Wed. Jan 15th, 2025

ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ഹർജിയില്‍ ഇടക്കാല ഉത്തരവില്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി.

സിനിമയുടെ ട്രെയ്ലറില്‍ ഏതെങ്കിലുമൊരു മതത്തെ കുറ്റകരമായി ചിത്രീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, മതവികാരം വ്രണപ്പെടുത്തുന്ന ഒന്നുമില്ലെന്ന് സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കിയിട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. കേരള സ്റ്റോറി ചരിത്രം പറയുന്ന സിനിമ അല്ലെന്നും വെറും കഥയാണെന്നുമായിരുന്നു ഹർജി പരിഗണിക്കവേ കോടതിയുടെ നിരീക്ഷണം. കേരളം മതേതരത്വം ഉയര്‍ത്തിക്കാട്ടുന്ന സംസ്ഥാനമാണെന്നും സിനിമ കാണാതെ വിമര്‍ശനമുന്നയിക്കണോ എന്നും കോടതി ചോദിച്ചിരുന്നു.

കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍: സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കലാസ്വാതന്ത്ര്യം ഉണ്ട് ട്രെയിലറില്‍ എതെങ്കിലും മതത്തെ ഇകഴ്ത്തിക്കാണിക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല, മതവികാരം വ്രണപ്പെടുത്തുന്ന ഒന്നുമില്ലെന്ന് സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കി ചരിത്രം പറയുന്ന സിനിമ അല്ല, വെറും കഥ നിര്‍മാല്യം ചിത്രം ഇറങ്ങിയിട്ട് ഇവിടെ ഒന്നും സംഭവിച്ചില്ല, ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിച്ച സിനിമ ഇറങ്ങിയിട്ടും ഒന്നും സംഭവിച്ചില്ല. മതേതരത്വം കേരളത്തിലെ ഓരോ ആളുകളുടെയും രക്തത്തിലുള്ള കാര്യമാണ്. ചിത്രത്തില്‍ ഐഎസിനെ കുറിച്ചാണ് പരാമര്‍ശം, ഇസ്ലാമിനെ കുറിച്ചല്ല

അതേസമയം, ചിത്രത്തിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കുമെന്ന് നിര്‍മാതാവ് അറിയിച്ചു. ചിത്രം സാങ്കല്‍പിക കഥയാണെന്ന് തുടക്കത്തില്‍ എഴുതിക്കാണിക്കുമെന്നും നിര്‍മാതാവ് കോടതിയില്‍ വ്യക്തമാക്കി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.