല്‍ ലോട്ടറി നിരോധനം വെറുമൊരു പുകമറയായിരുന്നുവെന്നും മാര്‍ട്ടിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അണ്ടര്‍ ഗ്രൗണ്ടിലേക്ക് കൊണ്ട് പോകാന്‍ ഡിഎംകെ സഹായിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു.

ഡിഎംകെ ഭരണകാലയളവിൽ മാർട്ടിൻ ശക്തനായി വളർന്നുവെന്നും പോലീസ് സ്റ്റേഷൻ മുതൽ സെക്രട്ടേറിയേറ്റിൽ വരെ മാർട്ടിൻ കൈക്കൂലി നല്‍കിയെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

2010 ലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടില്‍ പറയുന്നത് മാർട്ടിൻ്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് തമിഴ്‌നാടിന്റെ പൊതു ഖജനാവിന് 7500 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ബീഹാർ, ജാർഖണ്ഡ്, ജമ്മു എന്നിവിടങ്ങളിൽ ദിവസം 10 കോടി രൂപയുടെ ലോട്ടറി ടിക്കറ്റുകൾ അനധികൃതമായി വിറ്റഴിച്ചതിൽ മാർട്ടിൻ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.

ഒരു രൂപയുടെ ലോട്ടറി 500 രൂപയ്ക്ക് കരിഞ്ചന്തയില്‍ വിറ്റിരുന്നെന്നും സമ്മാനത്തിന്റെ 50 ശതമാനം തുക മാത്രമാണ് വിജയികള്‍ക്ക് നല്‍കിയിരുന്നതെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിലുടനീളം ചില്ലറ വ്യാപാരികളുടെ ശക്തമായ നെറ്റ് വര്‍ക്ക് മാര്‍ട്ടിന്‍ നിർമ്മിച്ചിരുന്നുവെന്ന് ഇഡിയുടെ അന്വേഷണത്തില്‍ വ്യക്തമാക്കുന്നു.

അനധികൃത ലോട്ടറി വിൽപനയിൽ നിന്നുള്ള ലാഭം റിയൽ എസ്റ്റേറ്റിലെ നിക്ഷേപം വഴിയോ ഹവാല വഴിയോ മാർട്ടിൻ വെളുപ്പിച്ചുകൊണ്ടിരുന്നതായി ഇഡി സംശയിക്കുന്നുണ്ട്.

2011 ൽ ജയലളിത അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ സേലം ജില്ലയിലെ ഭൂമി കൈയേറ്റ കേസിൽ മാർട്ടിനെ ജയിലിലടച്ചു. മാധ്യമ റിപ്പോർട്ട് പ്രകാരം മാർട്ടിനെതിരെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് 40 ലധികം പരാതികൾ തമിഴ്‌നാട് പോലീസിന് ലഭിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം മാർട്ടിൻ നിഷേധിക്കുകയായിരുന്നു.

മാര്‍ട്ടിന്‍  ബിജെപിയിലേക്ക്

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാർട്ടിൻ വലിയൊരു രാഷ്ട്രീയ ചൂതാട്ടമാണ് നടത്തിയതെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു. അതേവര്‍ഷം തന്നെ മാർട്ടിൻ്റെ ഭാര്യ ലീമ റോസ് മാർട്ടിൻ തമിഴ്‌നാട്ടിൽ പുതുതായി രൂപീകരിച്ച ഇന്തിയ ജനനായഗ കച്ചി പാർട്ടിയിൽ ചേർന്നു. ഐജെകെ പിന്നീട് ബിജെപിയുടെ ഭാഗമായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ലീമ റോസ് നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടിരുന്നു.

ലീമ റോസ് ഐജെകെ നേതാക്കൾക്കൊപ്പം Screen-grab, Copyrights: The News Minute

2015 ൽ ഡൽഹിയിൽ വെച്ച് അന്നത്തെ ബിജെപി സെക്രട്ടറിയായിരുന്ന രാം മാധവിൻ്റെ സാന്നിധ്യത്തിൽ റോസിൻ്റെയും മാർട്ടിൻ്റെയും മകൻ ചാൾസ് ജോസ് മാർട്ടിൻ ബിജെപിയിൽ ചേർന്നു. ചാൾസ് നിലവിൽ മാർട്ടിൻ്റെ ബിസിനസ് സാമ്രാജ്യത്തിൻ്റെ 20 ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടറും മറ്റ് 17 കമ്പനികളിലെ നിയുക്ത പങ്കാളിയുമാണ്.

