Mon. Dec 23rd, 2024

ചെന്നൈ: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കാണാന്‍ ആളില്ലാത്തതിനാല്‍ മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കുകയായിരുന്നു. മെയ് 7 മുതല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തീയേറ്റര്‍ ഉടമകള്‍ സ്വമേധയാ നിര്‍ത്തിവെക്കുകയായിരുന്നെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീം കോടതിയില്‍ തമിഴ്നാട് പൊലീസ് എഡിജിപി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സിനിമ നിരോധിക്കാന്‍ വിസമ്മതിച്ച കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പശ്ചിമ ബംഗാളിലെ നിരോധത്തിനെതിരായ ഹര്‍ജി ബുധനാഴ്ച്ചയും പരിഗണിക്കും. സിനിമ നിരോധിച്ചതില്‍ ബംഗാള്‍ സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. ബംഗാളിന് പുറമെ തമിഴ്‌നാട്ടിലും അപ്രഖ്യാപിത വിലക്കുണ്ടെന്ന് സിനിമ നിര്‍മാതാക്കള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തമിഴ്‌നാട് സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം