Wed. Jan 22nd, 2025

ആശ വര്‍ക്കര്‍മാരുടെ ചൂഷണം ചെയ്യപ്പെടുന്ന അധ്വാനത്തെ വളരെയധികം ആശ്രയിച്ചാണ് കേരളത്തിന്റെ ആരോഗ്യ മേഖല നമ്പര്‍ വണ്ണായി നിലനില്‍ക്കുന്നത്

 

പ്രാഥമികാരോഗ്യ സേവനത്തെ അടിസ്ഥാനമാക്കിയുള്ള നവീന ആരോഗ്യ വികസന കാഴ്ചപ്പാടുകളാണ് 1978- ല്‍ നടന്ന ‘അല്‍മ അറ്റ’ സമ്മേളനം (The Alma Ata Declaration) ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ടത്. രണ്ടായിരമാണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ലോകാരോഗ്യസംഘടനയുടെ അല്‍മ അറ്റ പ്രഖ്യാപനം ലോകരാജ്യങ്ങള്‍ അംഗീകരിച്ചു.

ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അവര്‍ക്ക് പ്രയോജനകരമായ രീതിയില്‍ പ്രാഥമികാരോഗ്യ സേവനം നടപ്പാക്കാന്‍ ആയിരുന്നു സമ്മേളനം തീരുമാനമെടുത്തത്. ആരോഗ്യ മേഖലയിലെ നയരൂപീകരണത്തില്‍ പൊതുജനത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന തീരുമാനമായിരുന്നു അത്. സമ്മേളനം നടന്ന് 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ ഗ്രാമീണ ആരോഗ്യ മിഷനിലൂടെ ഇന്ത്യ പ്രാഥമികാരോഗ്യ മേഖലയിലെ മുന്നേറ്റത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങിവെച്ചത്.

ഈ ചര്‍ച്ചയുടെ ഭാഗമായാണ് 2005 ല്‍ ആശ വര്‍ക്കര്‍ അഥവാ ‘Accredited Social Health Activist’ (ASHA) എന്ന പേരില്‍ സ്ത്രീകളായ ആരോഗ്യ പ്രവര്‍ത്തകരെ, സന്നദ്ധ പ്രവര്‍ത്തകരായി നിയമിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി നിയമിക്കപ്പെടുന്ന സാമൂഹിക ആരോഗ്യ പ്രവര്‍ത്തകരാണ് ആശ വര്‍ക്കര്‍മാര്‍. സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ ഡോക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നഴ്‌സ് എന്നിവരും പൊതുജനവും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന കണ്ണികളാണിവര്‍.

ആശ വര്‍ക്കര്‍ Screen-grab

ആശ വര്‍ക്കര്‍ എന്ന അസംഘടിത തൊഴിലാളികള്‍ സാമൂഹികാരോഗ്യ രംഗത്തെ ചാലകങ്ങളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 18 വര്‍ഷമായി. ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആശ വര്‍ക്കര്‍മാരുടെ സേവനമുണ്ട്. 18 വര്‍ഷത്തെ ആശ വര്ക്ക‍ര്‍മാരുടെ അധ്വാനം വിലയിരുത്തുമ്പോള്‍ ആശമാര്‍ ആരോഗ്യ മേഖലക്ക് നല്‍കിയ സംഭാവന ഏറെയാണ്.

2008 ലാണ് കേരളത്തില്‍ ആദ്യമായി ആശമാരെ നിയമിക്കുന്നത്. ആയിരം പേര്‍ക്ക് ഒരു ആശ എന്നായിരുന്നു കണക്ക്. എന്നാല്‍ ഇന്ന് ഒരു വാര്‍ഡില്‍ ഒരു ആശയാണ്. മാതൃ-ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നു ആശമാരുടെ ആദ്യ നിയമനം.