ഡിഎംകെയുമായി ഏറ്റവും അടുപ്പമുള്ള ഒരു കുടുംബത്തിലെ അംഗം ബിജെപിയില്‍ ചേര്‍ന്നത് പല ബിജെപി നേതാക്കള്‍ക്കും അത്ഭുതമായിരുന്നു. ചാൾസിനെതിരെ കേസുകളൊന്നും ഇല്ലായെന്നും സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരൻ ബിജെപിയിൽ ചേരുന്നതിൽ യാതൊരു പ്രശ്‌നവുമില്ലെന്നുമാണ് അന്നത്തെ തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദരാജൻ പറഞ്ഞത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാർട്ടിൻ്റെ മരുമകനും ദേശീയ ബാസ്‌കറ്റ് ബോൾ താരമായിരുന്ന ആദവ് അർജുന പ്രശാന്ത് കിഷോറിന്റെ ഐ-പാകിനൊപ്പം ചേർന്ന് ഡിഎംകെയ്ക്കു വേണ്ടി പ്രവർത്തിച്ചു.

തിരഞ്ഞെടുപ്പിന് ശേഷം ആദവ് അർജുന തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മരുമകൻ ശബരീശൻ ആരംഭിച്ച പിഇഎന്‍ (PEN) എന്ന പൊളിറ്റിക്കൽ സ്ട്രാറ്റജി കമ്പനിയുടെ തലവനായി. പിന്നീട് അദേഹം വിടുതലൈ ചിരുതൈഗൽ കച്ചിയിൽ (വിസികെ) ചേർന്നു.

ചാൾസ് മാർട്ടിൻ ബിജെപിയിൽ Screen-grab, Copyrights: The News Minute

മാര്‍ട്ടിന്റെ കേരളവുമായുള്ള ബന്ധം

2007ൽ വിഎസ് അച്യുതാനന്ദൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അനധികൃത ലോട്ടറി വിൽപനയ്ക്കെതിരെ കർശന നടപടി സ്വീകരിച്ചുകൊണ്ടിരിക്കെ പാർട്ടി മുഖപത്രമായ ദേശാഭിമാനി രണ്ടു കോടി രൂപ മാര്‍ട്ടിനില്‍ നിന്നും സ്വീകരിച്ചു. 50 ലക്ഷം രൂപ വീതമുള്ള ബാങ്ക് ബോണ്ടുകളായാണ് ഈ പണം സ്വീകരിച്ചത്.

വികസന ഫണ്ടായി ബോണ്ടുകള്‍ സ്വീകരിച്ചുവെന്നാണ് പത്രത്തിന്റെ ജനറൽ മാനേജറായിരുന്ന ഇപി ജയരാജന്‍ ആദ്യം പറഞ്ഞത്. പാര്‍ട്ടികള്‍ ബാങ്ക് ബോണ്ടുകള്‍ സ്വീകരിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പരസ്യങ്ങള്‍ക്ക് പകരം മാര്‍ട്ടിന്‍ പണം നല്‍കിയെന്ന് ജയരാജന്‍ മാറ്റി പറഞ്ഞു. ഒടുവില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം പണം തിരികെ നല്‍കാന്‍ തീരുമാനിച്ചതോടെ വിഷയവും അവസാനിച്ചു. ജയരാജനെ ദേശാഭിമാനി ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കി.

2010 ല്‍ കേരള ലോട്ടറി മോണിറ്ററിംഗ് സെല്ലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. ലോട്ടറി ടിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും അവകാശപ്പെടാത്ത സമ്മാനത്തുക സിക്കിം സര്‍ക്കാരിലേക്ക് അയച്ചുവെന്നായിരുന്നു ആരോപണം. മാര്‍ട്ടിനെതിരെ കേരളത്തിലുടനീളം 32 കേസുകളാണ് ചുമത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം ആവശ്യമുള്ളതിനാല്‍ 2011 ല്‍ അന്വേഷണം സിബിഐക്ക് കൈമാറി.

