Sun. Apr 28th, 2024

സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഇലക്ടറൽ ബോണ്ടുകളെക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ വിവരങ്ങൾ ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്പനികൾ ബോണ്ട് വാങ്ങിയ തീയതി, സ്വീകരിച്ച വ്യക്തികളുടെ പേര്, ലഭിച്ച രാഷ്ട്രീയ പാർട്ടികൾ, തുക എന്നിവയടക്കമുള്ള വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

2019 മുതൽ 2024 വരെ രാഷ്ട്രീയ പാർട്ടികൾക്കായി ഏറ്റവും കൂടുതൽ പണം സംഭാവന ചെയ്തവരിൽ രാജ്യത്തെ വൻകിട കമ്പനികളുണ്ട്. ഫ്യൂച്ചർ ഗെയിമിങ്ങ് ആൻ്റ് ഹോട്ടൽ സർവീസ് ലിമിറ്റഡ്മേഘ എഞ്ചിനീയറിങ്ങ് ആൻ്റ് ഇൻഫ്രാസ്ട്രക്ചർ, വേദാന്ത ലിമിറ്റഡ്, സീ ഗ്രൂപ്പിൻ്റെ എസ്സൽ മൈനിങ്ങ്, ഡിഎൽഎഫ്, വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ ലിമിറ്റഡ്, ഹൽദിയ എനർജി ലിമിറ്റഡ്, ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ്, ഭാരതി എയർടൽ, യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, പിരാമൽ എൻ്റർപ്രൈസസ്, സൺ ഫാർമ, മുത്തൂറ്റ് ഫിനാൻസ്, ബജാജ്, തുടങ്ങിയ നിരവധി കമ്പനികളാണ് ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച വിവരങ്ങളിലുള്ളത്.

ഇലക്ടറൽ ബോണ്ട് നൽകിയവരിൽ ഏറ്റവും കൂടുതൽ പണം സംഭാവന ചെയ്തത് ഫ്യൂച്ചർ ഗെയിമിങ്ങ് ആൻ്റ് ഹോട്ടൽ സർവീസ് ലിമിറ്റഡ് ഉടമ സാൻ്റിയാഗോ മാർട്ടിനാണ്. 1368 കോടിയുടെ ഇലക്ടറൽ ബോണ്ട് സംഭാവനയാണ് കമ്പനി നൽകിയത്. മേഘ എഞ്ചിനീയറിങ്ങ് ആൻ്റ് ഇൻഫ്രാസ്ട്രക്ചർ(966കോടി) രാധേശാം കേതൻ(572 കോടി) തുടങ്ങിയവർ രണ്ടും മൂന്നും സ്ഥാനത്താണ്. 

ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂന്ന് രീതിയിലാണ് കമ്പനികളും വ്യക്തികളും ഇലക്ടറൽ ബോണ്ട് സംഭാവന ചെയ്തിരിക്കുന്നത്. 2019 ഏപ്രിൽ 12 മുതലുള്ള കണക്കുകളാണ് നിലവിൽ എസ്ബിഐ പുറത്തുവിട്ടിരിക്കുന്നത്.  2018 ലാണ് ഇലക്ടറൽ ബോണ്ട് നിലവിൽ വരുന്നത്. 2500 കോടി രൂപ മൂല്യമുള്ള ബോണ്ടുകൾ ആദ്യ വർഷം വിറ്റ് പോയിരുന്നു. എന്നാൽ അതിൻ്റെ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഓരോ ഇലക്ടറൽ ബോണ്ടിനും പ്രത്യേകമായ ഒരു നമ്പർ ഉണ്ടായിരിക്കും. ഇതിനെ യുണീക് മാച്ചിങ്ങ് കോഡ് എന്നാണ് പറയുക. സംഭാവന നൽകിയ വ്യക്തിയെയും സ്വീകരിച്ച രാഷ്ട്രീയ പാർട്ടിയെയും ഒത്തുനോക്കാൻ ഈ നമ്പറുകൾ സഹായിക്കും. എസ്ബിഐക്ക് വളരെ വേഗത്തിൽ ഇതിലൂടെ രേഖകൾ ചിട്ടപ്പെടുത്താൻ കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ കമ്പനികളും രാഷ്ട്രീയ പാർട്ടികളും തമ്മിൽ പ്രത്യേക ഇടപാടുകളുണ്ടെന്ന് ലഭിച്ചിരിക്കുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാക്കാൻ സാധിക്കില്ല.

16, 518.11 കോടിയാണ് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച ആകെ തുക. ഏറ്റവും കൂടുതൽ പണം ലഭിച്ചിരിക്കുന്നത് ബിജെപിക്കാണ്. ഏകദേശം 11,562.5 കോടിയാണ് ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. ഇലക്ടറൽ ബോണ്ടിൻ്റെ 46.74 ശതമാനവും ബിജെപിക്ക് ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് 9.3 ശതമാനം മാത്രമാണ്.  

ഏറ്റവും കൂടുതൽ തുക നൽകിയിട്ടുള്ളവരിൽ ഫ്യൂച്ചർ ഗെയിമിങ്ങ് ആൻ്റ് ഹോട്ടൽ സർവീസ് ലിമിറ്റഡ്, മേഘ എഞ്ചിനീയറിങ്ങ് ആൻ്റ്  ഇൻഫ്രാസ്ട്രക്ചർ, വേദാന്ത ലിമിറ്റഡ് തുടങ്ങിയ കമ്പനികൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം നേരിടുന്നവരാണ്. അംബാനി, അദാനി തുടങ്ങിയവരുടെ പേരുകൾ ലിസ്റ്റിലില്ല. 

കേരളത്തിൽ സിക്കിം സർക്കാരിൻ്റെ ലോട്ടറി വിറ്റതുമായി ബന്ധപ്പെട്ട് 2019 മുതൽ ഇഡി അന്വേഷണം നേരിടുന്ന കമ്പനിയാണ് ഫ്യൂച്ചർ ഗെയിമിങ്ങ് ആൻ്റ് ഹോട്ടൽ സർവീസ് ലിമിറ്റഡ്. 1989ൽ ആന്ധ്ര പ്രദേശിൽ സ്ഥാപിതമായ കമ്പനിയാണ് മേഘ എഞ്ചിനീയറിങ്ങ് ആൻ്റ് ഇൻഫ്രാസ്ട്രക്ചർ. കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായിരുന്ന കമ്പനി അഴിമതി ആരോപണം നേരിട്ടിരുന്നു. 

2018ൽ ചൈനീസ് പൗരന്മാർക്ക് നിയമവിരുദ്ധമായി വിസ നൽകിയെന്ന കേസിൽ വേദാന്ത ലിമിറ്റഡ് ഇഡിയുടെ അന്വേഷണം നേരിട്ടിരുന്നു. അതിനും കുറച്ച് മാസങ്ങൾക്ക് ശേഷമാണ് വേദാന്ത ലിമിറ്റഡ് 39 കോടിയിലധികം വരുന്ന ബോണ്ടുകൾ വാങ്ങിയത്. 

സീ ഗ്രൂപ്പിൻ്റെ എസ്സൽ മൈനിങ്ങ്, ഡിഎൽഎഫ്, വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ ലിമിറ്റഡ്, ഹൽദിയ എനർജി ലിമിറ്റഡ്, ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ്, യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങിയവയാണ് പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റ് കമ്പനികൾ. 

അതേസമയം, ഇലക്ഷൻ കമ്മീഷൻ വെളിപ്പെടുത്തിയ വിവരങ്ങളിൽ ബോണ്ട് നമ്പറുകൾ വ്യക്തമാക്കിയിട്ടില്ലെന്നും രാഷ്ട്രീയ പാർട്ടികളും കമ്പനികളുമായി ഇവ ബന്ധിപ്പിക്കാൻ കഴിയില്ലെന്നും മുൻ വിവരാവകാശ കമ്മീഷണറും ട്രാൻസ്പരൻസി ആക്ടിവിസ്റ്റുമായ ഷൈലേഷ് ഗാന്ധി പറഞ്ഞു. 

ഈ രേഖകൾ എസ്ബിഐ ഉടൻ നൽകുമോയെന്നോ സുപ്രീംകോടതി അത് ആവശ്യപ്പെടുമോയെന്നോ വ്യക്തമല്ല. വിവരങ്ങൾ സമർപ്പിക്കാൻ മൂന്ന് മാസത്തെ സാവകാശം നൽകണമെന്നാവശ്യപ്പെട്ട എസ്ബിഐ വിവരങ്ങൾ ഉടൻ സമർപ്പിച്ചതിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. 

കോർപ്പറേറ്റുകളും രാഷ്ട്രീയ പാർട്ടികളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തുവന്ന രേഖകൾ. പ്രത്യേകിച്ച് ഭരണകക്ഷിയായ ബിജെപിയാണ് ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീംകോടതിയുടെ നടപടി പരിഷ്തരിക്കണമെന്നാവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ ഇപ്പോൾ അപേക്ഷ സമർപ്പിച്ചിരിക്കുകയാണെന്നും സത്യം മറച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാരെന്നും അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എക്സിൽ കുറിച്ചു. ഇലക്ടറൽ ബോണ്ട് ഭരണഘടനവിരുദ്ധമാണെന്ന് വിധിച്ച സുപ്രീംകോടതി മാർച്ച് ആറിന് മുൻപ് വിവരങ്ങൾ നൽകണമെന്ന് എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നു. 

FAQs

എന്താണ് ഇലക്ടറൽ ബോണ്ടുകൾ?

രാഷ്ട്രീയകക്ഷികള്‍ക്ക് സംഭാവനയിലൂടെ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ധനസമാഹരണം നടത്താനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചതാണ് ഇലക്ടറൽ ബോണ്ടുകള്‍. സ്‌റ്റേറ്റ് ബാങ്ക് (എസ്ബിഐ) വഴിയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത്.

ആരാണ് പ്രശാന്ത് ഭൂഷൺ?

സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമാണ് പ്രശാന്ത് ഭൂഷൺ.  മുൻ കേന്ദ്ര നിയമമന്ത്രിയും മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ ശാന്തി ഭൂഷൻ്റെ മകനാണ്.

ആരാണ് സാൻ്റിയാഗോ മാർട്ടിൻ?

സിക്കിം ലോട്ടറി തട്ടിപ്പിലൂടെ 4500 കോടി തട്ടിപ്പ് നടത്തിയ ഫ്യൂച്ചർ ഗെയിമിങ്ങ് ആൻ്റ് ഹോട്ടൽ സർവീസ് ലിമിറ്റഡിൻ്റെ ഉടമയാണ് സാൻ്റിയാഗോ മാർട്ടിൻ. 

Quotes

അഴിമതിക്കെതിരെ പോരാടുന്നത് നല്ല ഭരണം മാത്രമാല്ല, അത് പ്രതിരോധമാണ്, രാജ്യസ്നേഹമാണ് – ജോ ബൈഡൻ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.