നിയമപരമായും സാമൂഹ്യപരമായും കിട്ടുന്ന തൊഴില്‍പരമായ അംഗീകാരം ലഭിക്കാതെ തികച്ചും പ്രതിഫലമില്ലാതെ സാമൂഹിക പ്രവര്‍ത്തനമായാണ് സ്ത്രീകള്‍ ആദ്യ കാലങ്ങളില്‍ ലഭിച്ചിരുന്ന ജോലികള്‍ ചെയ്തിരുന്നത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് ആശ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം. സന്നന്ധ പ്രവര്‍ത്തനം ആയതിനാല്‍ തന്നെ ശമ്പളം, കൂലി എന്നീ തൊഴില്‍ അവകാശങ്ങള്‍ ആശമാര്‍ക്ക് ലഭിക്കില്ല. മാത്രമല്ല ഇവര്‍ക്ക് തൊഴിലാളികളുടെ യാതൊരു അവകാശവും ലഭിക്കില്ല.

300 രൂപയാണ് ആദ്യമായി ആശ വര്‍ക്കര്‍മാര്‍ക്ക് കിട്ടിയ വരുമാനം. പിന്നീട് അത് 500 ആയി, 1000 മായി, 1500 ആയി. നിരന്തരമായ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി കേരള സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം 7000 രൂപയാക്കി. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ഇന്‍സന്റീവായി നല്‍കുന്നത് 2000 രൂപയാണ്.

ആദിവാസി ഊരില്‍ നിന്നും വിവരം ശേഖരിക്കുന്ന ആശ വര്‍ക്കര്‍ Screen grab

ഒരു വ്യക്തിയുടെ സേവനത്തിനായി നല്‍കുന്ന തുകയാണ് ഓണറേറിയം. ഇന്‍സന്റീവ് ആവട്ടെ അയാള്‍ ചെയ്യുന്ന ജോലിയെ പ്രോത്സാഹിപ്പിക്കാന്‍ നല്‍കുന്ന തുകയും.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 6000 രൂപയ്ക്ക് വേണ്ടി ആശമാരുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ 60000 രൂപയുടെ പണികള്‍ ചെയ്യണം. 6000 രൂപ കിട്ടുന്നതാവട്ടെ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട എട്ടു പണികള്‍ ചെയ്താലാണ്. ഒന്ന് വിട്ടുപോയാല്‍ ആ പൈസ കുറയ്ക്കും.

മാസത്തില്‍ 31 ദിവസവും ലീവ് ഇല്ലാതെ ജോലി എടുക്കണം. ഈ ജോലി സേവനമാണെന്നുമാത്രം തിരിച്ചറിഞ്ഞ് അത് ചെയ്യാന്‍ സന്നദ്ധരായി വന്ന സ്ത്രീകള്‍ പിന്നീട് സ്ഥിരവരുമാനം നല്‍കുന്ന സര്‍ക്കാര്‍ ജോലിയായി ഇതു മാറാന്‍ സാധ്യതയുണ്ട് എന്നും വിശ്വസിച്ചിരുന്നു. ആശമാരുടെ ജീവിതം അടുത്തറിഞ്ഞാല്‍ ആ വിശ്വാസം തൊഴില്‍ സ്ഥിരപ്പെടുത്താനുള്ള അവകാശമാണെന്ന് ബോധ്യമാകും.

സ്ത്രീകളുടെ ഒഴിവു സമയങ്ങളില്‍ മാതൃ-ശിശു ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയാല്‍ മതി എന്നായിരുന്നു ആശമാര്‍ക്ക് കിട്ടിയ ആദ്യ നിര്‍ദേശം. ഇതനുസരിച്ച് ദിവസം ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാറ്റിവെച്ചാല്‍ ആശമാര്‍ക്ക് വിവര ശേഖരണം നടത്താം.

എന്നാല്‍ വര്‍ഷങ്ങള്‍ കഴിയവെ ആശമാരുടെ ജോലി ഭാരം വര്‍ധിച്ചു. ഇന്ന് ആരോഗ്യ വകുപ്പ് നല്‍കുന്ന ജോലികള്‍ തീര്‍ക്കാന്‍ 24 മണിക്കൂര്‍ തികയുന്നില്ല. മാത്രമല്ല ചെയ്യുന്ന ജോലിക്ക് അര്‍ഹമായ അംഗീകാരവും പ്രതിഫലവും കിട്ടുന്നില്ല. അതുകൊണ്ടാണ് തങ്ങളെ സംഘടിത തൊഴില്‍ മേഖലയായി പരിഗണിച്ച് ആരോഗ്യ വകുപ്പില്‍ സ്ഥിര നിയമനം നല്‍കണമെന്ന് ആശമാര്‍ ആവശ്യപ്പെടുന്നത്.

ഒരു വശത്ത് സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന് ആശമാരെ സംബോധന ചെയ്യുമ്പോള്‍ മറുവശത്ത്, അവരുടെ ജോലി ഭാരവും പ്രതിഫലവും ആരും പരിഗണിക്കുന്നില്ല.

കേരളത്തെ സംബന്ധിച്ച് ആശമാരുടെ മൂല്യം തിരിച്ചരിഞ്ഞത് കൊവിഡ് മഹാമാരി കാലത്താണ്. മഹാമാരി അതിതീവ്രമായി പടരുന്നതിനോടൊപ്പം തന്നെ കര്‍മനിരതരായി കേരളത്തിലെ ഓരോ ആശമാരും തെരുവില്‍ ഉണ്ടായിരുന്നു.

ആശമാര്‍ സ്വന്തം ആരോഗ്യം വകവെക്കാതെ വീടുകള്‍ തോറും കയറി ഇറങ്ങി ശേഖരിച്ച വിവരങ്ങളാണ് എല്ലാ ദിവസവും വൈകീട്ട് ആറു മണിക്ക് വാര്‍ത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പൊതുജനത്തിലേയ്ക്ക് എത്തിച്ചത്.

ആശ വര്‍ക്കര്‍ Screen grab

ഗള്‍ഫില്‍ നിന്നും മറ്റു രാജ്യങ്ങളിലും നിന്നും നാട്ടിലെത്തിയ പ്രവാസികളുടെ ക്വാറന്റൈന്‍, അവരുടെ ദൈനംദിന ആരോഗ്യ പുരോഗതി, പരിപാലനം, ആവശ്യമായ മരുന്നുകള്‍ എത്തിക്കല്‍, വാക്‌സിനേഷന്‍, കൊവിഡ് ടെസ്റ്റ് എടുക്കല്‍, കൊവിഡ് രോഗികളുള്ള വീടുകളുടെ പരിപാലനം തുടങ്ങി കൊവിഡ് കാലത്തെ ആശമാരുടെ ഇടപെടലാണ് മഹാമാരിയുടെ പടര്‍ച്ച കുറക്കുന്നതില്‍ സഹായകമായത്.

അതുമാത്രമല്ല കൊവിഡുമയി ബന്ധപ്പെട്ട എല്ലാ ഡേറ്റകളും എഴുതി തയ്യാറാക്കുകയും വിവിധ സര്‍വേകള്‍ എടുത്തു നല്‍കുകയും ചെയ്തിട്ടുണ്ട്. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ആശ വാര്‍ക്കര്‍മാര്‍ തെരുവില്‍ പണിയെടുത്തത് കൊണ്ടാണ് കൊവിഡ് പ്രതിരോധത്തില്‍ കേരള മോഡല്‍ സാധ്യമായത്. കൊവിഡ് സമയത്തെ ഈ അധ്വാനമാണ് ലോകാരോഗ്യ സംഘടനയുടെ മികച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിനായി ആശമാരുടെ പേരു കൂടി എത്തിച്ചത്.

കൊവിഡിന് ശേഷം പലവിധ ആരോഗ്യ പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പാക്കി. ആ പദ്ധതികള്‍ക്ക് എല്ലാം അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയത് ആശമാരാണ്. എന്നിട്ടും സ്ത്രീകളുടെ ഈ അധ്വാനത്തെയും അവര്‍ തൊഴില്‍രംഗത്ത് നേരിടുന്ന പ്രശ്‌നങ്ങളെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിഗണിച്ചില്ല.

കൂലി നല്‍കേണ്ടതില്ലാത്ത പരിചരണ ജോലിയായാണ് സമൂഹം സ്ത്രീകളുടെ അധ്വാനത്തെ കാണുന്നത്. ഇതേ രീതി തന്നെയാണ് സര്‍ക്കാരിനുമുള്ളത്. മറിച്ചാണെങ്കില്‍ ഇവരുടെ അധ്വാനത്തെ എന്നേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിഗണിച്ചേനെ.

ആശ വര്‍ക്കര്‍മാരുടെ ചൂഷണം ചെയ്യപ്പെടുന്ന അധ്വാനത്തെ വളരെയധികം ആശ്രയിച്ചാണ് കേരളത്തിന്റെ ആരോഗ്യ മേഖല നമ്പര്‍ വണ്ണായി നിലനില്‍ക്കുന്നത് എന്ന് പറയാം.

ആരാണ് ആശാ വര്‍ക്കര്‍? എന്തൊക്കെയാണ് ആശാ വര്‍ക്കറുടെ ഉത്തരവാദിത്തങ്ങള്‍?

സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാ വര്‍ക്കര്‍ എന്ന പദവിയുടെ സ്ഥാപിത ലക്ഷ്യം. അതിനായി നിയമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് മുഖ്യമായും എട്ട് നിബന്ധനകളാണുള്ളത്. അവ എല്ലാ മാസവും കൃത്യമായി നിറവേറ്റിയാല്‍ മാത്രമേ അവര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള പ്രതിമാസ ഓണറേറിയമായ 6000 രൂപ കിട്ടുകയുള്ളൂ.

ആശ വര്‍ക്കര്‍മാര്‍ ചെയ്യേണ്ട ജോലികളും അതിനുള്ള പ്രതിഫലവും

നിബന്ധനകള്‍ (ഒരു മാസം ചെയ്യേണ്ട ജോലികള്‍)

ഒരു വാര്‍ഡിന്റെ സമ്പൂര്‍ണ്ണമായ ആരോഗ്യസ്ഥിതി പ്രതിഫലിക്കുന്ന വാര്‍ഡ് ആരോഗ്യ റിപ്പോര്‍ട്ട് തയ്യാറാക്കല്‍. റിപ്പോര്‍ട്ട് തയ്യാറാക്കിയാല്‍ 600 രൂപ കിട്ടും.

വാര്‍ഡ് മെമ്പര്‍മാരുമായി സഹകരിച്ചുകൊണ്ട് എല്ലാ മാസവും വാര്‍ഡ് അവലോകന യോഗം നടത്തണം. അതിനും 600 രൂപ ലഭിക്കും.

സബ് സെന്റര്‍ തലത്തില്‍ യോഗത്തില്‍ പങ്കെടുത്താല്‍ 600 രൂപ.

പഞ്ചായത്ത് തലത്തില്‍ അവലോകന യോഗം നടത്തുന്നതിന് 600രൂപ.

ആര്‍ദ്രം മിഷന്റെ ഡ്യൂട്ടി മാസത്തില്‍ രണ്ടു ദിവസം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സബ് സെന്ററിലോ ഡ്യൂട്ടി എടുക്കാം. ഓരോ ഡ്യൂട്ടിയ്ക്കും 600 രൂപ വെച്ച് ലഭിക്കും.

ആരോഗ്യ സംബന്ധിയായ ക്ലാസ്, ചര്‍ച്ചകള്‍, ആക്റ്റിവിറ്റികള്‍ എന്നിവ നടത്തിയാല്‍ 600 രൂപ ലഭിക്കും.

വള്‍ണറബിളായ 10 വ്യക്തികളുടെ ഭാവന സന്ദര്‍ശനം നടത്തിയാല്‍ 600 രൂപ.

ഈ എട്ട് നിബന്ധനകള്‍ ചെയ്തു തീര്‍ത്താല്‍ 6000 രൂപ മാസം ഓണറേറിയമായി കിട്ടും. നിലവില്‍ കേരളത്തിലെ ആശമാരുടെ ഓണറേറിയം 7000 രൂപ ആക്കിയിട്ടുണ്ട്. അത് എങ്ങനെയാണ് വിനിമയം ചെയ്യുക എന്ന് അറിയിപ്പ് ഉണ്ടായിട്ടില്ല.

ആകെ വേതനത്തിന്റെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സന്റീവായ 2000 രൂപ കിട്ടുന്നത് മൂന്നു പണികള്‍ ചെയ്താലാണ്. അതിനായി 50 വീട് ഒരു മാസം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണം. 50 വീട് സന്ദര്‍ശിച്ചു എന്ന് സ്ഥിരീകരിക്കാന്‍ ആശ വര്‍ക്കറുടെ ഡയറിയില്‍ ആ വീട്ടുകാരുടെ ഒപ്പ് കൂടി വേണം. ഇതിന് 1000 രൂപ ലഭിക്കും.

ഗര്‍ഭിണികള്‍, ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള 20 വീട് സന്ദര്‍ശിച്ച് അവിടത്തെ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് 500 രൂപ, ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരുള്ള 20 വീടുകള്‍ മുടങ്ങാതെ സന്ദര്‍ശിച്ച് അവിടത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് മറ്റൊരു 500 രൂപ. ഇത്രയും കാര്യങ്ങള്‍ ചെയ്തു എന്ന് അധികൃതര്‍ക്ക് ബോധ്യം വരുമ്പോഴാണ് 2000 രൂപ ലഭിക്കുന്നത്.

ഈ ജോലികള്‍ കൂടി ചേര്‍ത്ത് 43 വ്യത്യസ്ത ചുമതലകള്‍ ഒരു ആശാ വര്‍ക്കറിനുണ്ട്. ഓരോന്നിനും വ്യത്യസ്തമായ വേതനനിരക്കുകളുമുണ്ട്. പള്‍സ് പോളിയോയ്ക്ക് മരുന്ന് നല്‍കാന്‍ ഇരുന്നാല്‍ ഒരു ദിവസം കിട്ടുക 75 രൂപയാണ്.

പ്രസവം സര്‍ക്കാര്‍ ആശുപത്രി മുഖേന നടത്താന്‍ പ്രേരിപ്പിക്കുന്നതിന് 600 രൂപ, സ്ത്രീയുടെ പ്രസവം നിര്‍ത്താന്‍ മുന്‍കൈ എടുത്താല്‍ 150 രൂപ, പുരുഷന്മാരുടെ വന്ധ്യംകരണത്തിന് 200 രൂപ, കുക്കറി ഷോ സംഘടിപ്പിച്ചാല്‍ 50 രൂപ, മലേറിയ പരിശോധനയ്ക്ക് 15 രൂപ തുടങ്ങി മുകളില്‍ സൂചിപ്പിച്ച നിബന്ധനകള്‍ക്ക് പുറത്ത് നില്‍ക്കുന്ന 32 കാര്യങ്ങളിലെ ഏതെങ്കിലും ചില ജോലികള്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡില്‍ ഉണ്ടായാല്‍ ഓണറേറിയവും ഇന്‍സന്റീവും കൂട്ടി 9000 രൂപയ്ക്ക് അടുപ്പിച്ച് വരുമാനം കിട്ടും.

കൂടാതെ സര്‍ക്കാര്‍ സര്‍വേകളുടെയും കണക്കുകളുടെയും വിവര ശേഖരണം ആശാ വര്‍ക്കര്‍മാരുടെ അധിക ചുമതലയാണ്. പഞ്ചായത്തുകളുടെ ആരോഗ്യ സര്‍വേയും ചെയ്യേണ്ടതായി വരും. ഇതിനൊന്നും കൂലി നല്‍കുന്നില്ല. ആശയുടെ ഒരു മാസത്തെ അധ്വാനം അളന്നാല്‍ അവര്‍ക്ക് കിട്ടേണ്ട അംഗീകാരം 9000 രൂപ അല്ലെന്ന് മനസിലാവും. അത്രയും കഠിനമാണ് ഓരോ ആശ വര്‍ക്കറിന്റെയും ജീവിതം.

ആശ വര്‍ക്കര്‍ Screen grab

ഒരു ആശയെന്ന നിലയില്‍ ഒരു സ്ത്രീയുടെ ജീവിതം ഏതൊക്കെ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നറിയാന്‍ എറണാകുളം ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നും ഒരു കോര്‍പറേഷന്‍ ഏരിയയില്‍ നിന്നുമായി 59 ആശമാരുമായി വോക്ക് മലയാളം സംസാരിച്ചു. നായരമ്പലം, ഞാറക്കല്‍, പള്ളിപ്പുറം, എളംങ്കുന്നപ്പുഴ, മുളവുകാട്, എടവനക്കാട്, ചെല്ലാനം പഞ്ചായത്തുകളിലെയും കൊച്ചി കോര്‍പറേഷനിലെ മട്ടാഞ്ചേരി ബ്ലോക്കുകളിലെയും ആശമാരുമായാണ് സംസാരിച്ചത്.

അത്ര ‘ആശ’ നല്‍കുന്ന കാര്യങ്ങള്‍ ആയിരുന്നില്ല ആശമാര്‍ക്ക് പറയാനുണ്ടായിരുന്നത്. ജോലി ഭാരം, കുടുംബ പ്രശ്ങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, അവഗണന, അവഹേളനം, മാനസിക പീഡനങ്ങള്‍, ജാതി അധിക്ഷേപം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങി അനവധി പ്രശ്‌നങ്ങളാണ് ആശമാര്‍ ഒന്നടങ്കം പറഞ്ഞത്.

കൂടുതല്‍ പഞ്ചായത്തുകളിലെ ആശമാരുമായി സംസാരിക്കാന്‍ ബന്ധപ്പെട്ടിരുന്നു എങ്കിലും സിഐടിയു (ആശമാര്‍ക്ക് മാത്രമായി ഒരു സംഘടിത തൊഴിലാളി സംഘടന ഇല്ലാത്തതിനാല്‍ അവര്‍ സിഐടിയുവിന്റെ ഭാഗമായി നിന്നാണ് സമരങ്ങള്‍ ചെയുന്നത് ) വിന്റെ അനുവാദം ഇല്ലാതെ സംസാരിക്കാന്‍ കഴിയില്ല എന്നാണ് പറഞ്ഞത്.

ചില പഞ്ചായത്തുകളിലെ ആശമാര്‍ മെഡിക്കല്‍ ഓഫീസറുടെ അനുവാദം വാങ്ങിക്കണം എന്നും പറഞ്ഞു. വോക്ക് മലയാളവുമായി സംസാരിച്ചതില്‍ രണ്ടു പഞ്ചായത്തിലെ ആശമാര്‍ മെഡിക്കല്‍ ഓഫീസറുടെ അനുമതി വാങ്ങിയിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ ആരുടേയും അനുവാദം വേണ്ടെന്ന് ധൈര്യത്തോടെ പറഞ്ഞാണ് മറ്റു പഞ്ചായത്തുകളിലെ ആശമാര്‍ സംസാരിച്ചത്.

എന്നിരുന്നാലും പലരും വാര്‍ത്തയില്‍ പേരോ മറ്റു വ്യക്തിവിവരങ്ങളോ നല്‍കരുത് എന്നും പറഞ്ഞിട്ടുണ്ട്. അത് ജോലി പോകുമേയെന്ന ഭയം കൊണ്ടല്ല, മറിച്ച് വാര്‍ത്ത പുറത്തുവന്നാല്‍ നേരിടേണ്ടി വന്നേക്കാവുന്ന മാനസിക പീഡനങ്ങളെ ഓര്‍ത്താണ്. കാരണം ഒരു മനുഷ്യന് താങ്ങാന്‍ പറ്റാവുന്നതിലും അപ്പുറം സമ്മര്‍ദ്ദം ഇന്ന് ഓരോ ആശാമാരും അനുഭവിക്കുന്നുണ്ട്.

കുമ്പളങ്ങി പഞ്ചായത്തിലെ ആശമാരെ ബന്ധപ്പെട്ടപ്പോള്‍ തിരിച്ചുവിളിച്ചത് സിഐടിയുവിലെ ആശമാരുടെ എറണാകുളം ജില്ലാ നേതാവാണ്. ഞങ്ങള്‍ ചെയ്യുന്ന സ്റ്റോറിയെ കുറിച്ച് ആദ്യം അവര്‍ക്ക് അറിയണമെന്നും സ്റ്റോറി ചെയ്യാന്‍ അനുവാദം വേണമെന്നും പറഞ്ഞു. പറയാന്‍ താല്‍പ്പര്യമില്ലാ എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ ഏതു തരം ന്യൂസാണ് ചെയ്യാന്‍ പോകുന്നത് എന്ന് ഞങ്ങള്‍ക്കറിയാം എന്ന് പറഞ്ഞ് അവര്‍ ഫോണ്‍ കട്ടാക്കി.

മുളവുകാട് പഞ്ചായത്തിലെ ആശമാരുമായി സംസാരിക്കാന്‍ ചെന്നപ്പോഴും സമാനമായ അനുഭവം ഉണ്ടായി. മുളവുകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ ഉദ്യോഗസ്ഥ ആശമാരോട് പറഞ്ഞത് സര്‍ക്കാരിനെതിരെ ഒന്നും പറയരുത് എന്നാണ്. ഇതോടെ സംസാരിക്കാമെന്നേറ്റ ആശമാര്‍ പിന്മാറി. എന്നാല്‍ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ട്, പേരും മറ്റു വിവരങ്ങളും കൊടുക്കരുത് എന്ന് പറഞ്ഞ് ചില ആശമാര്‍ സംസാരിക്കാന്‍ തയ്യാറായി.

തൊഴില്‍ പദവി ഇല്ലാത്ത, അസംഘടിതരായ, ‘സേവനം’ മാത്രം ചെയ്യുന്ന ഒരു വിഭാഗം അവരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ അത് സര്‍ക്കാരിനെതിരെയാണ് എന്ന് ആരോഗ്യ ഉദ്യോഗസ്ഥയ്ക്കും നേതാവിനും ബോധ്യമുള്ളത് എന്തുകൊണ്ടാണെന്ന് വോക്ക് മലയാളവുമായി സംസാരിച്ച ഓരോ ആശയുടെയും വാക്കുകളില്‍ നിന്നും വായനക്കാര്‍ക്ക് മനസ്സിലാക്കാം. (തുടരും)

FAQs

ആരാണ് ആശാ വര്‍ക്കര്‍?

സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാ വര്‍ക്കര്‍ എന്ന പദവിയുടെ സ്ഥാപിത ലക്ഷ്യം

എന്താണ് അധ്വാനം?

ഒരു സമ്പദ്‌വ്യവസ്ഥയിൽ ചരക്കുകളും സേവനങ്ങളും ഉൽ‌പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പരിശ്രമത്തിന്റെ അളവാണ് അധ്വാനം എന്നുപറയുന്നത്. അസംസ്കൃത വസ്തുക്കളെ ഉൽപ്പന്നങ്ങളും സേവനവുമാക്കി മാറ്റുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യം, മനുഷ്യശക്തി എന്നിവ പ്രധാനം ചെയ്യുന്നതാണ് അധ്വാനം.

Quotes

എല്ലാ സമ്പത്തും അധ്വാനത്തിൻ്റെ ഉൽപ്പന്നമാണ് – ജോൺ ലോക്ക്

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.