അന്വേഷണ പ്രകാരം, 2009 – 10 ല്‍ സിക്കിം സര്‍ക്കാരിന്റെ വില്‍പ്പന ബില്ല് ഏകദേശം 5000 കോടിയായിരുന്നു. എന്നാല്‍ മാർട്ടിൻ്റെ കമ്പനി നല്‍കിയത് 140 കോടിയാണ്. 2011 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സിക്കിമില്‍ അധികാരമേറ്റയുടന്‍ രണ്ടു വര്‍ഷത്തേക്ക് സംസ്ഥാനത്ത് ഓൺലൈൻ ലോട്ടറി നിരോധിച്ചു.

ലോട്ടറി മാഫിയയുടെ ബന്ധത്തിൻ്റെ പേരിൽ കേരളത്തില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഇടയിൽ ഭിന്നത രൂപപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസിനെ അമ്പരിപ്പിച്ചുകൊണ്ട് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി മാർട്ടിന് വേണ്ടി കോടതിയില്‍ ഹാജരായി.

2016 ല്‍ എഡി പുറപ്പെടുവിച്ച ജപ്തി ഉത്തരവിനെ ചോദ്യം ചെയ്ത് മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ ഹാജരായത് സിപിഎമ്മിനും നാണക്കേടുണ്ടാക്കി.

മാര്‍ട്ടിന്‍ വാങ്ങിയ ഇലക്ടറൽ ബോണ്ടുകൾ

അന്വേഷണങ്ങൾ, കുറ്റപത്രങ്ങൾ, നിയമപരമായ കേസുകൾ എന്നിവ നിലനില്‍ക്കുമ്പോഴും മാർട്ടിൻ ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് നിശബ്ദമായി പണം സംഭാവന ചെയ്തുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.

മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് 2020 ൽ രാഷ്ട്രീയ പാർട്ടികൾക്ക് 150 കോടി രൂപയാണ് സംഭാവന നൽകിയത്. ആ വർഷം കമ്പനി പ്രഖ്യാപിച്ച ലാഭത്തിൻ്റെ 2.6 മടങ്ങായിരുന്നു ഇത്. ആ വർഷം കമ്പനി പ്രഖ്യാപിച്ച വാർഷിക ലാഭവിഹിതം 56.97 കോടിയായിരുന്നു. എന്നാൽ അതേവർഷം ഒക്ടോബറിൽ ഒരു കോടിയുടെ 150 ഇലക്ടറൽ ബോണ്ടുകളും മാർട്ടിൻ വാങ്ങി.

2021 ലും സമാനമായ കാര്യങ്ങൾ സംഭവിച്ചു. ആ വർഷം കമ്പനിയുടെ ലാഭം 49.43 കോടി രൂപയായിരുന്നു. എന്നാല്‍ അതിൻ്റെ ഏഴു മടങ്ങാണ് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയത്. ആ വർഷം നാല് വ്യത്യസ്ത തീയതികളിലായി 334 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ ഫ്യൂച്ചർ ഗെയിമിംഗ് വാങ്ങി. 2021 മാർച്ചിൽ അവർ പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിന് 100 കോടി രൂപ സംഭാവന നൽകി. പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റാണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നൽകിയ സ്ഥാപനം.

2022 ലാണ് കമ്പനി ഏറ്റവും ഉയർന്ന തുകയുടെ ബോണ്ടുകൾ വാങ്ങിയത്. 500 കോടിക്ക്. 2023 ൽ 321 കോടി രൂപയുടെ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. 2024 ജനുവരിയിലെ ഇലക്ടറൽ ബോണ്ട് വിൽപ്പനയുടെ അവസാന ഘട്ടത്തിൽ 63 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി.

2019 മെയ് മാസത്തിൽ ഫ്യൂച്ചർ ഗെയിമിംഗിൽ ആദായനികുതി വകുപ്പ് വലിയ റെയ്ഡുകൾ നടത്തിയിരുന്നു. 2018 മാർച്ചിനും 2019 ഏപ്രിലിനും ഇടയിൽ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ ഡാറ്റ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ലഭ്യമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഫ്യൂച്ചർ ഗെയിമിംഗ് ഈ സമയത്ത് കൂടുതൽ ബോണ്ടുകൾ വാങ്ങിയോ എന്ന് വ്യക്തമല്ല.

ന്യൂസ് ലോണ്‍ട്രി, ദ സ്‌ക്രോള്‍, ദ ന്യൂസ് മിനിട്ട് എന്നീ മൂന്ന് വാർത്താ മാധ്യമങ്ങൾ ഒരുമിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ പരിഭാഷ.

പരിഭാഷ: നിവ്യ വി ജി