Fri. Nov 22nd, 2024

ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സ്വതന്ത്രമായി മത്സരിക്കുമെന്നും സഖ്യം രൂപീകരിക്കുമെന്നുള്ള അപവാദങ്ങൾ നിരസിക്കുന്നുവെന്നും ബിഎസ്പി നേതാവ് മായാവതി.

“പൂർണമായ ശക്തിയോടെയും തയ്യാറെടുപ്പോടെയുമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി പോരാടുന്നത്. ഈ സാഹചര്യത്തിൽ ഒരു തിരഞ്ഞെടുപ്പ് സഖ്യമോ മൂന്നാം മുന്നണിയോ രൂപീകരിക്കുന്നതിനെ കുറിച്ച് പ്രചരിപ്പിക്കുന്നതെല്ലാം തെറ്റായ വാർത്തയാണ്” മായാവതി ട്വീറ്റ് ചെയ്തു.

ഇത്തരം തെറ്റായ വാർത്തകൾ നൽകി മാധ്യമങ്ങൾ വിശ്വാസ്യത നഷ്ടപ്പെടുത്തരുതെന്നും ജനങ്ങൾ ജാഗ്രതരാകണമെന്നും മായാവതി കൂട്ടിച്ചേർത്തു.

പ്രത്യേകിച്ച് യുപിയിൽ, ബിഎസ്പി ശക്തമായി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ പ്രതിപക്ഷം അസ്വസ്ഥരാണ്. അതുകൊണ്ടാണ് പലതരത്തിലുള്ള അപവാദങ്ങൾ ഓരോ ദിവസവും പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. ബഹുജൻ സമുദായത്തിൻ്റെ താൽപര്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിഎസ്പിയുടെ തീരുമാനമെന്നും മായാവതി കൂട്ടിച്ചേർത്തു.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ബിഎസ്പിക്ക് തിരിച്ചടി കിട്ടിയ സാഹചര്യത്തിലാണ് ഈ തീരുമാനം. പ്രത്യേകിച്ച് 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 403 സീറ്റിൽ ഒന്നിൽ മാത്രമാണ് ജയിച്ചത്.

2019 ൽ 80 സീറ്റിൽ 10 എണ്ണം പാർട്ടി നേടി. എന്നാൽ അത് സമാജ് വാദി പാർട്ടിയുടെ കൂടെയായിരുന്നു.

2019 ലെ പൊതുതിരഞ്ഞെടുപ്പിനും 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിൽ ബിസ്‌പിയുടെ 10% വോട്ട് വിഹിതം കുറഞ്ഞു.

പാർട്ടി 1993 ൽ സ്ഥാപിതമായത്തിനു ശേഷം വോട്ട് വിഹിതം 19 ശതമാനത്തിന് താഴേക്ക് പോയിട്ടില്ല. എന്നാൽ 2022 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ 12.8 ശതമാനമാണ് പാർട്ടിയുടെ വോട്ട് വിഹിതം.

ന്യൂനപക്ഷ പിന്തുണ നഷ്ടമായതും ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ആശങ്കകളുമെല്ലാം സമീപകാല തിരഞ്ഞെടുപ്പിൽ ബിസ്‌പിയുടെ വോട്ട് വിഹിതം കുറയുന്നതിന് കാരണമായിട്ടുണ്ട്.